| ദക്ഷിണാഫ്രിക്കയില്‍ വയനാട് സ്വദേശിയെ റാഞ്ചിയതിനു പിന്നില്‍ മലയാളിബന്ധം? |
| കല്‍പ്പറ്റ: വയനാട് മീനങ്ങാടി സ്വദേശിയായ ചൂതുപാറ ഒരപ്പുവയല്‍ കല്ലാപാറ ബേബിയുടെ മകന്‍ നിഥിന്‍ കെ. ബേബി(27)യെ ദക്ഷിണാഫ്രിക്കയില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നില്‍ മലയാളികളുണ്ടെന്നു സംശയം. മോചനദ്രവ്യമായി ആദ്യം ഒരുകോടി രൂപ ആവശ്യപ്പെട്ട സംഘം ഇന്നലെ അത് 50 ലക്ഷമായി കുറച്ചു. മോചനദ്രവ്യം ദക്ഷിണാഫ്രിക്കയിലുള്ള മലയാളികള്‍ മുഖേന എത്തിക്കണമെന്ന നിബന്ധനയാണു ദുരൂഹത കൂട്ടുന്നത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയാണു ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ നിഥിനെ തട്ടിക്കൊണ്ടുപോയതായി മീനങ്ങാടിയിലെ വീട്ടിലേക്കു ഫോണ്‍ വന്നത്. ഒരുകോടി രൂപ തരാനുള്ള ആസ്‌തിയില്ലെന്നു പറഞ്ഞപ്പോള്‍ സ്‌ഥലം വിറ്റു പണം കണ്ടെത്താനായിരുന്നു മറുപടി. ചൊവ്വാഴ്‌ച രാത്രി ഒമ്പതിനും പന്ത്രണ്ടിനും വീണ്ടും വിളിവന്നു. ഒരുകോടി രൂപ തരാനില്ലെന്നു വീട്ടുകാര്‍ പറഞ്ഞപ്പോള്‍ 50 ലക്ഷം മതിയെന്നായി റാഞ്ചികള്‍. എങ്ങനെയാണു പണം എത്തിക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയിലുള്ള നിഥിന്റെ മലയാളിസുഹൃത്തുക്കള്‍ മുഖേനയെന്നായിരുന്നു നിര്‍ദേശം. ആഫ്രിക്കന്‍ കറന്‍സിയായി പണമെത്തിക്കണമെന്നും പറഞ്ഞു. ചൊവ്വാഴ്‌ച രാത്രി ഇന്റര്‍നെറ്റ് ഫോണില്‍നിന്നാണു വിളി വന്നതെന്നു പോലീസ് കണ്ടെത്തി. പ്രിട്ടോറിയയില്‍ ഹോട്ടല്‍ നടത്തുന്ന നിഥിന്റെ സൃഹുത്തുക്കളില്‍ ചിലര്‍ വയനാട് കേണിച്ചിറ സ്വദേശി അഭിലാഷും അമ്പലവയല്‍ സ്വദേശി ജൂഡിയുമാണ്. അഭിലാഷും ജൂഡിയും ജൊഹനാസ്‌ബര്‍ഗില്‍ ഹോട്ടല്‍ നടത്തുകയാണ്. ഇവരുടെ കൈവശം പണം എത്തിക്കണമെന്നാണു നിര്‍ദേശം. അഭിലാഷിന്റെയും ജൂഡിയുടെയും വീട്ടില്‍ വിരുന്നു കഴിഞ്ഞു പ്രിട്ടോറിയയിലേക്കു കാറില്‍ തിരിച്ചുവരുന്ന വഴി തിങ്കളാഴ്‌ച ഇന്ത്യന്‍ സമയം രാത്രി പത്തോടെയാണു നിഥിനെ തട്ടിക്കൊണ്ടുപോയത്. അഭിലാഷില്‍നിന്നും ജൂഡിയില്‍നിന്നും നിഥിന്റെ വീട്ടുകാര്‍ക്കു വ്യക്‌തമായ വിവരം ലഭിച്ചില്ല. ഇരുവരുമായും ഫോണ്‍ മുഖാന്തിരം ബന്ധപ്പെടാനായില്ല. ഒരുകോടി രൂപ കൊടുത്തില്ലെങ്കില്‍ കൊന്നുകളയുമെന്നും റാഞ്ചികളുടെ കൈയില്‍ തോക്കും കത്തിയുമുണ്ടെന്നും നിഥിന്‍ ആദ്യദിവസം വീട്ടുകാരോടു പറഞ്ഞിരുന്നു. പിന്നീടു വിളിച്ചപ്പോള്‍ റാഞ്ചികള്‍ നിഥിന്റെ കൈയില്‍ ഫോണ്‍ കൊടുത്തില്ല. മൂവരും ആറുവര്‍ഷമായി ആഫ്രിക്കയിലാണ്. വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളൂ. ബന്ധുക്കള്‍ക്ക് ഇവരുടെ ബിസിനസിനെക്കുറിച്ചു വ്യക്‌തമായ ധാരണയില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി കേരളാ പോലീസ് ബന്ധപ്പെട്ടു. |
| ====================================================== |
Thursday, December 16, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment