| പഴയ ഒളിപ്പോരാളി ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റ് | ||
99% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിനേതാവായ ദില്‍മ 55.6% വോട്ട് നേടി. എതിര്‍ സ്‌ഥാനാര്‍ഥിയായ ജോസ് സെറയ്‌ക്ക് 44.4% വോട്ടു നേടാനേ കഴിഞ്ഞുള്ളു. മുന്‍ പ്രസിഡന്റ് ലൂലാ ഡാ സില്‍വയുടെ പൂര്‍ണ പിന്തുണയോടെയാണു റൂസഫ് മത്സരിച്ചത്. 2011 ജനുവരി ഒന്നിന് ദില്‍മ ബ്രസീലിന്റെ പ്രഥമ വനിതാ പ്രസിഡന്റായി സ്‌ഥാനമേല്‍ക്കും. ബ്രസീലിനെ ഏകാധിപത്യത്തില്‍നിന്നു മോചിപ്പിച്ച സായുധ വിപ്ലവ സംഘടനകളില്‍ നിര്‍ണായകമായ സ്‌ഥാനം വഹിച്ചയാളാണു ദില്‍മ. രാജ്യത്തു ജനാധിപത്യം സ്‌ഥാപിക്കാനുള്ള പോരാട്ടത്തിനിടയില്‍ ജയില്‍ശിക്ഷ അനുഭവിച്ച അവര്‍ ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. അര്‍ബുദത്തിന്റെ പിടിയില്‍നിന്നു മോചനം നേടിയ അവര്‍ ലുല ഭരണകൂടത്തില്‍ ഊര്‍ജമന്ത്രിയായും പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്‌റ്റാഫായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. മാര്‍ക്‌സിസത്തില്‍നിന്നു പ്രായോഗികമായ മുതലാളിത്ത വ്യവസ്‌ഥയിലേക്കു മനോഭാവം മാറ്റിയെടുക്കാന്‍ ഈ കാലയളവില്‍ റൂസഫിനു കഴിഞ്ഞു. ബല്‍ജിയംകാരനായ അഭിഭാഷകനായിരുന്നു റൂസഫിന്റെ പിതാവ്. ബ്രസീലുകാരിയായ മാതാവ് അധ്യാപികയായിരുന്നു. 14-ാം വയസില്‍ പിതാവ് മരിച്ചശേഷം അമ്മയാണു വളര്‍ത്തിയത്. 1967-ല്‍ 19-ാം വയസില്‍ സാമ്പത്തികശാസ്‌ത്ര വിദ്യാര്‍ഥിയായിരിക്കെ എകാധിപത്യഭരണത്തിനെതിരേയുള്ള പോരാട്ടങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മൂന്നുവര്‍ഷം ഒളിപ്പോരാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അവര്‍ സംഘാംഗങ്ങള്‍ക്കു കമ്യൂണിസത്തെക്കുറിച്ചുള്ള ക്ലാസുകള്‍ എടുക്കുകയും ആശയപ്രചരണത്തിനായുള്ള രഹസ്യപ്രസിദ്ധീകരണങ്ങളില്‍ നിരന്തരം എഴുതുകയും ചെയ്‌തു. അക്രമങ്ങള്‍ക്ക് എതിരായിരുന്നെന്നും ഒരിക്കല്‍പ്പോലും സായുധപ്പോരാട്ടങ്ങളില്‍ പങ്കാളിയായിട്ടില്ലെന്നുമാണ് റൂസഫിന്റെ അവകാശവാദം. 1970-ല്‍ ബ്രസീലിയന്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത അവര്‍ ജയിലില്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയായി. ജയില്‍മോചിതയായ ശേഷം 1973-ല്‍ തെക്കല്‍ ബ്രസീലിലേക്കുപോയ ദില്‍മ അവിടെവച്ചാണു തീവ്രവാദിയായ കാര്‍ലോസ് അറോജയെ പരിചയപ്പെടുന്നത്. അവര്‍ പിന്നീടു വിവാഹിതരായി. ഈ കാലയളവില്‍ സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദം നേടുകയും ഒരു പെണ്‍കുട്ടിയുടെ അമ്മയാകുകയും ചെയ്‌തു. ബ്രസീലിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ സ്വാധീനം കുറഞ്ഞതോടെ രാഷ്‌ട്രീയത്തില്‍ സജീവമായി. 2003-ല്‍ ലുല ഭരണകൂടം ആദ്യമായി അധികാരമേറ്റപ്പോള്‍ ഊര്‍ജമന്ത്രിയായ അവര്‍ 2005-ാണു പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്‌റ്റാഫായി നിയമിതയായത്. ഒളിപ്പോരാളികള്‍ക്കിടയിലെ 'ജൊവാന്‍ ഓഫ് ആര്‍ക്' എന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് വിചാരണയ്‌ക്കിടെ റൂസഫിനെ പ്രോസിക്യൂട്ടര്‍ വിശേഷിപ്പിച്ചത്. (mangalam) ====================================================== | ||
Monday, November 1, 2010
പഴയ ഒളിപ്പോരാളി
Subscribe to:
Post Comments (Atom)
No comments:
Post a Comment