Saturday, November 27, 2010

സി.പി.എമ്മിനെതിരെ ബംഗാളില്‍ പുതിയ മുന്നണി
Posted on: 28 Nov 2010

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്നതിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യമതേതര ജനാധിപത്യമുന്നണി (യു.എസ്.ഡി.എഫ്.) രൂപവത്കരിച്ചു. മുന്നണി നിലവില്‍ വന്നതായി കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം പ്രസിഡന്‍റ് മാനസ്ഭുയ്യ വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു. രാഭാര്‍ഹാട്ട് ഭൂമിതര്‍ക്കത്തെച്ചൊല്ലി കോണ്‍ഗ്രസ്-തൃണമൂല്‍ ബന്ധം വഷളായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഈ നീക്കത്തിന് ഒരുങ്ങിയത്.

സി.പി.എമ്മില്‍നിന്നും അകന്ന സമീര്‍ പുത്തട്ടുണ്ട്, ശൈഫുദ്ദീന്‍ ചൗധരി എന്നിവരുടെ നേതൃത്വത്തിലുള്ള പി.ഡി.എസ്, സിദ്ധിക്കുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള പി.ഡി.സി.ഐ. കക്ഷികളാണ് കോണ്‍ഗ്രസിനു പുറമെ പുതിയ മുന്നണിയിലുള്ളത്. മറ്റു പല ചെറിയ പാര്‍ട്ടികളും തങ്ങളെ സമീപിച്ചിട്ടുണ്ടെന്് മാനസ്ഭുയ്യ പറഞ്ഞു. ഫോര്‍വേഡ്‌ബ്ലോക്കില്‍നിന്നും വിട്ടുപോയ 'ജനവാദി ഫോര്‍വേഡ്‌ബ്ലോക്ക്' മുന്നണിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുവരെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചവരാണ് പി.ഡി.എസും പി.ഡി.സി.ഐ.യും. പിന്നീടവര്‍ മമതയുമായി തെറ്റിപ്പിരിഞ്ഞു. സി.പി.എമ്മിനെതിരായ സമരം ശക്തിപ്പെടുത്താനാണ് തങ്ങള്‍ ഈ മുന്നണിക്ക് രൂപം കൊടുത്തതെന്ന് ഭുയ്യ പറഞ്ഞു. 

ഇത് തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ മുന്നണിയല്ലെന്നും മറിച്ച് അവരെക്കൂടി ഉള്‍പ്പെടുത്തി ഇടതുവിരുദ്ധ സഖ്യം ബംഗാളില്‍ ശക്തിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കൂടുതല്‍ സീറ്റുകള്‍ക്ക് വിലപേശാനാണ് ചെറിയ കക്ഷികളെ കോണ്‍ഗ്രസ് കൂടെ കൂട്ടിയിരി ക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

====================================================================

No comments:

Post a Comment