Tuesday, December 7, 2010

മകള്‍ 'ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡി'നു പോയി; വീട്ടില്‍ 'ഓള്‍ഡ്‌' അമ്മ പുഴുവരിച്ചു

കൊച്ചി: അമ്മമാര്‍ക്കിത്‌ കഷ്‌ടകാലം. അയല്‍വീട്ടിലെ പാത്രംകഴുകിയാണെങ്കിലും ഉന്നത ഉദ്യോഗത്തിലൂടെയാണെങ്കിലും പഠിപ്പിച്ച്‌ വളര്‍ത്തിയെടുക്കുന്ന മക്കള്‍ തിരിഞ്ഞുകൊത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. എറണാകുളം ജില്ലയില്‍ രണ്ടിടങ്ങളിലായി ഇത്തരത്തില്‍ നരകയാതന അനുഭവിച്ച രണ്ട്‌ അമ്മമാരെയാണ്‌ ഇന്നലെ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ രക്ഷപ്പെടുത്തിയത്‌. ഇതിലൊരമ്മ സാമൂഹ്യ പ്രവര്‍ത്തകയും മറ്റൊരമ്മ കുടുംബം കൈവിട്ട രോഗിയായ വീട്ടമ്മയുമാണ്‌.

മാല്യങ്കര എസ്‌.എന്‍. കോളജിലെ മലയാള വിഭാഗം മുന്‍ അധ്യാപികയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ശ്യാമളകുമാരിയമ്മ (61) യെയാണ്‌ ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷത്തില്‍ വീട്ടിലെ കിടപ്പു മുറിയില്‍ ശയ്യാവ്രണവുമായി ഗുരുതരനിലയില്‍ ആലുവ പോലീസ്‌ കണ്ടെത്തിയത്‌. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച എത്തിയ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസ്‌ ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇവര്‍ക്ക്‌ ഇപ്പോഴും സംസാരശേഷി കൈവന്നിട്ടില്ല.

അര്‍ബുദരോഗബാധിതയായ ശ്യാമളകുമാരിയമ്മ കഴിഞ്ഞ ആറുമാസമായി കിടപ്പിലായിരുന്നു. സാമ്പത്തികശേഷി ഇല്ലാത്തതുമൂലം ചികിത്സയ്‌ക്ക് മാര്‍ഗമില്ലാതെ കഴിഞ്ഞതൊന്നുമല്ല ശ്യാമളകുമാരിയമ്മ. പടുകൂറ്റന്‍ വീട്ടില്‍ ഉന്നത ഉദ്യോഗസ്‌ഥയായ മകള്‍ക്കൊപ്പമായിരുന്നു താമസം. മകള്‍ക്ക്‌ ഊരുചുറ്റി കറങ്ങാനുള്ളതുകൊണ്ട്‌ അമ്മ ഒരു ഭാരമായെന്നു മാത്രം. ടി.വിയിലും കണ്ട മറഞ്ഞ മുഖമാണ്‌ മകളുടേത്‌. ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്നും പറഞ്ഞായിരുന്നു മകള്‍ ടി.വിയിലെത്തിയിരുന്നത്‌. എന്നാല്‍ സ്വന്തം അമ്മ 'ഓള്‍ഡാ'യപ്പോള്‍ ഗോള്‍ഡല്ല പഴംചാക്കായാണ്‌ മകള്‍ക്ക്‌ തോന്നിയത്‌.

സാമൂഹ്യ പ്രവര്‍ത്തകയായിരുന്ന ശ്യാമളകുമാരിയമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മകള്‍ ശബ്‌്ന തയ്യാറായിരുന്നില്ല. അവരുടെ സ്‌റ്റാറ്റസിനെ ബാധിക്കുമെന്നതിനലായിരുന്നു ഇത്‌. മകള്‍ ആണ്‍സുഹൃത്തിനൊപ്പം നാടാകെ അലഞ്ഞുനടന്ന്‌ ഉല്ലസിക്കാനും സമയംകണ്ടെത്തി. പടുകൂറ്റന്‍ വീട്ടില്‍ പുഴുവരിച്ച്‌ കിടന്നാലും ആരും കാണില്ലെന്ന ധാരണയായിരുന്നു മകള്‍ക്ക്‌. ഇവരെ ഹോസ്‌പിറ്റലിലെത്തിക്കാന്‍ അഭ്യര്‍ത്ഥിച്ച പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റ്‌ പ്രവര്‍ത്തകരോടും ഹോംനഴ്‌സിനോടും ഭീഷണിമുഴക്കുകയായിരുന്നു മകള്‍ ചെയ്‌തത്‌.

