| ബാങ്കുകളുടെ വ്യാജരേഖ ചമച്ച് കോടികള്‍ തട്ടുന്നവര്‍ പിടിയില്‍ |
| ആലപ്പുഴ: ബാങ്കുകളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി കോടികള്‍ തട്ടുന്ന സംഘത്തിലെ കണ്ണികളായ രണ്ട് ആന്ധ്രക്കാര്‍ കസ്‌റ്റഡിയില്‍. ഇവരിലൊരാള്‍ക്ക് സിംഗപ്പുര്‍ പൗരത്വമുണ്ട്. രാജ്യാന്തരബന്ധമുള്ള സംഘം സംസ്‌ഥാനത്തുനിന്നു കോടികള്‍ കൈക്കലാക്കിയെന്നാണു സൂചന. ജില്ലാ സഹകരണബാങ്ക് പട്ടണക്കാട് ശാഖാ മാനേജരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയതു പുറത്തായതോടെ ബാങ്ക് അന്വേഷണം തുടങ്ങി. വകുപ്പുമന്ത്രി ജി. സുധാകരന്‍ ആവശ്യപ്പെട്ടതനുസരിച്ചു സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹത്തിനു നല്‍കി. സംഘത്തില്‍നിന്നു ലഭിച്ച രേഖകളിലൊന്നില്‍ ശാഖാ മാനേജരുടെ യഥാര്‍ഥ ഒപ്പും മുദ്രയുമാണുള്ളതെന്ന സംശയം മൂലം അദ്ദേഹത്തോടു വിശദീകരണം തേടി. ആന്‌ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയും സിംഗപ്പുര്‍ പൗരത്വവുമുള്ള നവീന്‍കുമാര്‍, ആന്‌ധ്രാസ്വദേശിയായ രവി എന്നിവരാണ് ആലപ്പുഴ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. പോലീസ് ഇതു സ്‌ഥിരീകരിച്ചിട്ടില്ല. ആലപ്പുഴ ഡിവൈ.എസ്.പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.പി: എ. അക്‌ബര്‍ പറഞ്ഞു. രണ്ടരമാസമായി ആലപ്പുഴയില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മാറിമാറി കഴിഞ്ഞിരുന്ന സംഘം മുറിവാടക കൊടുക്കുന്നതു സംബന്ധിച്ചു തര്‍ക്കമുണ്ടായപ്പോഴാണു പോലീസ് പിടിയിലായത്. ഇവരുടെ ലാപ്‌ടോപ്പില്‍നിന്നു ബാങ്കുകളില്‍ സ്‌ഥിരനിക്ഷേപമുണ്ടെന്നതിന്റെ വ്യാജരേഖകള്‍ കണ്ടെത്തി. ജീവകാരുണ്യ ട്രസ്‌റ്റുകളുടെ പേരില്‍ സ്‌ഥിരനിക്ഷേപമുണ്ടെന്നു വ്യാജരേഖ ചമച്ച് വിദേശത്തുനിന്നു ഫണ്ട് നേടുക, വ്യാജനിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഈടുനല്‍കി പണം തട്ടുക, കള്ളപ്പണം വെളുപ്പിക്കാമെന്നു വാഗ്‌ദാനം ചെയ്‌തു പണം വാങ്ങുക തുടങ്ങിയവയാണു സംഘം നടത്തിയിരുന്നത്. ബാങ്കുകളില്‍ വന്‍നിക്ഷേപമുണ്ടെന്നു രേഖ ചമച്ച് അധികൃതരെ പറ്റിച്ച് അതു വിദേശബാങ്കുകളിലേക്ക് മാറ്റുന്നതായുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ഇടനിലക്കാരില്‍നിന്നു കമ്മീഷന്‍ തട്ടിയിരുന്നതായും സൂചനയുണ്ട്. ജില്ലാ സഹകരണബാങ്ക് പട്ടണക്കാട് ശാഖയിലെ 200 കോടിയുടെ സ്‌ഥിരനിക്ഷേപം മറ്റൊരു ബാങ്കിലേക്കു മാറ്റാന്‍ തയാറാണെന്നുകാട്ടി