Saturday, December 18, 2010

മൂന്നുലക്ഷവും 20 പവനും കവര്‍ന്നെന്ന്‌

മൂന്നുലക്ഷവും 20 പവനും കവര്‍ന്നെന്ന്‌ പരാതി; ദുരൂഹതയെന്നു പോലീസ്‌
കോട്ടയം: ചിങ്ങവനത്ത്‌ വന്‍ കവര്‍ച്ചയെന്ന്‌ പരാതി, പരാതിയില്‍ സംശയമെന്ന്‌ പോലീസ്‌. ചിങ്ങവനം കുറിച്ചി കാലായിപ്പടിക്കല്‍ വാടകയ്‌ക്കു താമസിക്കുന്ന തമിഴ്‌നാട്‌ സ്വദേശിയായ ആക്രിക്കച്ചവടക്കാരന്റെ വീട്ടില്‍ നിന്ന്‌ മൂന്നു ലക്ഷം രൂപയും 20 പവനും കവര്‍ന്നുവെന്നാണ്‌ പരാതി.

കവര്‍ച്ച സംബന്ധിച്ച്‌ ആക്രിക്കച്ചവടക്കാരന്‍ മാരിമുത്തു (46) ചിങ്ങവനം പോലീസില്‍ ഇന്നു പുലര്‍ച്ചെ പരാതി നല്‍കി. എന്നാല്‍, പരാതി പൂര്‍ണമായി വിശ്വസിക്കാന്‍ പോലീസില്‍ തയാറായിട്ടില്ല, മാത്രമല്ല ദുരൂഹതയുള്ളതായും പോലീസ്‌ പറയുന്നു.

ഇന്നലെ രാത്രി പതിനൊന്നിനും പുലര്‍ച്ചെ 1.30നും ഇടയില്‍ മോഷണം നടന്നതായാണ്‌ പരാതിയില്‍ പറയുന്നത്‌. വ്യാപാര ആവശ്യങ്ങള്‍ക്കു സൂക്ഷിച്ചിരുന്ന പണമാണ്‌ മോഷ്‌ടിക്കപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍, പരാതിയില്‍ ദുരൂഹതയുണ്ടെന്ന്‌ പോലീസ്‌ പറയുന്നു. അടച്ചുറപ്പില്ലാത്ത വാടകവീട്ടിലാണ്‌ മാരിമുത്തു താമസിക്കുന്നത്‌. മാത്രമല്ല, സംഭവം നടന്നുവെന്നു പറയുന്ന സമയം വീട്ടില്‍ അഞ്ച്‌ പുരുഷന്‍മാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ വീട്ടിലുണ്ടായിരുന്നു. ഇവരാരും മോഷണവിവരം അറിഞ്ഞില്ലത്രേ. മാത്രമല്ല, റോഡരികിലാണ്‌ ഇവര്‍ താമസിക്കുന്ന വീട്‌. മോഷണം നടന്നതിന്റേതായ പ്രാഥമിക ലക്ഷണങ്ങളൊന്നു ഇവിടെ കാണാനില്ലെന്നതും ദുരൂഹതയുണര്‍ത്തുന്നു. ചിങ്ങവനം എസ്‌.ഐ. ഷാജഹാന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
=====================================================

No comments:

Post a Comment