Thursday, November 25, 2010

ചിത ഒരുങ്ങിയപ്പോള്‍ 'പരേതന്‍' തിരിച്ചെത്തി !
കൊച്ചി: ആളുമാറി മൃതദേഹം സംസ്‌കരിക്കാനൊരുങ്ങവേ ബന്ധുക്കളേയും നാട്ടുകാരേയും അമ്പരിപ്പിച്ചു 'പരേതന്‍' തിരിച്ചെത്തി.

മുളന്തുരുത്തി തുപ്പുംപടി ആണ്ടിക്കുളത്ത്‌ അണ്ണാമലയില്‍ വിജയ(50)ന്റേതെന്നു തെറ്റിദ്ധരിച്ച്‌ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന്‌ മറ്റൊരാളുടെ മൃതദേഹമാണു ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാനൊരുങ്ങിയത്‌. ബുധനാഴ്‌ചയാണു സംഭവം.

ആക്രിക്കച്ചവടക്കാരനായ വിജയനെ കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണു മുളന്തുരുത്തി സ്വദേശിയെന്നു കരുതുന്നയാളുടെ മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നതായി അറിഞ്ഞത്‌.

പോലീസില്‍ അറിയിച്ചശേഷം മൃതദേഹം തിരിച്ചറിയുന്നതിനായി ആശുപത്രിയിലെത്തിയ വിജയന്റെ മൂത്തമകനും സുഹൃത്തുക്കള്‍ക്കുമാണ്‌ അബദ്ധം പിണഞ്ഞത്‌. മൃതദേഹം പിതാവിന്റേതെന്നു തെറ്റിദ്ധരിച്ച മകന്‍ ഉടന്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി വിട്ടുകിട്ടാന്‍ ശ്രമം തുടങ്ങി. ഈ സമയം തുപ്പുംപടിയിലുള്ള വീട്ടില്‍ ബന്ധുക്കള്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പന്തലിട്ട്‌ ബന്ധുക്കളെയെല്ലാം വിളിച്ചുവരുത്തി. ആശുപത്രിയിലെത്തിയ ഇളയമകനാണ്‌ ആളുമാറിയതായി സംശയം പ്രകടിപ്പിച്ചത്‌. തുടര്‍ന്ന്‌ പോസ്‌റ്റുമോര്‍ട്ടവും സംസ്‌കാരച്ചടങ്ങും അടുത്തദിവസത്തേക്കു മാറ്റി. ബുധനാഴ്‌ച രാത്രി ഏഴുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയ 'പരേത'നെ കണ്ട്‌ ദുഃഖാര്‍ത്തരായ ബന്ധുക്കളും നാട്ടുകാരും ഞെട്ടി...വിജയനും.

ആക്രിക്കച്ചവടത്തിനായി തിങ്കളാഴ്‌ച തൂത്തുക്കുടിയിലേക്കു പുറപ്പെടാനൊരുങ്ങിയ വിജയന്‍ യാത്ര ഉപേക്ഷിച്ചു രണ്ടുദിവസത്തിനു ശേഷം മടങ്ങുകയായിരുന്നു.

തിരുനെല്‍വേലി സ്വദേശിയായ വിജയനും കുടുംബവും മൂന്നുവര്‍ഷം മുമ്പാണ്‌ തുപ്പുംപടിയില്‍ സ്‌ഥിരതാമസമാക്കിയത്‌. ലക്ഷ്‌മിയാണ്‌ ഭാര്യ. ഓട്ടോഡ്രൈവര്‍മാരായ മഹീന്ദ്രന്‍, മഹേഷ്‌, സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ മനീഷ എന്നിവരാണ്‌ മക്കള്‍. മാറിപ്പോയ മൃതദേഹം ഇപ്പോഴും എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.  (mangalam)
======================================================

No comments:

Post a Comment