റസ്സല്‍ ബ്രാന്‍ഡ്-കാറ്റി പെറി വിവാഹം വിവാദത്തില്‍
Posted on: 28 Nov 2010
ജയ്പൂര്‍: ഹോളിവുഡ്താരങ്ങളായ റസ്സല്‍ ബ്രാന്‍ഡ്-കാറ്റി പെറി വിവാഹചടങ്ങില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുവെന്ന പരാതി തള്ളിയ കീഴ്‌ക്കോടതി നടപടി പുനഃ പരിശോധിക്കാന്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 23 ന് ജയ്പൂരിലെ വന്യമൃഗസംരക്ഷണ കേന്ദ്രത്തിനുള്ളിലെ ആഢംബര റിസോര്‍ട്ടില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹചടങ്ങുകള്‍ നടന്നത്.
അപ്പീല്‍ വീണ്ടും പരിഗണനയ്‌ക്കെടുക്കണമെന്ന് ജഡ്ജ് അരുണ്‍കുമാര്‍ ഗുപ്ത കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസിനോടും നിര്‍ദേശിച്ചു. മദ്യപാനം, പുകവലി, നൃത്തപരിപാടികള്‍, വാഹനങ്ങള്‍ പാര്‍ക്കിനുള്ളില്‍ പ്രവേശിപ്പിക്കല്‍ തുടങ്ങിയവയാണ് ഇവിടെ നടന്നതെന്നും ഇത് കര്‍ശനമായി വിലക്കിയിട്ടുള്ള പ്രദേശമാണ് ഇതെന്നും പരാതിയില്‍ പറയുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനുണ്ടായെന്നും അവര്‍ നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചു. രാജ്യത്തെ പ്രമുഖ കടുവ സംരക്ഷണ കേന്ദ്രമായ ജയ്പൂരിലെ രംത്തബോര്‍ നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍ വരുന്ന പ്രദേശത്തെ അമന്‍ ഖാസ് എന്ന ഒരു ആഢംബര റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. വിവാഹമോതിരം കൈമാറുന്ന ചടങ്ങാണ് ഇവിടെ നടത്തിയത്. പിറ്റേദിവസം ഇവര്‍ ഇന്ത്യ വിടുകയും ചെയ്തു. കോടതി ഉത്തരവ് അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു
====================================================================.
No comments:
Post a Comment