ശാഖാ മാനേജരുടെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കിയതു കണ്ടെത്തി. ഈ ശാഖയില്‍ 16 പേരിലായി 510 കോടി സ്‌ഥിരനിക്ഷേപമുണ്ടെന്ന ബാങ്ക് മാനേജരുടെ സര്‍ട്ടിഫിക്കറ്റും സംഘം വ്യാജമായുണ്ടാക്കി. ബാങ്കിന്റെ സ്‌ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് മോഷ്‌ടിച്ചാണു വ്യാജനുണ്ടാക്കിയത്. ബാങ്കിടപാടിനുള്ള രഹസ്യകോഡുകള്‍ പോലും സംഘത്തിന്റെ ഇ-മെയില്‍ ഇടപാടുകളില്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ബാങ്ക് ജീവനക്കാര്‍ക്കു തട്ടിപ്പില്‍ പങ്കുണ്ടെന്നും സംശയിക്കുന്നു. പട്ടണക്കാട് ശാഖയില്‍ ആകെ നിക്ഷേപം 12 കോടി മാത്രമാണുള്ളതെന്നിരിക്കേ സ്വകാര്യബാങ്ക് മാനേജര്‍ ഇടപാടില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സിനിമാരംഗത്തെ പ്രമുഖരുള്‍പ്പടെ നിരവധിപേരില്‍നിന്നു കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ പേരിലും പണം തട്ടിയെന്നാണു വിവരം. എന്നാല്‍ ഇതേക്കുറിച്ചു പരാതിപ്പെടാന്‍ ആരും തയാറായിട്ടില്ല. പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ ബന്ധുക്കളാണെന്നും മറ്റും അവകാശപ്പെട്ടാണു സംഘം ആളുകളെ വലയിലാക്കിയിരുന്നത്. അന്വേഷണം അട്ടിമറിക്കാനും ജില്ലാ സഹകരണബാങ്ക് ശാഖാ മാനേജരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയെന്നു മാത്രമായി കേസൊതുക്കാനും നീക്കമുണ്ട്. തട്ടിപ്പുസംഘത്തെ താമസിപ്പിച്ചിരുന്നത് ആലപ്പുഴക്കാരനായ ഒരു രാഷ്‌ട്രീയനേതാവാണെന്നു സൂചനയുണ്ട്. യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിക്കാരനായ നേതാവിനു പുറമേ നഗരവാസികളായ ചിലരും സംഘവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. മലയാളത്തില്‍ സൂപ്പര്‍താരചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള ഒരു തമിഴ്‌നടന്‍ ഒന്നിലധികം തവണ ഇവരെ സന്ദര്‍ശിച്ചിട്ടുണ്ടത്രേ. സംഘത്തിനൊപ്പം സോഫ്‌റ്റ്വേര്‍ എന്‍ജിനീയറായ ഉത്തരേന്ത്യക്കാരിയും മറ്റൊരു യുവാവുമുണ്ടായിരുന്നെന്നും ഇവര്‍ മുങ്ങിയെന്നും പറയപ്പെടുന്നു. കൊച്ചി കേന്ദ്രമാക്കി തട്ടിപ്പു നടത്തിയശേഷമാണ് ഇവര്‍ ആലപ്പുഴയിലെത്തിയതെന്ന വിവരവും അന്വേഷിച്ചുവരുന്നു.(mangalam) |
Wednesday, December 15, 2010
വ്യാജകേരളം: വ്യാജ രേഖകളുന്ടാക്കി കോടികളുടെ തട്ടിപ്പ്. ഇവിടെ ഉത്തരവാദപ്പെട്ടവര്‍ ഉറക്കം നടിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment