Sunday, November 28, 2010

സര്‍ക്കാര്‍ ജോലിക്ക്‌ പി.എസ്‌.സിയില്‍ രജിസ്‌റ്റര്‍ ചെയ്യണം
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി വേണ്ടവരെല്ലാം ഇനി പി.എസ്‌.സിയുടെ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നത്‌ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ നിര്‍ബന്ധമാക്കുന്നു. ഒഴിവുകളെക്കുറിച്ച്‌ അറിയിക്കാനും അപേക്ഷ നല്‍കാനും സ്വന്തം അപേക്ഷയുടെ നില പരിശോധിക്കാനും പറ്റിയ തരത്തിലാണ്‌ പി.എസ്‌.സി. സ്വന്തം വെബ്‌സൈറ്റില്‍ ഉദ്യോഗാര്‍ഥികള്‍ക്ക്‌ പങ്കാളിത്തം നല്‍കുന്നത്‌.

ഈ പ്രയോജനം ലഭിക്കണമെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്‌ത് പി.എസ്‌.സി. നല്‍കുന്ന പാസ്‌വേഡ്‌ നേടണം. ഇതുപയോഗിച്ച്‌ സൈറ്റില്‍ കയറി അപേക്ഷ നല്‍കാനും അപേക്ഷയുടെ നില പരിശോധിക്കാനും കഴിയും. സൈറ്റില്‍ നുഴഞ്ഞുകയറി അപേക്ഷകള്‍ നശിപ്പിക്കുന്നതു തടയാനും പാസ്‌വേഡ്‌ സംവിധാനം ഉതകും.

അപേക്ഷ നല്‍കുന്നതും ഹാള്‍ടിക്കറ്റ്‌ വിതരണവും പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിനെ തുടര്‍ന്നാണു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്‌. ഇതു സംബന്ധിച്ച പ്രാഥമിക പഠനവും ചര്‍ച്ചകളും പൂര്‍ത്തിയായി. നാലു മാസത്തിനുള്ളില്‍ ഇതു നിര്‍ബന്ധമാക്കും. ഉദ്യോഗാര്‍ഥി ഒരിക്കല്‍ മാത്രം വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി. ലഭിക്കുന്ന പാസ്‌വേഡ്‌ ഉപയോഗിച്ച്‌ പിന്നീട്‌ ഉദ്യോഗാര്‍ഥികള്‍ക്ക്‌ പി.എസ്‌.സി. സൈറ്റില്‍ ലോഗ്‌ ഇന്‍ ചെയ്യാം. ഉദ്യോഗാര്‍ഥിയുടെ പേര്‌, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യുമ്പോള്‍ നല്‍കണം. ഇതിനു ശേഷം പി.എസ്‌.സി. ഏതെങ്കിലും തസ്‌തികയിലേക്ക്‌ വിജ്‌ഞാപനം ക്ഷണിക്കുകയാണെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്കു പാസ്‌വേഡ്‌ ഉപയോഗിച്ച്‌ പി.എസ്‌.സി. സൈറ്റില്‍ കയറി അപേക്ഷിക്കാന്‍ കഴിയും.

തന്റെ അപേക്ഷയുടെ നില, ഹാള്‍ടിക്കറ്റ്‌ ലഭ്യമാണോ തുടങ്ങി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാനും ഉദ്യോഗാര്‍ഥികള്‍ക്ക്‌ അവസരം ലഭിക്കും.

നിലവില്‍ അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ ഹാള്‍ടിക്കറ്റ്‌ ലഭിക്കുമ്പോള്‍ മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂവെന്ന്‌ ഉദ്യോഗാര്‍ഥിക്ക്‌ ഉറപ്പിക്കാന്‍ കഴിയൂ. ഹാള്‍ടിക്കറ്റ്‌ ലഭിക്കാതെവരുമ്പോള്‍ നടത്തുന്ന അന്വേഷണത്തിലാണ്‌ അപേക്ഷ നഷ്‌ടപ്പെട്ട വിവരവും അറിയുന്നത്‌. എന്നാല്‍ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന സമ്പ്രദായം നിലവില്‍ വരുന്നതോടെ ഓരോ ഉദ്യോഗാര്‍ഥിക്കും തന്റെ അപേക്ഷയുടെ നില ഓരോ ഘട്ടത്തിലും മനസിലാക്കാന്‍ കഴിയും. വകുപ്പുതല പരീക്ഷകള്‍ക്ക്‌ സൈറ്റ്‌ രജിസ്‌ട്രേഷന്‍ സംവിധാനം നിര്‍ബന്ധമാക്കി. ഓഗസ്‌റ്റ് 14നു പി.എസ്‌.സി. ചെയര്‍മാന്‍ കെ.വി. സലാഹുദ്ദീനാണ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌.

