Thursday, December 16, 2010

നിയമനതട്ടിപ്പ് വ്യാപകം

നിയമനത്തട്ടിപ്പ്‌:
കെ.എസ്‌.ഇ.ബിയില്‍ അന്വേഷണം തുടങ്ങി
കോഴിക്കോട്‌: ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത മറച്ചുവച്ചു സംസ്‌ഥാന വൈദ്യുതി ബോര്‍ഡില്‍ പി.എസ്‌.സി. മുഖേന മസ്‌ദൂര്‍മാരായി കയറിപ്പറ്റിയവര്‍ അഞ്ഞൂറിലേറെ. എസ്‌.എസ്‌.എല്‍.സി. തോറ്റവര്‍ക്കു മാത്രമായി നീക്കിവച്ച തസ്‌തികയാണ്‌ ഇത്‌.

എസ്‌.എസ്‌.എല്‍.സി. തോറ്റെന്നു സര്‍ട്ടിഫിക്കറ്റ്‌ ചമച്ചു ജോലി നേടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ, അഞ്ചു വര്‍ഷത്തിനിടെ ജോലിയില്‍ പ്രവേശിച്ച മസ്‌ദൂര്‍മാരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പത്തുദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ വൈദ്യുതി ബോര്‍ഡിലെ ഡെപ്യുട്ടി ചീഫ്‌ എന്‍ജീനിയര്‍മാര്‍ക്കു ചീഫ്‌ എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി.

എസ്‌.എസ്‌.എല്‍.സി. തോറ്റെന്നു വ്യാജരേഖയുണ്ടാക്കിയാണ്‌ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ പി.എസ്‌.സിയെ കബളിപ്പിച്ചു ജോലിയില്‍ കയറിപ്പറ്റിയത്‌. ഇവരില്‍ പലരും ഇടതു യുവജനസംഘടനകളുടെ സജീവ പ്രവര്‍ത്തകരായിരുന്നു.

ജോലി കിട്ടിയപ്പോള്‍ ഭരണപക്ഷ സംഘടനകളായ കേരള ഇലക്‌ട്രിസിറ്റി വര്‍ക്കേഴ്‌സ് അസോസിയേഷന്‍, കേരള ഇലക്‌ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്നിവയില്‍ അംഗങ്ങളായി. അസോസിയേഷന്‍ സി.പി.എമ്മിനോടും ഫെഡറേഷന്‍ സി.പി.ഐയോടുമാണ്‌ ആഭിമുഖ്യം പുലര്‍ത്തുന്നത്‌.

മസ്‌ദൂര്‍ നിയമനത്തിനുള്ള യോഗ്യത മുമ്പ്‌ എസ്‌.എസ്‌.എല്‍.സിയായിരുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ്‌ ഈ തസ്‌തിക എസ്‌.എസ്‌.എല്‍.സി. തോറ്റവര്‍ക്കു മാത്രമായി നിജപ്പെടുത്തിയത്‌. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്‌റ്റിലൂടെ ക്ലറിക്കല്‍ ജോലികളിലേക്കു മാറുന്നതിനാല്‍ മസ്‌ദൂര്‍ ഒഴിവുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായപ്പോഴാണു യോഗ്യത പുനര്‍നിര്‍ണയിച്ചത്‌. 


എഴുത്തു പരീക്ഷയ്‌ക്കുശേഷം ചുരുക്കപ്പട്ടിക വരുമ്പോഴാണ്‌ പി.എസ്‌.സി. സര്‍ട്ടിഫിക്കറ്റ്‌ പരിശോധന നടത്തുക. എസ്‌.എസ്‌.എല്‍.സി. പഠനം നടത്തിയതിന്റെ അബ്‌സ്ട്രാക്‌ടോ യു.പി. സ്‌കൂളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളോ ഹാജരാക്കിയാണു പലരും 'കുറഞ്ഞ യോഗ്യത' തെളിയിച്ചത്‌.

കോഴിക്കോട്‌ ജില്ലയില്‍ ഇങ്ങനെ ജോലി നേടിയ ഒരു മസ്‌ദൂര്‍ ജോലിക്കിടെ കോളജിലെ സഹപാഠിയെ കണ്ടുമുട്ടിയതു ചര്‍ച്ചയായിരുന്നു. ആറായിരം മസ്‌ദൂര്‍മാര്‍ക്കാണ്‌ അഞ്ചു വര്‍ഷത്തിനിടെ നിയമനം നല്‍കിയത്‌. മിക്ക ജില്ലകളിലും റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി തീരാറായി. കോഴിക്കോട്‌ ജില്ലയില്‍ റാങ്ക്‌ ലിസ്‌റ്റിലുള്ള എല്ലാവര്‍ക്കും നിയമനമായിട്ടും നൂറിലധികം ഒഴിവുകള്‍ തുടരുകയാണ്‌.

മസ്‌ദൂര്‍മാരായി കയറിയവര്‍ പലരും ഇപ്പോള്‍ ഗ്രേഡ്‌ ഒന്ന്‌ ലൈന്‍മാന്‍മാരായിട്ടുണ്ട്‌. സബ്‌ എന്‍ജിനീയര്‍ തസ്‌തികയിലേക്കു വരെ ഇവര്‍ക്കു സ്‌ഥാനക്കയറ്റം കിട്ടാം.

അഞ്ചു വര്‍ഷത്തിനിടെ നിയമനം നേടിയ മസ്‌ദൂര്‍മാരുടെ പേര്‌, വിലാസം, വിദ്യാഭ്യാസ യോഗ്യത, ജോലിയില്‍ പ്രവേശിച്ച തീയതി തുടങ്ങിയ വിവരങ്ങളാണ്‌ ചീഫ്‌ എന്‍ജിനിയര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. - എം. ജയതിലകന്‍ (mangalam)
================================================

No comments:

Post a Comment