റബര്‍ രാജ്യാന്തര വിലയും ഉയര്‍ന്നു; ഇറക്കുമതി നീക്കത്തിനു തിരിച്ചടി |
| കോട്ടയം: റബര്‍ വിലയില്‍ രാജ്യാന്തര വിപണിയും കുതിപ്പു തുടങ്ങിയത് വന്‍തോതില്‍ റബര്‍ ഇറക്കുമതി ചെയ്യാനുളള ടയര്‍ ലോബിയുടെ ശ്രമത്തിന് തിരിച്ചടിയായി. ഇന്ത്യയിലെ ഉയര്‍ന്നവിലയും ലഭ്യതക്കുറവും കണക്കിലെടുത്ത് ഒരു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനായിരുന്നു തീരുമാനം ഈ നീക്കമാണ് രാജ്യാന്തരവിലയും ഉയര്‍ന്നതോടെ പാളിയത്. ആഭ്യന്തരവിലയെ അപേക്ഷിച്ച് അഞ്ചു രൂപ കൂടുതലായാണ് രാജ്യാന്തര വിപണിയില്‍ വ്യാപാരം നടന്നത്. ഈ സാഹചര്യത്തില്‍ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും ഇളവ് ചെയ്‌താലും ഇറക്കുമതി ചെലവിനത്തില്‍ കിലോയ്‌ക്കു പത്തു രൂപയോളം അധികം മുടക്കേണ്ടിവരും. ആര്‍.എസ്.എസ്. നാലാം ഗ്രേഡ് റബറിന്റെ വ്യാപാരം ആഭ്യന്തരവിപണിയില്‍ ഇന്നലെ നടന്നത് കിലോയ്‌ക്ക് 198 രൂപയ്‌ക്കാണ്. ഇതിനു തുല്യമായ റബറിന്റെ വ്യാപാരം രാജ്യാന്തര വിപണിയില്‍ നടന്നത് കിലോയ്‌ക്ക് 203 രൂപയ്‌ക്കാണ്. ടയര്‍ലോബിയുടെ ആവശ്യം പരിഗണിച്ചാണ് പ്രധാനമായും റബര്‍ ഇറക്കുമതി ചെയ്യുന്നതിനു കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നല്‍കിയത്. സ്വാഭാവിക റബറിന്റെ 92 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കേരളത്തിലായതിനാല്‍ ഇറക്കുമതി കേരളത്തെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ നിലവിലുളള സാഹചര്യത്തില്‍ നഷ്‌ടം സഹിച്ച് ഇറക്കുമതിക്കു ടയര്‍ ലോബി തയ്യാറാകില്ല. നിലവിലുളള 20 ശതമാനം തീരുവയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇറക്കുമതി നടത്താനായിരുന്നു ടയര്‍ ലോബിയുടെ പദ്ധതി ഇതിനായി വാണിജ്യ മന്ത്രാലയത്തെ സ്വാധീനിച്ചു കരുക്കള്‍ നീക്കുന്നതിനിടെയാണ് രാജ്യാന്തരവില കുത്തനെ ഉയര്‍ന്നത്. കനത്ത മഴയെത്തുടര്‍ന്ന് രാജ്യത്തെ റബര്‍ ഉല്‍പാദനത്തില്‍ 5.4 ശതമാനം കുറവുണ്ടായതായാണു കണക്ക്. ഉപഭോഗത്തില്‍ 2.9 ശതമാനത്തിന്റെ വര്‍ധനയും ഉണ്ടായി. അതിനാല്‍ ആഭ്യന്തരവിപണിയില്‍ റബറിനു കടുത്ത ദൗര്‍ലഭ്യമാണ് നേരിടുന്നത്. തൊഴിലാളികളുടെ ക്ഷാമവും ഉല്‍പാദനക്കുറവിനു കാരണമായി. ======================================================= |
Sunday, December 5, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment