Saturday, November 27, 2010

പട്ടാപ്പകല്‍ വീടുകളില്‍ മോഷണം നടത്തുന്ന സംഘം അറസ്‌റ്റില്‍
നിലമ്പൂര്‍: കോഴിക്കോട്‌, മലപ്പുറം, വയനാട്‌ ജില്ലകള്‍ കേന്ദ്രീകരിച്ചു വീടുകളില്‍ പട്ടാപ്പകല്‍ മോഷണം നടത്തുന്ന സംഘത്തെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കുപ്രസിദ്ധ മോഷ്‌ടാവ്‌ വഴിക്കടവ്‌ മുണ്ടപ്പൊട്ടി കളത്തിങ്കല്‍ ബഷീര്‍ എന്ന മുണ്ടപ്പൊട്ടി ബഷീര്‍ (30), പിടികിട്ടാപ്പുള്ളിയായ തിരൂരങ്ങാടി മുന്നിയൂര്‍ ഓലപിലാക്കല്‍ ലത്തീഫ്‌ (42), ഫറോക്ക്‌ ചുങ്കം പാറക്കോട്ടുവീട്ടില്‍ അനില്‍കുമാര്‍ എന്ന അനി(27) എന്നിവരെയാണു നിലമ്പൂര്‍ എസ്‌.ഐ. സി അലവിയും സംഘവും ജ്യോതിപ്പടിയില്‍വച്ചു പിടികൂടിയത്‌. പ്രതികളില്‍നിന്നു 33 പവന്‍ സ്വര്‍ണം കണ്ടെടുത്തു.

ലത്തീഫിനെതിരെ നിരവധി അറസ്‌റ്റ് വാറന്റുകളുണ്ടെങ്കിലും ആദ്യമായാണു അറസ്‌റ്റിലാവുന്നത്‌. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണു പ്രതികള്‍ വലയിലായത്‌. സംഘം അമ്പതു പവനിലേറെ സ്വര്‍ണാഭരണങ്ങളും നിരവധി ആഡംബര കാറുകളും മോഷ്‌ടിച്ചിട്ടുണ്ടെന്നു പോലീസിനു മൊഴി നല്‍കി. ബഷീറാണ്‌ സംഘത്തിലെ പ്രധാനി. പകല്‍സമയങ്ങളില്‍ അടച്ചിട്ട വീടുകളില്‍ ഒറ്റക്കു വാതില്‍ പൊളിച്ചാണ്‌ ഇയാളുടെ മോഷണരീതി. മോഷ്‌ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഭാര്യാ സഹോദരി ഭര്‍ത്താവുകൂടിയായ ഒ.പി. ലത്തീഫും അനില്‍കുമാറും ചേര്‍ന്നാണ്‌ വില്‍ക്കുക.

ആഭരണങ്ങള്‍ മുക്കം, കോഴിക്കോട്‌, പന്തീരങ്കാവ്‌ എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ വില്‍ക്കുകയോ സ്വകാര്യ സ്‌ഥാപനങ്ങളില്‍ പണയംവെക്കുകയോ ചെയ്യും. ജനുവരിയില്‍ കല്‍പ്പറ്റ കൈനാട്ടിയിലെ ഡോ.രാജുവിന്റെ വീടിന്റെ വാതില്‍പൊളിച്ചു അകത്തു കടന്ന്‌ 26 പവനും മേയില്‍ കൊടുവള്ളി ഊര്‍ങ്ങാട്ടുകടവിലെ ഡോ. തെക്കിനിയകത്ത്‌ പ്രതീഷ്‌കുമാറിന്റെ വീട്ടില്‍ നിന്നു പത്തുപവനും സപ്‌തംബറില്‍ കുന്ദമംഗലം മാരിപുരത്ത്‌ അപ്പക്കാട്ടില്‍ അബൂബക്കറിന്റെ വീട്ടില്‍ നിന്നു 12 പവനും ബഷീര്‍ മോഷ്‌ടിച്ചിട്ടുണ്ട്‌. മറ്റൊരു വാക്കാടന്‍ ഹനീഫയുമൊന്നിച്ചു നടത്തിയ ആറു മോഷണകേസുകളില്‍ വളാഞ്ചേരി പോലീസ്‌ അറസ്‌റ്റുചെയ്‌ത ബഷീര്‍ ഒന്നര വര്‍ഷം മഞ്ചേരി സബ്‌ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും തടവുശിക്ഷയനുഭവിച്ചിട്ടുണ്ട്‌.

നിലമ്പൂര്‍, എടക്കര സ്‌റ്റേഷന്‍ പരിധികളില്‍ നടത്തിയ ആറു മോഷണകേസുകളിലും ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്‌.

2009 അവസാനത്തോടെ ജയില്‍മോചിതനായ ബഷീര്‍ ലത്തീഫിനെയും അനില്‍കുമാറിനെയുംസംഘത്തില്‍ ചേര്‍ക്കുകയായിരുന്നു. പണയസ്വര്‍ണമെടുത്ത്‌ മറിച്ചു വില്‍ക്കുന്ന സംഘങ്ങളുമായി ബന്ധപ്പെട്ടു സ്വര്‍ണമെടുത്ത്‌ മറിച്ചുവില്‍ക്കുകായിരുന്നു. നാലിലേറെ വിവാഹം കഴിച്ച ലത്തീഫും സഹായി അനില്‍കുമാറും നിരവധി വാഹനമോഷണകേസുകളിലെ പ്രതികളാണ്‌. കോഴിക്കോട്‌, മലപ്പുറം, വയനാട്‌ജില്ലകളില്‍ നിന്നായി നിരവധി കാറുകളും ഓട്ടോറിക്ഷകളും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്‌. തുഛമായ തുക അഡ്വാന്‍സ്‌ നല്‍കി വാഹനങ്ങള്‍ കച്ചവടം ഉറപ്പിച്ചശേഷം പൊളിമാര്‍ക്കറ്റുകളിലും രജിസ്‌ട്രേഷന്‍ മാറ്റിവില്‍ക്കുന്നവര്‍ക്കും നല്‍കുകയാണ്‌ പതിവ്‌. ഇതില്‍ മാരുതി സെന്‍ കാറും ഓട്ടോയും പോലീസ്‌ കണ്ടെടുത്തു.

പാവപ്പെട്ട വീടുകളിലെത്തി വിവാഹതട്ടിപ്പും ഇവര്‍ നടത്താറുണ്ടെന്നു ഇവര്‍ പോലീസിനു മൊഴി നല്‍കി. കോഴിക്കോട്‌, ഒറ്റപ്പാലം, പുല്‍പ്പറ്റ, ചങ്ങരംകുളം, പന്താവൂര്‍, കാടപ്പടി, കൊണ്ടോട്ടി, മലപ്പുറം, കോട്ടക്കല്‍, പട്ടാമ്പി, എടപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ ഇവര്‍ വാഹനം മോഷ്‌ടിച്ചത്‌. നിലമ്പൂര്‍ സിഐ എ.പി.ചന്ദ്രന്‍, എസ്‌ഐ സി. അലവി, സ്‌പെഷല്‍ സ്‌ക്വാഡ്‌ അംഗങ്ങളായ എഎസ്‌ഐ ദയാശീലന്‍, സി.പി. മുരളി, പി. മോഹന്‍ദാസ്‌, സി.പി. സന്തോഷ്‌, ശ്രീകുമാര്‍, ഇ. ജയപ്രകാശ്‌, എം.ശശികുമാര്‍, ടി. തോമസ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.
=======================================================

No comments:

Post a Comment