| ബൈക്കുകള്‍ കൂട്ടിയിടിച്ചു വീണയാള്‍ ബസിനടിയില്‍പ്പെട്ടു മരിച്ചു |
| വണ്ടിപ്പെരിയാര്‍/കുമളി: ബൈക്കുകള്‍ കൂട്ടിയിടിച്ചു നടുറോഡില്‍ തെറിച്ചുവീണയാള്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ടു മരിച്ചു. വണ്ടിപ്പെരിയാര്‍ കീരിക്കര ചന്ദ്രവനം കൊച്ചേരില്‍ മോഹനനാ(46)ണു മരിച്ചത്. കൊല്ലം-തേനി ദേശീയപാത 63-ാംമൈലില്‍ ഇന്നലെ രാവിലെയാണ് അപകടം. വണ്ടിപ്പെരിയാറില്‍നിന്നു കുമളിക്കു പോകുകയായിരുന്ന മോഹനന്റെ ബൈക്ക് തമിഴ്‌നാട് സ്വദേശിയായ മറ്റൊരാളുടെ ബൈക്കുമായി കൂട്ടിയിടിച്ചു. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെയാണ് അപകടം. റോഡിലേക്കു വീണ മോഹനന്റെ തലയില്‍ കുമളിയില്‍നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് കയറിയിറങ്ങി. റോഡ് അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകാത്തതാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മൃതദേഹം റോഡില്‍നിന്നു നീക്കാന്‍ അനുവദിച്ചില്ല. മുക്കാല്‍ മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. പോലീസെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി മൃതദേഹം വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയിലേക്കു മാറ്റി. പോസ്‌റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. ഭാര്യ: രാധാമണി. മക്കള്‍: നിഷാന്ത്, നിഷ. |
Thursday, December 16, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment