Thursday, December 2, 2010

ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ നിന്ന്‌ അപമാനിച്ചുവിട്ട യുവതി വിഷം കഴിച്ച്‌ അത്യാസന്ന നിലയില്‍
കൊച്ചി: സഹായം അഭ്യര്‍ത്ഥിച്ചെത്തിയ യുവതിയെ പോലീസുകാര്‍ അപമാനിച്ചുവിട്ടു. രണ്ടു കുട്ടികളുടെ അമ്മയായ യുവതി ഇതില്‍ മനംനൊന്ത്‌ വിഷംകഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. അത്യാസന്ന നിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്നു യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപകടനില ഇപ്പോഴും തരണം ചെയ്‌തിട്ടില്ല. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്‌ യുവതി. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ആലുവ സി.ഐ പ്രഫുല്ലചന്ദ്രന്‍ എസ്‌.പിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി.

ആലുവ സ്വദേശിനിയായ മുംതാസ്‌ എന്ന യുവതിക്കാണ്‌ ചെങ്ങന്നൂര്‍ ജനമൈത്രി പോലീസില്‍നിന്ന്‌ ജനദ്രോഹപരമായ പീഡനവും അപമാനവും ഏല്‍ക്കേണ്ടിവന്നത്‌. ചെങ്ങന്നൂരിലെ ഒരു സ്‌ഥാപനത്തിനുകീഴില്‍ ഹോംനഴ്‌സായി ജോലി ചെയ്യുകയായിരുന്നു മുംതാസ്‌. രോഗിയായ ഭര്‍ത്താവാണ്‌ വീട്ടിലുള്ളത്‌. ജോലി ചെയ്‌തിരുന്ന നഴ്‌സിംഗ്‌ ഹോമിലേക്ക്‌ മുംതാസ്‌ പെണ്‍കുട്ടികളെ റിക്രൂട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ മുംതാസിനും പെണ്‍കുട്ടികള്‍ക്കും ശമ്പളം നല്‍കുന്നതു സംബന്ധിച്ച്‌ തര്‍ക്കം നിലനിന്നിരുന്നു. ശമ്പളക്കാര്യം പറഞ്ഞ്‌ പലതവണ മുംതാസും ഹോംനഴ്‌സ് സ്‌ഥാപനം ഉടമ ലളിതയും തമ്മില്‍ പലതവണ വാക്കേറ്റവും നടന്നു. ഇതുകാരണം ജോലി മതിയാക്കി തിരിച്ചുപോരാന്‍ ശ്രമിച്ചെങ്കിലും സ്‌ഥാപനം ഉടമ സമ്മതിച്ചില്ല. മുംതാസിന്റെ ഐഡന്റിറ്റി കാര്‍ഡും പാസ്‌പോര്‍ട്ടും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന്‌ ആലുവ പോലീസ്‌ സ്‌റ്റേഷനിലെ ചില പോലീസുകാരുടെ ഉപദേശപ്രകാരം ഇവര്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതേതുടര്‍ന്ന്‌ യുവതിയെ പോലീസ്‌ ചെങ്ങന്നൂര്‍ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു. അവിടെ ഹോംനഴ്‌സ് സ്‌ഥാപനത്തിന്റെ ഉടമയായ ലളിതയും ഈ സമയമുണ്ടായിരുന്നു. തുടര്‍ന്ന്‌ പോലീസുകാര്‍ യുവതിയെ അപമാനിക്കുന്നതരത്തില്‍ തീര്‍ത്തും മോശമായ പദങ്ങള്‍ ഉപയോഗിച്ച്‌ അധിക്ഷേപിച്ചുവെന്നാണ്‌ യുവതി പരാതിപ്പെട്ടത്‌. സുരേഷ്‌ എന്ന പോലീസുകാരന്റെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പോലീസുകാരാണ്‌ തന്നെ അപമാനിച്ചതെന്ന്‌ യുവതി വിഷം കഴിക്കുന്നതിനുമുമ്പെ എഴുതി തയ്യാറാക്കിയ മരണക്കുറിപ്പില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. അപമാനം സഹിക്കവയ്യാതെയാണ്‌ താന്‍ ജീവനൊടുക്കുന്നതെന്നും പോലീസില്‍ നിന്നു നീതി ലഭിക്കുമെന്നു കരുതുന്നില്ലെന്നും ഇവര്‍ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്‌.

യുവതി അത്യാസന്ന നിലയില്‍ ആശുപത്രിയിലാവുകയും ഇവരില്‍നിന്ന്‌ കുറിപ്പ്‌ ലഭിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ആലുവ സി.ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹം ആശുപത്രിയിലെത്തിയെങ്കിലും അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന സ്‌ത്രീ്‌ക്ക് സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത കുറവാണെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. അങ്ങനെ സംഭവിച്ചാല്‍ ഈ കുറിപ്പ്‌ മരണമൊഴിയായി സ്വീകരിക്കും. ഇതേതുടര്‍ന്നാണ്‌ സി.ഐ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ എസ്‌.പിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ചെങ്ങന്നൂരിലെ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാകാനാണ്‌ സാധ്യത.
=================================================

No comments:

Post a Comment