Thursday, December 2, 2010

പാലക്കാട്‌ സംഘര്‍ഷം രൂക്ഷം

പാലക്കാട്‌ സംഘര്‍ഷം രൂക്ഷം:
3 CPM പ്രവര്‍ത്തകര്‍ക്കു കൂടി വെട്ടേറ്റു; ഹര്‍ത്താല്‍ പൂര്‍ണ്ണം‍‍‍‍‍‍

പാലക്കാട്‌: പാലക്കാട്‌ പുതുശ്ശേരിയില്‍ വീണ്ടും സംഘര്‍ഷം. ഇന്നു രാവിലെ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. കൊട്ടേക്കാട് കാളിപ്പാറയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കും കൂട്ടുപാതയില്‍ ചുമട്ടുതൊഴിലാളിയായ മജീദ്‌ എന്നയാള്‍ക്കുമാണ്‌ വെട്ടേത്‌. കാളിപ്പാറ സ്വദേശികളായ അയ്യപ്പന്‍കുട്ടി, അരവിന്ദാക്ഷന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാവിലെ ഏഴുമണിയോടെ ഒരു സംഘം പേര്‍ ചായക്കടയില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുക യായിരുന്നു. ചായകുടിച്ചു കൊണ്ടിരിക്കവെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഇവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഗുരുതരമാണെന്നാണ് പ്രാഥമിക നിഗമനം. ഒരാളുടെ കൈയ്‌ക്കേറ്റ വെട്ട് ഗുരുതരമാണ്. കൈ തുന്നിമച്ചര്‍ക്കുന്നതിനായി ഇയാളെ വൈകാതെ കോയമ്പത്തൂര്‍ക്ക് കൊണ്ടുപോകും. മജീദിന് 9.30 ഓടെയാണ് വെട്ടേറ്റത്.

ഹര്‍ത്താലിനിടെയും പുതുശ്ശേരിയില്‍ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. രണ്ടു വീടുകളും നിരവധി കടകളും അക്രമികള്‍ തകര്‍ത്തു. ഫയര്‍ഫോഴ്‌സ് വാഹനവും തകര്‍ത്തിട്ടുണ്ട്. ഇന്നലെ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ സംസ്‌കാര ചടങ്ങിനിടെയും സംഘര്‍ഷമുണ്ടായി. വിലാപയാത്ര നിര്‍ത്തിവച്ച് സംഘപരിവാര്‍ റോഡില്‍ ധര്‍ണ നടത്തുകയാണ്. എസ്.പി അടക്കമുള്ള പോലീസ് ഓഫീസര്‍മാരുടെ വാഹനം തടഞ്ഞുവച്ചിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് ഇരട്ടയാലില്‍ വായനശാലയില്‍ അതിക്രമിച്ചു കടന്ന സംഘം സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. മരുത റോഡ്‌ സ്വദേശി ഹരീഷ്‌, ഇരട്ടയാല്‍ സ്വദേശി യൂസഫ്‌ എന്നിവര്‍ക്കാണ്‌ ഗുരുതരമായി പരുക്കേറ്റത്‌. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇരുവരെയും കോയമ്പത്തൂരിലേക്ക്‌ കൊണ്ടുപോയി.

അതേസമയം, ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി, ഹിന്ദു ഐക്യവേദി എന്നിവ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണമാണ്‌. പാലക്കാട്‌ , മലമ്പുഴ നിയജകമണ്ഡലങ്ങളിലും ചിറ്റൂര്‍ താലൂക്കിലും രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ്‌ ഹര്‍ത്താല്‍. കെ.എസ്‌.ആര്‍.ടി.സി ഉള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും സര്‍വ്വീസ്‌ നിര്‍ത്തിവച്ചിരിക്കുകയാണ്‌.

ചിറ്റൂര്‍ താലൂക്കില്‍ ഹര്‍ത്താലിന്‌ ഹിന്ദു ഐക്യവേദിയാണ്‌ ആഹ്വാനം നല്‍കിയിട്ടുളളത്‌. അതേസമയം, കൊല്ലപ്പെട്ട രതീഷിന്റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം രാവിലെ 11 മണിയോടെ ബന്ധുക്കള്‍ക്ക്‌ കൈമാറും.

============================================

No comments:

Post a Comment