Saturday, November 27, 2010

ബുദ്ധിമാന്ദ്യമുള്ള യുവതിയെ കബളിപ്പിച്ച്‌

ബുദ്ധിമാന്ദ്യമുള്ള യുവതിയെ കബളിപ്പിച്ച്‌ വായ്‌പ; സ്‌ഥലം ജപ്‌തി ഭീഷണിയില്‍
പാലാ: തിരുവനന്തപുരത്ത്‌ ബുദ്ധിമാന്ദ്യമുള്ള യുവതിയെ കബളിപ്പിച്ച്‌ ബന്ധുവായ കെ.എസ്‌.ആര്‍.ടി.സി. കണ്ടക്‌ടര്‍ ബാങ്ക്‌ വായ്‌പയെടുത്തു. വായ്‌പാ തുക തിരിച്ചടയ്‌ക്കാത്തതിനെ തുടര്‍ന്ന്‌ യുവതിയുടെ സ്‌ഥലവും കിടപ്പാടവും ജപ്‌തി ചെയ്യാന്‍ ബാങ്ക്‌ ഒരുങ്ങുന്നു.
ഇതുസംബന്ധിച്ച്‌ യുവതി ബന്ധുക്കളുടെ സഹായത്തോടെ വനിതാ കമ്മീഷനു നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം തുടങ്ങി. തിരുവനന്തപുരം നെയ്യാറ്റിന്‍കര, മഞ്ചവിളാകം, തത്തിയൂര്‍ കുന്നന്‍വിള വീട്ടില്‍ രമണി സാമുവലാണ്‌ കെ.എസ്‌.ആര്‍.ടി.സി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്‌ടറായിരുന്ന ബന്ധു കോട്ടയ്‌ക്കല്‍ പാലിയോട്‌ എ.വി. ഭവനില്‍ കെ. വിജയനെതിരെ വനിതാ കമ്മീഷന്‌ പരാതി നല്‍കിയിരിക്കുന്നത്‌.

രമണിയും ഭര്‍ത്താവ്‌ സാമുവലും രണ്ടു കുട്ടികളുമായി താമസിച്ചിരുന്ന വീട്ടില്‍ സഹായത്തിനായാണ്‌ സാമുവലിന്റെ ബന്ധുകൂടിയായ വിജയന്‍ എത്തിയത്‌.

ഇവരെ കബളിപ്പിച്ച്‌ വിജയന്‍ ഇവരുടെ മുപ്പത്തിയാറ്‌ സെന്റ്‌ സ്‌ഥലവും വീടും ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ അരുവിപ്പുറം ശാഖയില്‍ ഈടുവച്ച്‌ 2006-ല്‍ 1,26,000 രൂപ വായ്‌പയെടുത്തെന്നും ബാങ്കില്‍ തന്നെ എത്തിച്ച്‌ ഒപ്പിടുവിച്ച്‌ വാങ്ങിയ തുക തങ്ങള്‍ക്ക്‌ നല്‍കിയില്ലെന്നുമാണ്‌ രമണിയുടെ പരാതിയില്‍ പറയുന്നത്‌.

തങ്ങള്‍ അറിയാതെ പ്രോനോട്ട്‌, എഗ്രിമെന്റ്‌ വൗച്ചര്‍ എന്നിവയും ബാങ്കില്‍ ഹാജരാക്കിയിരുന്നതായും രമണി പരാതിയില്‍ പറയുന്നു. താന്‍ അറിയാതെ ബാങ്കിന്റെ അക്കൗണ്ട്‌ തുടങ്ങിയെങ്കിലും പാസ്‌ ബുക്ക്‌ ഇതേവരെ കണ്ടിട്ടില്ല.

ഭര്‍ത്താവ്‌ സാമുവല്‍ മരിച്ചശേഷം തന്റെ പേരില്‍ നെയ്യാറ്റിന്‍കര കാനറാ ബാങ്കില്‍നിന്ന്‌ വീണ്ടും വായ്‌പയെടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ ബാങ്കില്‍ അമ്പതിനായിരം രൂപയുടെ ബാധ്യതയായിട്ടുണ്ടെന്നും രമണി പരാതിയില്‍ പറയുന്നു. തന്റെയും മരിച്ചുപോയ ഭര്‍ത്താവിന്റെയും പേരുപയോഗിച്ചും ആധാരത്തിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ചുമാണ്‌ തട്ടിപ്പ്‌ നടത്തിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ബുദ്ധിമാന്ദ്യമുള്ള രമണി തിരുവനന്തപുരത്ത്‌ എല്‍.എം.എസ്‌. കോമ്പൗണ്ടിലും 12 വയസുള്ള മകള്‍ ആനാട്‌ കൃപാലയത്തിലും ബുദ്ധിമാന്ദ്യമുള്ള ഒമ്പത്‌ വയസുകാരന്‍ മകന്‍ കണ്ണമൂല ആനന്ദാശ്രമത്തിലുമാണ്‌ ഇപ്പോള്‍ കഴിയുന്നത്‌. ---- ജി. അരുണ്‍  (mangalam)

=================================================

No comments:

Post a Comment