Monday, December 6, 2010

അഴിമതി നമ്മുടെ ശാപം :

മണല്‍പാസ്‌ തട്ടിപ്പ്‌:
കോട്ടയം ജിയോളജി ഓഫീസ്‌ കടുങ്ങും ?
കോട്ടയം: കോട്ടയം ജിയോളജി ഓഫീസ്‌ കേന്ദ്രമാക്കി നടന്ന മണല്‍പാസ്‌ തട്ടിപ്പില്‍ ഉന്നതര്‍ കുടുങ്ങും. ഇതിനോടകം അഞ്ചിലേറെ വിജിലന്‍സ്‌ കേസുകള്‍ നേരിടുന്ന ജിയോളജിസ്‌റ്റ്, മൈനിംഗ്‌ ഇന്‍സ്‌പെക്‌ടര്‍ അടക്കമുള്ളവരിലേക്കാണു പോലീസ്‌ വിരല്‍ ചൂണ്ടുന്നത്‌. മാസങ്ങളായി നടന്നുവന്ന കൃത്രിമത്വം അറിഞ്ഞതോടെ അന്വേഷണം തടസപ്പെടുത്താനുളള നീക്കങ്ങളുമായി സംഘം രംഗത്തു സജീവായി. 
മലപ്പുറത്തു പിടിയിലായ മണല്‍ ലോബിയെക്കുറിച്ച്‌ പോലീസ്‌ അന്വേഷിച്ചപ്പോഴാണ്‌ ജിയോളജി ഓഫീസ്‌ കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പിനെക്കുറിച്ചുള്ള വിവരം പുറത്താകുന്നത്‌.സംസ്‌ഥാനത്തെ വിവിധ ജിയോളജി ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ കൃത്രിമം നടന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌ കോട്ടയം ഓഫീസാണ്‌. പോലീസിന്റെ പ്രാഥമികാ ന്വേഷണത്തിലെ രേഖകള്‍ വിജിലന്‍സിനു കൈമാറുന്നതോടെ ഉദ്യോഗസ്‌ഥര്‍ കുടുങ്ങും.

മലപ്പുറം എടപ്പാളില്‍ കഴിഞ്ഞയാഴ്‌ച മണല്‍കടത്തിനു പൊലീസ്‌ പിടിയിലായ എറണാകുളം സ്വദേശി അബ്‌ദുല്‍ കലാം ആസാദിനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ അഴിമതിക്കഥയുടെ ചുരുളഴിയുന്നത്‌. മൈനിംഗ്‌, ജിയോളജി, റവന്യു ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ കോട്ടയത്ത്‌ മണല്‍പാസ്‌ വിതരണത്തില്‍ ഏറെ കൃത്രിമം നടന്നതായാണു മലപ്പുറത്തെ ചങ്ങരംകുളം പോലീസ്‌ കണ്ടെത്തിയത്‌. ഇതിന്റെ തെളിവുകളും രേഖകളും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.പൂര്‍ണ വിവരങ്ങള്‍ വിജിലന്‍സിന്‌ ഉടന്‍ കൈമാറുമെന്ന്‌ പൊന്നാനി സി.ഐ. സുദര്‍ശനന്‍, ചങ്ങരംകുളം എസ്‌.ഐ.അല്‍ത്താഫ്‌ എന്നിവര്‍ പറഞ്ഞു.

കോട്ടയം കുലശേഖരമംഗലം സ്വദേശി ജമാല്‍, മകന്‍ റിജു കെ. ജമാല്‍ എന്നിവരാണ്‌ ജിയോളജി, റവന്യു ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ മണല്‍പാസുകള്‍ ശേഖരിച്ചത്‌.റിജുവിന്റെ പേരില്‍ 1000 പാസുകളും ജമാലിന്റെ പേരില്‍ 500 പാസുകളാണ്‌ കോട്ടയം ജിയോളജി ഓഫീസില്‍ നിന്നു നല്‍കിയിരിക്കുന്നത്‌. സാധാരണ ജിയോളജിസ്‌റ്റോ, അസിസ്‌റ്റന്റ്‌ ജിയോളജിസ്‌റ്റോണ്‌ പാസുകള്‍ വിതരണം ചെയ്യുന്നത്‌് ചെയ്യുന്നതെങ്കില്‍ ഈ അഞ്ഞൂറു പാസുകളും വിതരണം ചെയ്‌തിരിക്കുന്നത്‌ ഒരു വനിതാ റവന്യൂ ഇന്‍സ്‌പെക്‌ടറാണ്‌.

കുലശേഖരമംഗലത്ത്‌ 3000 മെട്രിക്‌ ടണ്‍ മണല്‍ എടുക്കുന്നതിനു പാസ്‌ നല്‍കിയിരിക്കുന്ന സ്‌ഥലത്ത്‌ 10 മെട്രിക്‌ ടണ്‍ മണല്‍ എടുക്കുന്നതിനു പോലും സൗകര്യങ്ങളില്ല. മാത്രമല്ല, മണല്‍ ഖനനം ചെയ്യുന്ന സ്‌ഥലത്തിനു 50 മീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ പാടില്ലെന്നാണ്‌ നിയമം. സ്‌ഥലം വില്ലേജ്‌ ഓഫീസര്‍ നല്‍കിയ സ്‌കെച്ചു പ്രകാരം 50 മീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ ഉണ്ടായിരുന്നു. ഈ സ്‌കെച്ച്‌ ഒരു സര്‍വേയറെകൊണ്ടു മാറ്റി വരപ്പിച്ചാണ്‌ പാസുകള്‍ അനുവദിച്ചത്‌.

വെറും 20 രൂപ മുടക്കി ജമാല്‍ വാങ്ങിയ പാസുകള്‍ വിറ്റിരുന്നത്‌ 2500 രൂപയ്‌ക്കാണ്‌. കുലശേഖരമംഗലത്തെ പാസുകൊണ്ട്‌ വിറ്റിരുന്നത്‌ ഭാരതപ്പുഴയിലെ മണലും. അബ്‌ദൂള്‍ കലാം പിടിയിലായതോടെ ജമാലും മകനും മുങ്ങിയിരിക്കുകായാണ്‌. ഇതുവരെയുള്ള വിവരങ്ങള്‍ ഉടന്‍ വിജിലന്‍സിനു കൈമാറും. കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറാനും നീക്കം നടക്കുന്നുണ്ട്‌. ജിയോളജിസ്‌റ്റിന്റെ ഓഫീസ്‌ മുതല്‍ പോലീസ്‌ സ്‌റ്റേഷന്‍, വില്ലേജ്‌ ഓഫീസുകള്‍, പഞ്ചായത്ത്‌ ഓഫീസുകള്‍ തുടങ്ങി വിവിധ തലങ്ങളില്‍ വന്‍തുകയാണ്‌ മണല്‍പാസ്‌ ലഭിക്കുന്നതിനായി കോഴ കൊടുക്കേണ്ടിവരുന്നത്‌. വൈക്കത്തുനിന്നു ഏറ്റുമാനൂരില്‍ 150 ഘനയടി മണല്‍ കിട്ടുമ്പോള്‍ ഉപയോക്‌താവ്‌ കൊടുക്കേണ്ടി വരുന്നത്‌ 12000-15000 രൂപയാണ്‌. മണല്‍. സിമെന്റ്‌. കരിങ്കല്ല്‌ തുടങ്ങിയവയ്‌ക്ക് വായില്‍ തോന്നുന്നതാണു വില. ഇതിനെതിരേ ജനം ശബ്‌ദിക്കില്ലെന്നതാണ്‌ കാരണം.
(mangalam report)
=================================================

No comments:

Post a Comment