Thursday, November 25, 2010

ഭീകരന്‍ ഷബീര്‍ മുംബൈയില്‍ അറസ്‌റ്റില്‍
തൃശൂര്‍: ലഷ്‌കറെ തോയ്‌ബ ഇന്ത്യയില്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിലെ കണ്ണി, കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മലയാളി ഭീകരന്‍ ഷബീര്‍ മുംബൈയിലെത്തിയതു രാജ്യത്തു വന്‍ സ്‌ഫോടനം ലക്ഷ്യമിട്ടെന്നു സൂചന.

മുംബൈ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്നു രാജ്യത്തു മറ്റൊരു ഭീകരാക്രമണത്തിനു തീവ്രവാദികള്‍ പദ്ധതിയിട്ടിട്ടുള്ളതായുള്ള ഇന്റലിജന്‍സ്‌ മുന്നറിയിപ്പുകള്‍ക്കിടയിലാണ്‌ ഇയാള്‍ മുംബൈയില്‍ അറസ്‌റ്റിലായത്‌. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയായിരുന്ന ഷബീര്‍ ഏറെക്കാലമായി ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഇ.കെ. നായനാര്‍ വധശ്രമക്കേസിലും പൂക്കാട്ടുശേരി റഹിം വധശ്രമക്കേസിലും പ്രതിപ്പട്ടികയിലുള്ള ഷബീറിന്റെ അറസ്‌റ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്‌. കാശ്‌മീരില്‍ മലയാളി യുവാക്കള്‍ വെടിയേറ്റു മരിച്ചതുള്‍പ്പെടെ എന്‍.ഐ.എയും വിവിധ സംസ്‌ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡുകളും അന്വേഷിക്കുന്ന നിരവധി തീവ്രവാദക്കേസുകളിലെ പ്രതിയായ മലയാളി ഭീകരന്‍ കണ്ണൂര്‍ സ്വദേശി കെ.പി. സബീറിന്റെ സഹോദരനാണ്‌ ഇയാള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗ്ലാദേശ്‌ അതിര്‍ത്തിയില്‍നിന്ന്‌ അറസ്‌റ്റിലായ സബീര്‍ ഇപ്പോള്‍ ജയിലിലാണ്‌.

2002 ഡിസംബര്‍ 29ന്‌ കോയമ്പത്തൂരിലെ തമിഴ്‌നാട്‌ സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ സ്‌റ്റാന്‍ഡിലും കോയമ്പത്തൂര്‍ പ്രസ്‌ ക്ലബ്ബിനു മുന്നിലും മൂന്നു പെട്രോള്‍ ബോംബുകള്‍ വച്ചതു തടിയന്റവിട നസീറും സഹോദരന്മാരായ സബീറും ഷബീറും ചേര്‍ന്നാണെന്നു തമിഴ്‌നാട്‌ പോലീസിന്റെ കേസ്‌ ഡയറിയില്‍ പറയുന്നു.

സൗദി അറേബ്യയില്‍നിന്നു ബുധനാഴ്‌ച മുംബൈയില്‍ വിമാനമിറങ്ങിയ ഷബീറിനെ ഇന്റര്‍പോള്‍ നല്‍കിയ സൂചനയനുസരിച്ച്‌ എയര്‍പോര്‍ട്ട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ഷബീറിനെ പിടികൂടാന്‍ തമിഴ്‌നാട്‌ പോലീസ്‌ നേരത്തേ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.

ഷബീറിനെ കസ്‌റ്റഡിയില്‍ ഏറ്റുവാങ്ങിയ തമിഴ്‌നാട്‌ ക്യൂബ്രാഞ്ച്‌ പോലീസ്‌ രഹസ്യകേന്ദ്രത്തില്‍ ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്‌. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞിരുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയെ വിട്ടയയ്‌ക്കാത്ത തമിഴ്‌നാട്‌ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ ബസ്‌ സ്‌റ്റാന്‍ഡിലും പ്രസ്‌ ക്ലബ്ബിനു മുന്നിലും ബോംബ്‌ വച്ചതെന്നു പത്രം ഓഫീസുകളിലും പോലീസ്‌ സ്‌റ്റേഷനിലും വിളിച്ചറിയിച്ചതു ഷബീറാണെന്നു തമിഴ്‌നാട്‌ ക്യൂബ്രാഞ്ച്‌ പോലീസ്‌ സ്‌ഥിരീകരിച്ചിരുന്നു.

1998 ഫെബ്രുവരി 14ന്‌ കോയമ്പത്തൂരില്‍ നടന്ന സ്‌ഫോടന പരമ്പരയിലും ഷബീറിനു പങ്കുണ്ടെന്നു തമിഴ്‌നാട്‌ പോലീസ്‌ കരുതുന്നു.

ബി.ജെ.പി. നേതാവ്‌ എല്‍.കെ. അദ്വാനി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോയമ്പത്തൂരിലെത്തുന്ന ദിവസമാണ്‌ സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്‌തിരുന്നത്‌. 12 സ്‌ഥലങ്ങളിലായി നടന്ന ബോംബ്‌ സ്‌ഫോടനങ്ങളില്‍ 58 പേര്‍ മരിക്കുകയും 200 ലേറെ പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
-ജോയ്‌ എം. മണ്ണൂര്‍ (mangalam)
=======================================================

No comments:

Post a Comment