| തട്ടിപ്പില്‍ 'ഡോക്‌ടറേറ്റ്' |
| കൊച്ചി: ആലപ്പുഴയില്‍ അറസ്‌റ്റിലായ വിവാഹത്തട്ടിപ്പുവീരന്‍ ഒല്ലൂര്‍ എരിഞ്ഞേരി മാഗീസ് ഡെയിലില്‍ തോംസണ്‍ (56) സകലതട്ടിപ്പിലും 'പിഎച്ച്.ഡി' എടുത്തയാള്‍. അതിശയോക്‌തി കലര്‍ന്ന തട്ടുപൊളിപ്പന്‍ സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണു തോംസന്റെ ജീവിതം. സകല തട്ടിപ്പിനുമിടെ അടിച്ചുപൊളിക്കാന്‍ 10 ലക്ഷം ദിര്‍ഹമിന്റെ ലോട്ടറിയുമായി ഭാഗ്യദേവതയും ഇയാളില്‍ കനിഞ്ഞു! പാലായില്‍ തോംസണ്‍ അധ്യാപികയെ പെണ്ണുകാണാനെത്തിയതു വാടകയ്‌ക്കെടുത്ത അപ്പനും അമ്മയുമായി. ഇയാളുടെ പിതാവ് 1985-ല്‍ മരിച്ചതാണ്. വിശ്വാസ്യതയ്‌ക്കായാണു വ്യാജമാതാപിതാക്കളുമൊത്തു പെണ്ണുകാണാന്‍ ചെന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 'ഒറിജിനല്‍' ഭാര്യ മാഗി സ്‌ഥിരനിക്ഷേപമായി ഇട്ടിരുന്ന 25,000 രൂപ തട്ടിയെടുക്കാന്‍ 'വ്യാജഭാര്യ'യും യഥാര്‍ഥ മാതാവുമൊത്താണു തോംസണ്‍ ബാങ്കില്‍ ചെന്നത്. എന്നാല്‍, മാനേജര്‍ക്കു സംശയം തോന്നിയതിനാല്‍ പണം പിന്‍വലിക്കാനായില്ല. തോംസന്റെ പിതാവിനു സൗത്ത് ഇന്ത്യന്‍ ബാങ്കിലായിരുന്നു ജോലി. ജോലിയിലിരിക്കേ മരിച്ചതിനാല്‍ ബാങ്ക് നല്‍കിയ ഒരുലക്ഷം രൂപ അമ്മയുടെ പേരില്‍ നിക്ഷേപിച്ചിരിക്കുകയായിരുന്നു. ഈ തുക തോംസണ്‍ വ്യാജഒപ്പിട്ടു തട്ടിയെടുത്തത്രേ. തോംസണ്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ക്ലര്‍ക്കായിരുന്നു. ഒന്നരയേക്കര്‍ കുടുംബസ്വത്തില്‍നിന്നു വീടും 20 സെന്റും അനുജനും അമ്മയ്‌ക്കുമായി നല്‍കി. ബാക്കി സ്‌ഥലം തോംസണ്‍ സ്വന്തമാക്കി. ഭാര്യ മാഗിക്കു തൃശൂരിലും കുട്ടനെല്ലൂരിലും നെഹ്‌റുനഗറിലുമെല്ലാം ബ്യൂട്ടിപാര്‍ലറുകള്‍ ഉണ്ടായിരുന്നു. തോംസണാകട്ടെ സൂര്യ ഫൈനാന്‍സിയേഴ്‌സ്, സൂര്യ സൂപ്പര്‍മാര്‍ക്കറ്റ് എന്നിങ്ങനെ പലവിധ ബിസിനസും. ഇതോടെ ബാങ്കുകാര്‍ ഇയാളെ മുംബൈയിലേക്കു സ്‌ഥലംമാറ്റി. വാക്‌ചാതുരിയാല്‍ സ്‌ത്രീകളെ വശീകരിച്ചിരുന്ന ഇയാള്‍ മയക്കുമരുന്നും ഉപയോഗിക്കുമായിരുന്നത്രേ. മുംബൈയിലെ ജോലി രാജിവച്ച തോംസണും ഭാര്യയുമായി പിണങ്ങി. ഇതേത്തുടര്‍ന്ന് ബ്യൂട്ടിപാര്‍ലറുകള്‍ തോംസണ്‍ വിറ്റു. തോംസന്റെ ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്‌തിരുന്ന ഒരു പെണ്‍കുട്ടിവഴി മാഗി യു.എ.ഇയിലെത്തി. അതോടെ തോംസണ്‍ കുട്ടനല്ലൂരിലെ മാളികവീടും വിറ്റു. സാമ്പത്തികത്തകര്‍ച്ചയേത്തുടര്‍ന്നു വിസിറ്റിംഗ് വിസയില്‍ യു.എ.ഇയിലേക്കു പോയെങ്കിലും ജോലി കിട്ടാതെ മടങ്ങി. മൂന്നാമത്തെ യാത്രയിലാണു ജോലി ലഭിച്ചത്. അവധിക്കു നാട്ടിലെത്തുമ്പോള്‍ വിദേശത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ ഉയര്‍ന്ന ഉദ്യോഗസ്‌ഥനെന്നായിരുന്നു സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഈയവസരത്തില്‍ ദുബായ് ഷോപ്പിംഗ് ഫെസ്‌റ്റിവല്‍ വഴി പത്തുലക്ഷം ദിര്‍ഹം ലോട്ടറിയടിച്ചു. ഈ പണം സുഖഭോഗങ്ങള്‍ക്കായി നീക്കിവച്ചു. നാട്ടിലെ അവധിക്കാലം കൂടുതലായും ചെലവഴിച്ചിരുന്നതു മസാജിംഗ് സെന്ററിലായിരുന്നു. 14 യുവതികളെ വിവാഹം കഴിച്ച തോംസന്റെ 'കഥ' അവിശ്വസനീയതയോടെയാണു പുറംലോകം ശ്രവിച്ചത്. ഏതെങ്കിലുമൊക്കെ വിവാഹരേഖകളുള്ളവരാണു പരാതിയുമായി രംഗത്തെത്തിയത്. അതിലും എത്രയോ അധികംപേര്‍ തോംസണെന്ന തട്ടിപ്പുവീരന്റെ ഇരകളായിട്ടുണ്ടാകാമെന്ന സന്ദേഹത്തിലാണു കേസന്വേഷകര്‍. (mangalam report) |
| ====================================================== |
Sunday, December 19, 2010
തട്ടിപ്പ് കേരളം
Subscribe to:
Post Comments (Atom)
No comments:
Post a Comment