Wednesday, December 15, 2010

സൗദിയില്‍ വിസ തട്ടിപ്പില്‍ കുടുങ്ങി മലയാളി
ദമാം: വിസ ഏജന്റിന്റെ തട്ടിപ്പിനിരയായി ഒരു മലയാളി കൂടി. പത്തനംതിട്ട സ്വദേശി മാത്യു മത്തായിയാണ്‌ നാട്ടുകാരനായ വിസ ഏജന്റിന്റെ കെണിയില്‍ കുടുങ്ങിയത്‌.

നാട്ടില്‍ ക്രഷര്‍ യൂണിറ്റില്‍ മെഷീന്‍ ഓപ്പറേറ്ററായിരുന്ന മാത്യു മത്തായി ഭാര്യയും രണ്ടു മക്കളും അച്‌ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബത്തിന്‌ ആശ്വാസം നല്‍കാമെന്ന പ്രതീക്ഷയോടെയാണ്‌ 60,000 രൂപ മുടക്കി എത്തിയത്‌.

1000 റിയാല്‍ ശമ്പളവും താമസവും ഭക്ഷണവും ലഭിക്കുമെന്ന്‌ ഏജന്റ്‌ പറഞ്ഞെങ്കിലും ഒട്ടകത്തെ മേയ്‌ക്കുന്ന ജോലിയാണ്‌ ലഭിച്ചത്‌. ഒപ്പം 100 കിലോ ഭാരം വരുന്ന ചാക്ക്‌ ചുമടും താങ്ങണം. രണ്ടുമാസത്തെ ശമ്പളമായി 1200 റിയാലാണു ലഭിച്ചത്‌. യഥാസമയം ഭക്ഷണമോ ചികിത്സയോ ലഭിച്ചില്ല. ആറുമാസമായിട്ടും ഇഖാമ അടിച്ചിട്ടില്ല. നാട്ടിലേക്ക്‌ അയയ്‌ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.

പിന്നീട്‌ മാത്യു മത്തായിയുടെ ദുരിതം ദമാമിലുള്ള മാത്യു ഒ.ഐ.സി.സി. വെല്‍ഫെയര്‍ വിഭാഗം പ്രതിനിധികളെ അറിയിക്കുകയും ഇന്ത്യന്‍എംബസിയില്‍ പരാതി നല്‍കുകയും ചെയ്‌തു.

പോകാന്‍ അനുവദിക്കാമെന്നും ടിക്കറ്റ്‌ സ്വന്തമായി എടുക്കണമെന്നും സ്‌പോണ്‍സര്‍ അറിയിച്ചു.

ദമാമിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്‌മയായ 'പനോരമ' മാത്യുവിന്‌ ടിക്കറ്റ്‌ നല്‍കുമെന്ന്‌ ചെയര്‍മാന്‍ സെബി ഏബ്രഹാം ഓമല്ലൂരും പ്രസിഡന്റ്‌ സി.എം. സുലൈമാനും മംഗളത്തോടു പറഞ്ഞു.

മാത്യു മത്തായിയുടെ അവസ്‌ഥയ്‌ക്കു കാരണക്കാരായ ഏജന്‍സിക്കെതിരേ എംബസി ശക്‌തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി വിവരം ലഭിച്ചുവെന്ന്‌ ദമാം ഒ.ഐ.സി.സി. വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ മാത്യു ജോസഫ്‌ പറഞ്ഞു.
======================================================

No comments:

Post a Comment