Thursday, November 4, 2010

സിറിഞ്ചുകളില്‍ എയ്‌ഡ്സ്‌ രക്‌തം നിറച്ച്‌ കുത്തുന്ന സംഘം സംസ്‌ഥാനത്ത്‌: 
ക്രൂരതയ്‌ക്കിരയായ കോളജ്‌ വിദ്യാര്‍ഥിയെ കാണാനില്ല
-mangalam
കോട്ടയം: സിറിഞ്ചുകളില്‍ എച്ച്‌.ഐ.വി. രക്‌തം നിറച്ച്‌ രോഗമില്ലാത്തവരുടെ ദേഹത്തു കുത്തിവച്ച്‌ എയ്‌ഡ്സ്‌ രോഗം പടര്‍ത്തുന്ന സംഘം സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന തായി സൂചന. കഴിഞ്ഞ ദിവസം ഇവരുടെ ക്രൂരതയ്‌ക്കിരയായ കോളജ്‌ വിദ്യാര്‍ഥിയെ കാണാതായതോടെയാണു സംഭവത്തെക്കുറിച്ച്‌ സൂചന ലഭിക്കുന്നത്‌.

എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ്‌ ഇതിനു പിന്നിലെന്നാണ്‌ പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി യിരിക്കുന്നത്‌.

എറണാകുളം എലവൂര്‍ സ്വദേശിയായ കോളജ്‌ വിദ്യാര്‍ഥിയെ കാണാതായതിനു കാരണം ഈ ക്രൂരതയ്‌ക്ക് വിധേയനായതാണെന്നു കരുതുന്നു. കഴിഞ്ഞ ദിവസം ക്ലാസ്‌ കഴിഞ്ഞു വരുന്ന വഴി എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്കു പോകുന്ന വഴിയാണ്‌ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ സിറിഞ്ചിലുളള രക്‌തം വിദ്യാര്‍ഥിയുടെ ദേഹത്ത്‌ കുത്തിവച്ചത്‌. ഇതിനു ശേഷം, 'താങ്കള്‍ക്ക്‌ എയ്‌ഡ്സ്‌ ഗ്രൂപ്പിലേക്ക്‌ സ്വാഗതം' എന്ന കുറിപ്പു നല്‍കിയശേഷം പാഞ്ഞു പോകുകയായിരുന്നത്രേ. ഭയന്നുപോയ വിദ്യാര്‍ഥി സംഭവം മാതാപിതാക്കളെ വിളിച്ചു പറഞ്ഞു. വിദ്യാര്‍ഥിയോട്‌ ഉടന്‍ വീട്ടിലെത്താന്‍ ഇവര്‍ നിര്‍ദേശിച്ചുവെങ്കിലും രാത്രിയായിട്ടും വീട്ടിലെത്തിയില്ല. വീട്ടുകാര്‍ ബന്ധുക്കളുടെ വീടുകളിലെല്ലാം അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

ഇതേ തുടര്‍ന്ന്‌ മകനെ കാണാതായതായി കാണിച്ച്‌ പരാതി നല്‍കിയിട്ടുണ്ടെങ്കിലും മകന്റെ ദേഹത്ത്‌ അജ്‌ഞാതരായ യുവാക്കള്‍ രക്‌തം കുത്തിവച്ച കാര്യം പുറത്തുപറയാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

മകനെ എയ്‌ഡ്സ്‌ രോഗിയായി മറ്റുളളവര്‍ ചിത്രീകരിക്കുന്നതു ഭയന്നാണ്‌ സംഭവം രഹസ്യമായി വച്ചിരിക്കുന്നത്‌. പലര്‍ക്കും തീയേറ്ററുകളിലും, ട്രെയിനുകളിലും ഇതേ അനുഭവം ഉണ്ടായിട്ടുള്ളതായി പ്രചാരമുണ്ട്‌. സംഭവം ആസുത്രിതമാണോയെന്നും പോലീസ്‌ സംശയിക്കുന്നുണ്ട്‌. ആളുകളെ വെറുതെ കബളിപ്പിക്കാന്‍ ഒരു സംഘംചെയ്യുന്ന തമാശക്കളിയാണോയെന്നും പോലീസിനു സംശയമുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതേ രീതില്‍ സിറിഞ്ചിലൂടെ രക്‌തം കുത്തിവച്ച്‌ ആളുകളില്‍ എയ്‌ഡ്സ്‌ പകര്‍ത്താന്‍ ശ്രമിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ സംഭവം വ്യാജമാണെന്നു തെളിഞ്ഞിരുന്നു.

മയക്കു മരുന്നിനടിമപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാരാണ്‌ അന്ന്‌ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ കണ്ടെത്തിയിരുന്നു. എന്നാല്‍ എയ്‌ഡ്സ്‌ രോഗികളില്‍ പലരും രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളും, പരാതികളും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഏറ്റുമാനൂരില്‍ ഒരു എയ്‌ഡ്സ്‌ രോഗി ഷാപ്പില്‍ എത്തി തന്റെ കൈമുറിച്ച ശേഷം രക്‌തം കളളില്‍ പകര്‍ത്താന്‍ ശ്രമിച്ചത്‌ വാര്‍ത്തയായിരുന്നു.

കുട്ടികളുടെ കൈ കടിച്ചു മുറിച്ചുവരെ രോഗം പടര്‍ത്താന്‍ ശ്രമിച്ചതോടെ ആളുകള്‍ ഇയാളെ പിടിച്ച്‌ കെട്ടിയിടുകയായിരുന്നു.

മറ്റു പല സ്‌ഥലങ്ങളിലും ഈ രീതിയിലുളള സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കൊച്ചിയില്‍ നിശാസുന്ദരികള്‍ക്കിടയില്‍ രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നതായി ഇടയ്‌ക്കു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെയൊക്കെ അടിസ്‌ഥാനത്തില്‍ സംഭവം തളളിക്കളയാനും പോലീസ്‌ തയ്യാറായിട്ടില്ല. ആളുകളില്‍ പരിഭ്രമം ഉണ്ടാകാതിരിക്കാന്‍ സംഭവം പോലീസ്‌ പുറത്തുവിടാതെ രഹസ്യമായാണ്‌ അന്വേഷണം.
(mangalam)

No comments:

Post a Comment