| സ്‌കൂളിലും അധ്യാപകരാകാന്‍ പരീക്ഷ വേണം: കമ്മിഷന്‍ |
| തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപക നിയമനത്തിന് അടുത്ത വര്‍ഷം മുതല്‍ യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തണമെന്ന് ലിഡാ ജേക്കബ് കമ്മിഷന്‍ കരടു റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്‌തു. നിലവിലുള്ള അധ്യാപകരും രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷ പാസാകണം. സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റിന്റെ ( സെറ്റ്)മാതൃകയില്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്‌റ്റ് (റ്റെറ്റ്)നടത്തണമെന്നാണു ശിപാര്‍ശ. ഇന്നലെ ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗത്തില്‍ കമ്മിഷന്‍ അധ്യക്ഷ ലിഡാ ജേക്കബ് കരട് ശിപാര്‍ശ അവതരിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ നിയമവുമായി ബന്ധപ്പെട്ട രൂപരേഖ തയാറാക്കാനാണ് സര്‍ക്കാര്‍ ലിഡാ ജേക്കബ് കമ്മിഷനെ നിയമിച്ചത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷനും ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനാണ് യോഗ്യതാപരീക്ഷ നടത്താന്‍ ശിപാര്‍ശ. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ ഏജന്‍സിയെ നിയോഗിക്കണം. പുതിയതായി നിയമനം നേടുന്നവര്‍ യോഗ്യതാ പരീക്ഷ പാസാകണമെന്നതിനെ സ്വാഗതം ചെയ്‌ത അധ്യാപക സംഘടനകള്‍ നിലവിലുള്ള അധ്യാപകര്‍ പരീക്ഷ പാസാകണമെന്ന നിര്‍ദേശത്തെ എതിര്‍ത്തു. നിലവിലുള്ള അധ്യാപകരുടെ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പരിശീലനമാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മതിയെന്നും ഇവര്‍ വ്യക്‌തമാക്കി. ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് എട്ടുവരെ ക്ലാസുകളിലേക്ക് അപേക്ഷിക്കാം. അധ്യാപക-വിദ്യാര്‍ഥി അനുപാതം സംസ്‌ഥാനത്ത് നിലവിലുള്ള രീതിയില്‍ നിശ്‌ചയിക്കണമെന്നാണ് മറ്റൊരു ശിപാര്‍ശ. ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്ന രീതിയിലായിരിക്കണം അനുപാതം. ഒരു ക്ലാസിനെ ഒരു യൂണിറ്റായി പരിഗണിച്ചാകണം അനുപാതം നിശ്‌ചയിക്കേണ്ടത്. ഒരു ക്ലാസില്‍ 60 വിദ്യാര്‍ഥികളുണ്ടെങ്കില്‍ രണ്ട് അധ്യാപകരും 60നും 90 നും ഇടയിലാണെങ്കില്‍ മൂന്ന് അധ്യാപകരും 90 നും 120 നും ഇടയില്‍ വിദ്യാര്‍ഥികളുണ്ടെങ്കില്‍ നാല് അധ്യാപകരും ഉണ്ടാകണം. 120നും 150 നും ഇടയില്‍ അഞ്ച് അധ്യാപകരുണ്ടാകണം. 150നു മുകളില്‍ അഞ്ച് അധ്യാപകരും ഒരു ഹെഡ്‌മാസ്‌റ്ററും വേണം. സയന്‍സ്, കണക്ക്, സോഷ്യല്‍ സ്‌റ്റഡീസ്, ഭാഷാ വിഷയങ്ങള്‍ എന്നിവയ്‌ക്ക് ഒരു ക്ലാസില്‍ ഒരു അധ്യാപകന്‍ വീതമുണ്ടാകണം. നിലവില്‍ എല്‍.പി, യു.പി. വിഭാഗങ്ങളില്‍ പഠിപ്പിക്കുന്ന ഭാഷകള്‍ തുടര്‍ന്നും പഠിപ്പിക്കണം. ഈ വിഷയങ്ങളുടെ പീരിയഡുകളുടെ എണ്ണം നിലവിലുള്ളതുപോലെ തുടരണം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം രണ്ടു വര്‍ഷത്തിനകം ആറു വയസാക്കണം. ഇതിനുള്ളില്‍ കുറഞ്ഞ പ്രായപരിധിയില്‍ ആറു മാസത്തെ ഇളവനുവദിക്കാന്‍ അതതു ഹെഡ്‌മാസ്‌റ്റര്‍മാര്‍ക്ക് അധികാരമുണ്ട്. അണ്‍എയ്‌ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന 25 ശതമാനം വിദ്യാര്‍ഥികളുടെ ചെലവ് സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്‌ഥ. ഇതു കേരളത്തില്‍ നടപ്പാക്കുന്നത് ദോഷം ചെയ്യും. വിദ്യാര്‍ഥിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളില്ലെങ്കില്‍ അണ്‍എയ്‌ഡഡ് സ്‌കൂളിലെ 25 ശതമാനം കുട്ടികളുടെ ചെലവു സര്‍ക്കാര്‍ വഹിക്കണം. ഇതു സര്‍ക്കാര്‍ നിശ്‌ചയിക്കുന്ന നിരക്കിലായിരിക്കും. അല്ലാതെ അണ്‍എയ്‌ഡഡ് സ്‌കൂളിലെ ഫീസ് അനുസരിച്ചായിരിക്കില്ല. