Saturday, December 18, 2010

അരിവില കുത്തനെ കൂടുന്നു
കൊച്ചി: ആന്ധ്രയില്‍നിന്നുള്ള അരിവരവ്‌ നിലച്ചു. ഇതോടെ കേരളം കടുത്ത അരിക്ഷാമത്തിലേക്ക്‌. കഴിഞ്ഞ ഒരാഴ്‌ചക്കാലമായി ആന്ധ്രയിലെ മില്ലുകളില്‍നിന്നു കേരളത്തിലേക്ക്‌ അരി വരുന്നില്ല. ആന്ധ്രയിലെ വകുപ്പു തല ഉദ്യോഗസ്‌ഥരുടെ കടുംപിടിത്തവും ഭരണ അസ്‌ഥിരതയുമാണ്‌ കേരളത്തിനു വിനയായി മാറിയത്‌. ഒരാഴ്‌ചയായി തുടരുന്ന ഗൗരവമേറിയ പ്രശ്‌നമാണെങ്കിലും സംസ്‌ഥാന സര്‍ക്കാര്‍ ഇതുവരെ ഇടപെട്ടിട്ടില്ല.

ആന്ധ്രയിലെ വെസ്‌റ്റ് ഗോദാവരി, ഈസ്‌റ്റ് ഗോദാവരി ജില്ലകളില്‍നിന്നാണ്‌ സംസ്‌ഥാനത്തേക്ക്‌ കൂടുതലായി അരിയെത്തുന്നത്‌. കാലങ്ങളായി തുടര്‍ന്നുപോരുന്ന പതിവാണിത്‌. ഇവിടെ നിന്നുള്ള മില്ലുകളില്‍നിന്ന്‌ കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ക്ക്‌ ലോഡ്‌ അയച്ചുകൊടുക്കാറാണ്‌ പതിവ്‌. എന്നാല്‍ ഇത്തരത്തില്‍ അയയ്‌ക്കുന്ന ലോഡിന്‌ 'സീഫോം' ഹാജരാക്കണമെന്ന്‌ ആന്ധ്രയിലെ ഉദ്യോഗസ്‌ഥര്‍ കടുംപിടിത്തം പിടിച്ചതോടെയാണ്‌ മില്ലുകളില്‍നിന്ന്‌ അരി കയറ്റി അയയ്‌ക്കുന്നത്‌ നിലച്ചത്‌.

മുമ്പ്‌ ഇത്തരത്തില്‍ ലോഡ്‌ അയക്കുംമുമ്പേ സംസ്‌ഥാനത്തെ ആദായനികുതി വകുപ്പില്‍നിന്നുള്ള സീംഫോം പൂരിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി ഈ പതിവ്‌ നിലച്ചു. ഇരു സംസ്‌ഥാനത്തേയും ഉദ്യോഗസ്‌ഥര്‍ തമ്മിലുള്ള ധാരണയുടെ അടിസ്‌ഥാനത്തിലായിരുന്നു ഇതെന്നു പറയുന്നു. സംസ്‌ഥാന ആദായനികുതി വകുപ്പ്‌ സീഫോം വിതരണവും മറ്റും ഇന്റര്‍നെറ്റ്‌ മുഖേനയാക്കിയതോടെ ഫോംബുക്കുകള്‍ സംസ്‌ഥാനത്തെ വ്യാപാരികള്‍ സര്‍ക്കാറിലേക്ക്‌ മടക്കിക്കൊടുത്തിരുന്നു.

രണ്ടു മൂന്നു വര്‍ഷത്തെ സീഫോമുകള്‍ ഒരുമിച്ച്‌ ചോദിച്ചാണ്‌ ഇപ്പോള്‍ ആന്ധ്രയിലെ ഉദ്യോഗസ്‌ഥര്‍ മില്ലുടമകളെ സമീപിച്ചിരിക്കുന്നത്‌. 20 കോടിയുടെ വരെ ബാധ്യത ഇത്തരത്തില്‍ മില്ലുകള്‍ക്കുണ്ടാകുന്ന അവസ്‌ഥയുണ്ടായതോടെ മില്ലുടമകള്‍ കേരളത്തിലേക്ക്‌ അരി കയറ്റി അയയ്‌ക്കുന്നത്‌ നിര്‍ത്തി. നല്ലയിനം അരികിട്ടുന്ന ഈസ്‌റ്റ് ഗോദാവരി ജില്ലയിലാണ്‌ ഉദ്യോഗസ്‌ഥരുടെ ഇടപെടല്‍ ഏറെ രൂക്ഷമായുള്ളത്‌.

സിഫോം ബുക്കുകള്‍ സര്‍ക്കാറിലേക്ക്‌ മടക്കി നല്‍കിയ സംസ്‌ഥാനത്തെ വ്യാപാരികള്‍ക്ക്‌ രണ്ടു വര്‍ഷം മുമ്പത്തെ കണക്കുകാണിച്ച്‌ ഫോം പൂരിപ്പിച്ചു നല്‍കാനും സാധ്യമല്ല. ഫോമുകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കുന്നതിനാല്‍ മാസങ്ങള്‍ക്കു മുമ്പുള്ള കണക്കുകള്‍ കാണിക്കാനും സാധ്യമല്ല. ഇതേതുടര്‍ന്ന്‌ അരി കയറ്റി അയയ്‌ക്കില്ലെന്ന നിലപാടില്‍ ആന്ധ്രയിലെ മില്ലുടമകള്‍ എത്തുകയായിരുന്നു.

ആന്ധ്രയിലെ കാലാവസ്‌ഥ വ്യതിയാനവും മറ്റുംമൂലം അരിയുടെ ലഭ്യത കുറയുകയും ഈ വര്‍ഷം വില വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്‌തിരുന്നു. ജയ അരിയ്‌ക്ക് 30-32 രുപയാണ്‌ ഇപ്പോള്‍ ചില്ലറ വില്‍പ്പന വില. അരി വരവ്‌ നിലച്ചതോടെ വിപണിയില്‍ അരിക്ഷാമം രൂക്ഷമാകുമെന്നാണ്‌ ആശങ്ക. ക്രിസ്‌മസ്‌- പുതുവത്സരം പടിവാതിക്കലെത്തിയപ്പോഴുള്ള വകനല്‍കുന്നതുമാണ്‌.

പഞ്ചസാര ഉള്‍പ്പെടെയുള്ള പലചരക്ക്‌ സാധനങ്ങള്‍ക്കും വില കുതിക്കുകയാണ്‌. പഞ്ചസാര ചാക്കിന്‌ ഇന്ന്‌ 50 രൂപയാണ്‌ കൂടിയത്‌. പരിപ്പിന്‌ 5 രൂപ കൂടി 48-50 രൂപയായി. ഒരു മാസംമുമ്പുവരെ നല്ലയിനം കടലയ്‌ക്ക് 38 രൂപയായിരുന്നെങ്കില്‍ ഇന്നത്‌ 45 രൂപയ്‌ക്ക് മുകളിലായി ഉയര്‍ന്നു. ലോറി ഉടമകള്‍ വാടക കൂട്ടി. മൈസൂരില്‍നിന്ന്‌ ആപ്പിള്‍ വരവ്‌ സജീവമായതോടെ ലോറികള്‍ ഇതിനായി പോവുകയും ചെയ്‌തതോടെ വില ഇനിയും വര്‍ധിക്കുമെന്നാണ്‌ ആശങ്ക. ഡീസല്‍ വില വര്‍ദ്ധനയുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്‌ഥയുമാണ്‌. പച്ചക്കറിക്കാണെങ്കില്‍ പറയുകയും വേണ്ടെന്ന അവസ്‌ഥയാണ്‌. എന്നിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നതാണ്‌ ദുഃഖകരം.  -ജിനേഷ്‌ പൂനത്ത്‌ (manglam)
=======================================================

No comments:

Post a Comment