Friday, November 26, 2010

ശബരി റെയില്‍പ്പാതയുടെ നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം
ഇടുക്കി: ശബരി റെയില്‍പ്പാതയുടെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തുന്നു. റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ചീഫ്‌ എന്‍ജിനീയര്‍ ജയകുമാറാണ്‌ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്‌.

ഒന്നര പതിറ്റാണ്ടു മുമ്പു രൂപകല്‍പ്പന ചെയ്‌ത പദ്ധതിയുടെ പണി തുടങ്ങിയതു രണ്ടു വര്‍ഷം മുമ്പാണ്‌. ആറു കിലോമീറ്ററില്‍ പാലം നിര്‍മാണം ഉള്‍പ്പെടെ ത്വരിതഗതിയില്‍ നടക്കുമ്പോഴാണ്‌ ഒരു സംഘടനയുടെ വക്കീല്‍ നോട്ടീസിനെത്തുടര്‍ന്നു നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

മൂവാറ്റുപുഴ എക്‌സിക്യൂട്ടിവ്‌ എന്‍ജിനീയറുടെ ഓഫീസ്‌ പരിധിയിലാണ്‌ നിര്‍മാണം നടന്നിരുന്നത്‌. അങ്കമാലി, നെടുമ്പാശേരി, മറ്റൂര്‍ വില്ലേജുകളില്‍ സ്‌ഥലം ഏറ്റെടുത്തു. മൂവാറ്റുപുഴ,പെരുമ്പാവൂര്‍ താലൂക്കുകളിലെ 12 വില്ലേജുകളിലും ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകാറായി.

സ്‌ഥല ഉടമകള്‍ക്കു കൊടുക്കാന്‍ 28 കോടി രൂപ റെയില്‍വേ, എറണാകുളം ജില്ലാ കലക്‌ടര്‍ക്കു കൈമാറിയിട്ടുണ്ട്‌. ഈ വില്ലേജുകളിലെ നിര്‍മാണത്തിനു നടപടിയായപ്പോഴാണു നിരാശപ്പെടുത്തുന്ന നടപടിയുണ്ടാത്‌. പദ്ധതി വിരുദ്ധരുടെ അട്ടിമറി നീക്കത്തിനു ഗുണകരമാവുന്നത്‌ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ സഹകരണമില്ലായ്‌മായാണ്‌.

പരിസ്‌ഥിതിപ്രശ്‌നം ഒഴിവാക്കാന്‍ അഴുത വരെ വിഭാവനം ചെയ്‌ത പാത എരുമേലിയില്‍ വെട്ടിക്കുറച്ചിരുന്നു.

പാത വരുന്നത്‌ പരിസ്‌ഥിതിക്കു ആഘാതമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി ഒരു സംഘടന ഹൈക്കാടതിയെ സമീപിച്ചിരുന്നു. കേരള ഫോറസ്‌റ്റ് റിസര്‍ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിനെക്കൊണ്ടു പഠനം നടത്തുകയും ചെയ്‌തു. സര്‍ക്കാരോ റെയില്‍വേയോ അറിയാതെയായിരുന്നു ഇത്‌. ഈ റിപ്പോര്‍ട്ട്‌ കോടതില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന്‌ കോടതി മൂന്നു മാസത്തിനകം ഇക്കാര്യം പരിശോധിക്കാന്‍ പരിസ്‌ഥിതി മന്ത്രാലയത്തോടും റെയില്‍വേ ബോര്‍ഡിനോടും ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ പരിസ്‌ഥിതി മന്ത്രാലയം മൗനം പാലിക്കുകയാണ്‌്. 540 കോടി രൂപ ചെലവാകുമെന്നു പ്രതീക്ഷിച്ച പദ്ധതി പൂര്‍ത്തിയാക്കാന്‍ 1280 കോടി വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്‌. ഇതിനിടെ തൊടുപുഴയില്‍നിന്നു മേലുകാവു വഴി ഈരാറ്റുപേട്ടയിലേക്കു പാത തിരിച്ചുവിടാനും നീക്കം സജീവമാണ്‌. നിലവില്‍ പാലാ വഴിയാണു പാത കടന്നുപോകേണ്ടത്‌. ..-സ്‌റ്റീഫന്‍ അരീക്കര
==================================

No comments:

Post a Comment