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുണ്ടെങ്കില്‍ കുട്ടി ആ സ്‌കൂളുകളില്‍ പഠിക്കണം. ഇതു മറികടന്ന് അണ്‍എയ്‌ഡഡ് സ്‌കൂളുകളില്‍ പഠിച്ചാല്‍ ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകള്‍ ഇല്ലാത്തിടത്ത് കുട്ടികളുടെ കണക്കെടുത്ത ശേഷം സര്‍ക്കാരോ തദ്ദേശസ്‌ഥാപനങ്ങളോ പുതിയ സ്‌കൂളുകള്‍ തുടങ്ങണം. ഹെഡ്‌മാസ്‌റ്റര്‍മാരായി നിയമിതരാകുന്നവര്‍ക്ക് 12 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കാനുള്ള കഴിവുണ്ടാകണം. കെ.ഇ.ആറിലും മറ്റും നിര്‍ദ്ദേശിച്ചിട്ടുള്ള വകുപ്പുതല പരീക്ഷകള്‍ പാസാകണം. ഓരോ മാസവും സ്‌കൂളിലെ അധ്യാപനം വിലയിരുത്തണം. അതത് പ്രദേശത്തെ തദ്ദേശഭരണ സ്‌ഥാപനങ്ങള്‍ വീടുവീടാന്തരമുള്ള സര്‍വേ നടത്തിയ ശേഷം കുട്ടികളുടെ വിശദമായ കണക്കു തയാറാക്കണം. ജാതി, മതം, വര്‍ഗം, ലിംഗ വിവേചനങ്ങള്‍ സ്‌കൂളുകളിലുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഓരോ വിദ്യാര്‍ഥിക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പരും ബയോമെട്രിക് തിരിച്ചറിയല്‍ രേഖകളും നല്‍കണം. അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സഹായത്തോടെ വിദ്യാര്‍ഥികളെ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് നല്‍കണം. പുതിയതായി തുടങ്ങുന്ന അണ്‍എയ്‌ഡഡ് സ്‌കൂളുകള്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സുമായി അഫിലിയേറ്റ് ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. ലാഭത്തിനു വേണ്ടി ഇത്തരം സ്‌കൂളുകള്‍ നടത്താന്‍ പാടില്ല. കെ.ഇ.ആറിലെ വ്യവസ്‌ഥകള്‍ പാലിക്കണം. മലയാളം നിര്‍ബന്ധമായും ഈ സ്‌കൂളില്‍ പഠിപ്പിച്ചിരിക്കണം. ഈ വ്യവസ്‌ഥകള്‍ പാലിച്ചാല്‍ മാത്രമേ പുതിയ അണ്‍എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാവൂ എന്നും റിപ്പോര്‍ട്ട് ശിപാര്‍ ചെയ്യുന്നു. ഇതിനായി ജില്ലാ തലത്തില്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ അധ്യക്ഷനായി കമ്മിറ്റി രൂപീകരിക്കണം. നിലവില്‍ അംഗീകാരമില്ലാത്ത അണ്‍എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കര്‍ശനമായ വ്യവസ്‌ഥകളാണ് റിപ്പോര്‍ട്ടിലുള്ളത്. സ്‌കൂളിന്റെ വിദ്യാഭ്യാസപരമായ ആവശ്യകത ബോധ്യപ്പെടുത്തണം. അംഗീകൃത ഏജന്‍സിയെക്കൊണ്ട് സ്‌കൂള്‍ മാപ്പിംഗ് നടത്തി വിദ്യാഭ്യാസ ആവശ്യകത സംബന്ധിച്ച് എ.ഇ.ഒ സര്‍ട്ടിഫിക്കറ്റ് നല്‍കണം. കരിക്കുലം കാലാനുസൃതമായി പരിഷ്‌കരിക്കണം. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സംസ്‌ഥാനതല ഉപദേശക സമിതി രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ======================================================== "സ്‌കൂള്‍ അധ്യാപക നിയമനത്തിന് അടുത്ത വര്‍ഷം മുതല്‍ യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തണമെന്ന് ലിഡാ ജേക്കബ് കമ്മിഷന്‍ കരടു റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്‌തു. " പൌരന്‍: അപ്പോള്‍ ടി ടി സി , ബി എഡ് മുതലായ പരിശീലനങ്ങളും പരീക്ഷകളും വെറും ചടങ്ങുകള്‍ മാത്രമോ? നമുക്ക് നമ്മുടെ നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്ണ്ണവും ചെലവേറിയതും ആക്കാം ? വേണമെങ്കില്‍ അവയുടെ നിലവാരം ഉയര്‍ത്തുകയും പരിഷ്ക്കരിക്കുകയും പോരെ സര്‍ക്കാര്‍ നടിപടിക്രമങ്ങള്‍ ലഘൂകരിക്കുക. അനാവശ്യമായ ബുദ്ധിമുട്ടുകളില്‍ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കുക. =========================================== |
Thursday, November 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment