Thursday, November 4, 2010


പാമ്പാടി ടൗണില്‍ കടകുത്തിത്തുറന്ന്‌ മോഷണശ്രമം: പോലീസുകാരനെ തട്ടിവീഴ്‌ത്തി രക്ഷപ്പെടാനുള്ള ശ്രമവും വിഫലമായി
==================================================================
കോട്ടയം: പാമ്പാടി ടൗണ്‍ മധ്യത്തില്‍ കാളച്ചന്തയില്‍ കടകുത്തിത്തുറന്ന്‌ മോഷണശ്രമം നടത്തിയ രണ്ടു തമിഴ്‌നാട്‌ സ്വദേശികളെ പോലീസ്‌ സാഹസികമായി കീഴടക്കി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസുകാരനെ ഇടിച്ചുവീഴ്‌ത്തിയെങ്കിലും ഇവര്‍ പോലീസ്‌ കെണിയില്‍ വീണു.

ഇന്നു പുലര്‍ച്ചെ രണ്ടിനാണ്‌ സംഭവം. കാളച്ചന്തയില്‍ സി.പി.എം. ഓഫീസിനോടു ചേര്‍ന്നിരിക്കുന്ന ചേന്നാട്ടുമറ്റം റബര്‍ കടയിലാണ്‌ മോഷണശ്രമം നടന്നത്‌. പാര്‍ട്ടി ഓഫീസിനും കടയ്‌ക്കും ഇടയിലുള്ള ഇടനാഴിയില്‍ നിന്ന്‌ ഭിത്തി തുരന്നാണ്‌ മോഷ്‌ടാക്കള്‍ അകത്തുകയറിയത്‌. രാത്രി പത്തോടെയാണ്‌ മോഷ്‌ടാക്കള്‍ ഭിത്തി തുരക്കാന്‍ ശ്രമം ആരംഭിച്ചത്‌. കടയ്‌ക്കുള്ളില്‍ കയറിയ മോഷ്‌ടാക്കള്‍ സേഫുകള്‍ കുത്തിത്തുറന്ന്‌ അരിച്ചുപെറുക്കിയെങ്കിലും പണം ഒന്നും കിട്ടിയില്ല. ഇതിനിടെ റബര്‍ കടയ്‌ക്ക് എതിര്‍വശത്തുള്ള തട്ടുകടയിലെ ജീവനക്കാര്‍ കടയില്‍ നിന്നു വെളിച്ചം കണ്ട്‌ വിവരം കടയുടമയെ അറിയിച്ചു. ഉടമയെത്തി ഷട്ടര്‍ തുറന്നപ്പോള്‍ റബര്‍ കടത്താന്‍ ശ്രമിക്കുന്നതാണ്‌ കണ്ടത്‌. പിടിക്കാന്‍ ഓടിയടുത്തെങ്കിലും ഭിത്തിയില്‍ തീര്‍ത്ത ദ്വാരത്തിലൂടി ഇവര്‍ രക്ഷപ്പട്ടു. വിവരം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ പാമ്പാടി സി.ഐ, എസ്‌.ഐ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തി തെരച്ചില്‍ നടത്തുന്നതിടെ ഒരാളെ കണ്ടെത്തിയെങ്കിലും ഇയാള്‍ ഒരു പോലീസുകാരനെ തട്ടിവീഴ്‌ത്തി ഓടി,

പക്ഷേ എത്തിയത്‌ എസ്‌.ഐയുടെ കൈകളിലാണ്‌. ഇതിനിടെ  മറ്റയാള്‍ വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആലാംപള്ളിയില്‍ പുലര്‍ച്ചെ ഇയാളെയും പിടികൂടിയതായാണു സൂചന. വന്‍ മോഷണസംഘത്തിലെ കണ്ണികളാണ്‌ പോലീസ്‌ വലയിലായിരിക്കുന്നതത്രെ. രണ്ടു വര്‍ഷം മുമ്പ്‌, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാമ്പാടി ഭാഗങ്ങളില്‍ വീടുകളിലും കടകളിലും മോഷണം നടത്തിയിരുന്ന തമിഴ്‌നാട്‌ സംഘങ്ങളെ പോലീസ്‌ പിടികൂടിയിരുന്നു.ഇതിനു ശേഷം വീണ്ടും തമിഴ്‌ മോഷ്‌ടാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്‌ ജനങ്ങളെ ഭയവിഹ്വലാക്കിയിരിക്കുകയാണ്‌. (mangalam)
================================================================

No comments:

Post a Comment