Saturday, November 6, 2010

ബണ്ടി പാണ്ഡെയെ കുടുക്കിയത് 'സുഗന്ധദ്രവ്യ' വില്‌പനക്കാരന്‍

Posted on: 06 Nov 2010
======================================================
മുംബൈ: അധോലോക നായകന്‍ ബണ്ടി പാണ്ഡെയെ മുംബൈ പോലീസ് കുരുക്കിയെടുത്തത് അതിവിദഗ്ധമായാണ്. പാണ്ഡെ കുറെക്കാലമായി വിയറ്റ്‌നാമിലുണ്ടെന്ന് പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈ വിട്ട ഇയാള്‍ ഇപ്പോള്‍ ഏത് രൂപത്തിലായിരിക്കുമെന്ന് കണ്ടുപിടിക്കുക പ്രയാസമുള്ളതായിരുന്നുവെന്ന് പോലീസ്‌വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈസ്റ്റ്‌വെസ്റ്റ് എയര്‍ലൈന്‍സ് മേധാവി തക്കിയുദീന്‍ വാഹീദിനെ കൊലപ്പെടുത്തിയ ബണ്ടി പിന്നീട് നാലുവര്‍ഷമേ ഇവിടെയുണ്ടായിരുന്നുള്ളൂ. പിന്നീട് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തായിരുന്നു താവളം. മാസങ്ങള്‍ക്കുമുമ്പ് നഗരത്തിലേക്ക് വന്ന ചില ഫോണ്‍ വിളികളാണ് പാണ്ഡെ വിയറ്റ്‌നാമില്‍ ഏത് ഭാഗത്താണുള്ളതെന്ന് മനസ്സിലാക്കാന്‍ പോലീസിനെ സഹായിച്ചത്. പക്ഷേ, ആ സ്ഥലത്ത് എത്തി ബണ്ടിയെ പിടികൂടുക അത്ര എളുപ്പമുള്ള കാര്യമല്ല. 

ബണ്ടിയുടെ ആളുകള്‍ ചിലപ്പോള്‍ മുംബൈ പോലീസിനെ തിരിച്ചറിയാനുമിടയുണ്ട്. തുടര്‍ന്ന് പോലീസ് സുഗന്ധദ്രവ്യ വ്യാപാരിയുടെ വേഷം കെട്ടിച്ച് ഒരാളെ ബണ്ടി പാണ്ഡെ താമസിക്കുന്ന സ്ഥലത്തിനടുത്തായിത്തന്നെ താമസിപ്പിച്ച് ഇയാളിലൂടെ ബണ്ടിയെ തിരിച്ചറിയുകയും നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയുകയും ചെയ്തു. ഈ സുഗന്ധദ്രവ്യ വ്യാപാരി ഇതിനിടയില്‍ എടുത്ത ബണ്ടിയുടെ ഫോട്ടോകള്‍ മുംബൈയില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള സഹായികള്‍ തിരിച്ചറിഞ്ഞു. പിന്നീട് ഇത് ഇന്‍റര്‍പോളിന് കൈമാറി. ഇതോടെ അവരുടെ പണി എളുപ്പമായി. ബുധനാഴ്ച ഡല്‍ഹി വിമാനത്താവളത്തിലെത്തി മുംബൈ പോലീസ് ബണ്ടിയെ കസ്റ്റഡിയിലെടുത്തു.

============================================

No comments:

Post a Comment