Tuesday, December 7, 2010

കൊടുമണ്‍ സ്വദേശിയായ യുവാവ്‌ മാഹി അഴിമുഖത്ത്‌ മരിച്ച നിലയില്‍
കൊടുമണ്‍: പെയിന്റിംഗ്‌ ജോലിക്ക്‌ പോയ യുവാവിനെ മാഹി അഴിമുഖത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുമണ്‍ കിഴക്ക്‌ കുളത്തിനാല്‍ വടക്കേക്കര കൊച്ചുകുഞ്ഞ്‌- തങ്കമ്മ ദമ്പതികളുടെ മകന്‍ ജോണ്‍സണെയാണ്‌ (26) മുങ്ങിമരിച്ച നിലയില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെ കണ്ടെത്തിയത്‌.

ഒരുമാസം മുമ്പാണ്‌ കൊടുമണ്‍ കല്ലുംമുകളില്‍ രാമചന്ദ്രനോടൊപ്പം ഏഴ്‌ യുവാക്കള്‍ മാഹിക്കുപോയത്‌. മാഹി ബാലാസ്‌ ലോഡ്‌ജിന്റെ പെയിന്റിംഗ്‌ ജോലികള്‍ നടത്തിവരുകയായിരുന്നു ഇവര്‍. ഞായറാഴ്‌ച രാവിലെ കൂടെയുളള അഞ്ചുപേര്‍ പറശിനികടവ്‌ മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക്‌ ദര്‍ശനത്തിനായിപോയി. ഇതോടെ ലോഡ്‌ജിനോടുചേര്‍ന്നുളള മുറിയില്‍ ജോണ്‍സണും സുഹൃത്ത്‌ കൊടുമണ്‍ സ്വദേശിയായ വിനീഷും തനിച്ചായി. ഉച്ച ഊണിനുശേഷം ഇരുവരും കിടന്നുറങ്ങി.

വൈകിട്ട്‌ 3.30-ന്‌ പറശിനികടവില്‍നിന്നും മടങ്ങിവന്ന സുഹൃത്തുക്കള്‍ വിനീഷിനെ ഉണര്‍ത്തിയശേഷം ജോണ്‍സണെ തിരക്കിയപ്പോഴാണ്‌ അയാള്‍ പുറത്തുപോയ വിവരം വ്യക്‌തമായത്‌. വൈകുന്നേരമായിട്ടും ജോണ്‍സണ്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന്‌ പോലീസില്‍ പരാതിപ്പെട്ടു. ഇന്നലെ രാവിലെയോടെയാണ്‌ അഴിമുഖത്ത്‌ മൃതദേഹം കണ്ടെത്തിയത്‌.

സംഭവത്തെപ്പറ്റി പിന്നീട്‌ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ജോണ്‍സണ്‍ തൃശൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കൊപ്പം അഴിമുഖത്ത്‌ കുളിക്കാന്‍ ഇറങ്ങിയതായും നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട്‌ കാണാതാകുകയായിരുന്നുവെന്നും വിവരം ലഭിച്ചു. കൂടെയുളള രണ്ടുപേരെ മത്സ്യബന്ധനത്തിലേര്‍പ്പെട്ട തൊഴിലാളികളാണത്രെ രക്ഷപെടുത്തിയത്‌. രക്ഷപ്പെട്ടവര്‍ ഇപ്പോള്‍ മാഹി പോലീസിന്റെ നിരീക്ഷണ ത്തിലാണ്‌. ജോണ്‍സന്റെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. വിവരമറിഞ്ഞ്‌ മാതാപിതാക്കളും ബന്ധുക്കളും മാഹിയിലേക്ക്‌ തിരിച്ചിട്ടുണ്ട്‌. ജോളി, ബെന്‍സി, ജോബി എന്നിവര്‍ സഹോദരങ്ങളാണ്‌.
=======================================================

No comments:

Post a Comment