പരീക്ഷണാടിസ്‌ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയമാണെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കുമായി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്‌. പുതിയ സമ്പ്രദായം നിലവില്‍വന്നതോടെ പി.എസ്‌.സിയുടെ സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ഥിക്ക്‌ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയില്ല. ബിവറേജസ്‌ കോര്‍പ്പറേഷന്‍ എല്‍.ഡി. ക്ലര്‍ക്ക്‌ തസ്‌തികയ്‌ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച നിരവധി ഉദ്യോഗാര്‍ഥികളുടെ അപേക്ഷ പി.എസ്‌.സി. വെബ്‌സൈറ്റില്‍നിന്നു കാണാതായിരുന്നു.

സൈറ്റില്‍ ആരോ നുഴഞ്ഞുകയറി അപേക്ഷകള്‍ നശിപ്പിച്ചതായാണു സൂചന. അതിനാല്‍ ഇവര്‍ക്കാര്‍ക്കും ഹാള്‍ടിക്കറ്റ്‌ നല്‍കാന്‍ പി.എസ്‌.സിക്ക്‌ കഴിഞ്ഞില്ല. പരാതി വ്യാപകമായതോടെ ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ സൈബര്‍സെല്ലിനെ ഏല്‍പ്പിച്ചിരിക്കുകയാണ്‌. കോ-ബാങ്ക്‌ ടവറിലുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ ഡേറ്റാ കളക്ഷന്‍ സെന്ററിലാണ്‌ പി.എസ്‌.സിയുടെ സെര്‍വര്‍. സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടമുള്ള ഇവടെ അതീവ സുരക്ഷയാണുള്ളത്‌. ഡേറ്റാ കളക്ഷന്‍ സെന്ററില്‍നിന്നു സൈറ്റ്‌ ഹാക്ക്‌ (അപഹരിക്കപ്പെടാന്‍) ചെയ്യാന്‍ ഇടയില്ലെന്ന പ്രാഥമിക നിഗമനത്തിലാണ്‌ പി.എസ്‌.സി. അപേക്ഷ അപ്രത്യക്ഷമായതിനേത്തുടര്‍ന്നു പരീക്ഷ എഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ എന്തു നടപടിയെടുക്കുമെന്നതിനെക്കുറിച്ച്‌ പി.എസ്‌.സിക്കു വ്യക്‌തതയില്ല. അപേക്ഷയുടെ പ്രിന്റൗട്ടുമായി പരാതി നല്‍കിയവരെപ്പോലും പരീക്ഷ എഴുതാന്‍ പി.എസ്‌.സി. അനുവദിച്ചില്ല. ഹാള്‍ടിക്കറ്റ്‌ ലഭിക്കാതിരുന്ന നൂറു കണക്കിന്‌ ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ അപേക്ഷ അയച്ചതിലുള്ള പിശക്‌ കാരണമാണ്‌ ഹാള്‍ടിക്കറ്റ്‌ ലഭിക്കാത്തതെന്ന്‌ കരുതിയിരിക്കുകയാണ്‌.

ഹൈടെക്‌ സെല്ലിന്റെ അന്വേഷണത്തിന്‌ ശേഷം ഇവരെ തസ്‌തികയിലേക്ക്‌ പരിഗണിക്കുമോയെന്ന കാര്യത്തിലും ഉറപ്പില്ല. ഹാള്‍ടിക്കറ്റ്‌ ലഭിച്ചില്ലെന്നു പരാതി നല്‍കിയിട്ടുള്ളവരില്‍ ആരെങ്കിലും പി. എസ്‌.സിക്കെതിരേ കോടതിയെ സമീപിച്ചാല്‍ ബിവറേജസ്‌ കോര്‍പ്പറേഷന്‍ എല്‍.ഡി ക്ലാര്‍ക്ക്‌ നിയമനം പ്രതിസന്ധിയിലാകുമെന്ന്‌ ഉറപ്പാണ്‌.  -വി.എ. ഗിരീഷ്‌  (mangalam)

===========================================

No comments:

Post a Comment