Sunday, December 5, 2010

ക്രിമിനല്‍ കേരളം

ട്രെയിനില്‍നിന്നു കണ്ടെടുത്ത കഞ്ചാവ്‌ കൊല്ലത്തിന്‌ കൊണ്ടുപോയതെന്നു സൂചന
കോട്ടയം: ട്രെയിനില്‍നിന്നു കണ്ടെടുത്ത കഞ്ചാവ്‌ ആന്ധ്രയില്‍നിന്ന്‌ എത്തിച്ചതാണെന്ന്‌ എക്‌സൈസ്‌. പ്രതികള്‍ക്കായി എക്‌സൈസ്‌ എന്‍ഫോഴ്‌സ്മെന്റ്‌ ആന്‍ഡ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ അന്വേഷണം ഊര്‍ജിതമാക്കി.

വെള്ളിയാഴ്‌ച വൈകുന്നേരം ഷാലിമാര്‍ - നാഗര്‍കോവില്‍ ഗുരുദേവ്‌ എക്‌സ്പ്രസിലെ എസ്‌ 6 കംപാര്‍ട്ട്‌മെന്റില്‍നിന്നാണ്‌ 8.75 കിലോ കഞ്ചാവ്‌ റെയില്‍വേ പോലീസും എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന്‌ പിടികൂടിയത്‌. കംപാര്‍ട്ട്‌മെന്റിലെ ആളൊഴിഞ്ഞ ബാഗ്‌ ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന്‌ വിവരം റെയില്‍വേ പോലീസില്‍ അറിയിക്കുകയും കഞ്ചാവ്‌ കണ്ടെടുക്കുകയുമായിരുന്നു. ആന്ധ്രയില്‍നിന്നുള്ള കഞ്ചാവ്‌ ലോബിയാണ്‌ പിന്നിലെന്ന്‌ അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. 


ആന്ധ്രയില്‍നിന്നു കൊല്ലത്തേക്കു കൊണ്ടുപോയ കഞ്ചാവാണു പിടികൂടിയതെന്നാണു സൂചന. കഞ്ചാവിനൊപ്പമുണ്ടായിരുന്ന നിരീക്ഷകര്‍ ചരക്ക്‌ പോലീസ്‌ ഏറ്റെടുത്തതോടെ മുങ്ങി. ബാബ്‌റി മസ്‌ജിദ്‌ വാര്‍ഷികവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ ഉണ്ടായിരുന്നതിനാല്‍ സംശയം തോന്നിയതാണ്‌ ഉടമസ്‌ഥനില്ലാത്ത പൊതി ശ്രദ്ധയിപ്പെടാനും പിടികൂടാനും കാരണമായത്‌.

എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ സി.ഐ: ജി. മധു, റെയില്‍വേ എസ്‌.ഐ. രാധാകൃഷ്‌ണപിള്ള, കോണ്‍സ്‌റ്റബിള്‍ മധുസൂദനന്‍, എക്‌സൈസ്‌ ഗാര്‍ഡുമാരായ ഫിലിപ്പ്‌ തോമസ്‌, സി. എന്‍. ബൈജുമോന്‍, കെ.എന്‍. വിനോദ്‌, പി.ജെ. മനോജ്‌, രഞ്‌ജിത്‌ കെ. നന്ത്യാട്ട്‌, സി.എച്ച്‌. നജീബ്‌ എന്നിവരുടെ നേതൃത്വത്തിലാണു കഞ്ചാവ്‌ പിടികൂടിയത്‌.

No comments:

Post a Comment