ഇടയ്‌ക്കു ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്നു ശബ്‌ന. ശബ്‌നയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഭര്‍ത്താവ്‌ തീരുമാനിച്ചു. കുടുംബക്കോടതിയില്‍ വിവാഹമോചനത്തിനു കേസുമെത്തി. ഇതോടെ ശബ്‌ന നാട്ടിലേക്കു തിരിച്ചു.

ഇതിനിടെയാണ്‌ ഒരു സ്വകാര്യ ചാനലില്‍ ശബ്‌നയുടെ പരിപാടി അരങ്ങുതകര്‍ത്തത്‌. ചാനലിലെ ഗള്‍ഫ്‌ പരിപാടിയിലായിരുന്നു ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന പരിപാടി അവതരിപ്പിച്ച്‌ ശബ്‌നയെത്തിയത്‌. പഴയതെല്ലാം ഗോള്‍ഡാണെന്നു പറഞ്ഞ ശബ്‌ന പക്ഷെ, അമ്മയ്‌ക്ക് പ്രായമായപ്പോള്‍ അതു സൗകര്യപൂര്‍വ്വം മറന്നു.

സിഡ്‌കോ ജനറല്‍ മാനേജരായിരുന്ന അച്ചന്‍ മരിച്ചപ്പോള്‍ കിട്ടിയ ജോലിക്ക്‌ കിട്ടുന്ന കനത്ത ശബളത്തില്‍നിന്ന്‌ അമ്മയ്‌ക്ക് കൃത്യമായ പരിചരണം നല്‍കാനുള്ള തുക നീക്കിവയ്‌ക്കുവാന്‍ ശബ്‌നയ്‌ക്ക് മനസില്ലാതെ പോവുകയും ചെയ്യുന്നു.

സിഡ്‌കോ ജനറല്‍ മാനേജരായിരുന്ന രവീന്ദ്രന്‍ ആയിരുന്നു ശ്യാമളകുമാരിയമ്മയുടെ ഭര്‍ത്താവ്‌. ഇയാള്‍ ആറുവര്‍ഷംമുന്‍പ്‌ മരിച്ചതോടെയാണ്‌ മകള്‍ക്ക്‌ ജോലികിട്ടിയത്‌. ശബ്‌നയ്‌ക്കെതിരേ മെയിന്റനന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍ ഓഫ്‌ സീനിയര്‍ സിറ്റിസണ്‍സ്‌ ആന്‍ഡ്‌ പേരന്റ്‌സ് ആക്‌ട്പ്രകാരം ആലുവ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

മുറ്റത്തെ പ്ലാസ്‌റ്റിക്‌ കൂട്ടില്‍ പഴുത്തൊലിച്ച്‌ ദേവകിയെന്ന സാധാരണക്കാരി

കൊച്ചി: മറ്റൊരു ദുരന്തമാണ്‌ കൊച്ചി സര്‍വ്വകലാശാല ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാഘവന്റെ ഭാര്യാമാതാവ്‌ ദേവകി(65)യുടേത്‌.

കുടുംബത്തിന്റെ അവഗണന അനുഭവിച്ച്‌ മകളും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു പുറത്ത്‌ മുറ്റത്ത്‌ പ്ലാസ്‌റ്റിക്ക്‌ ഷീറ്റ്‌കൊണ്ട്‌ മറച്ച പലകകട്ടിലില്‍ നഗ്‌നയായി കിടക്കുന്ന അവസ്‌ഥയിലായിരുന്നു ദേവകി.

മേല്‍ക്കൂരയില്ലാത്ത ഷീറ്റ്‌കൂടിനകത്ത്‌ മഞ്ഞും വെയിലുമേറ്റ്‌ ദേഹത്തെ പരുക്ക്‌ വ്രണമായി പഴുത്തൊലിച്ച്‌ കൊതുകിന്റെയും ഈച്ചയുടേയും കൂട്ടമായ ആക്രമണത്തെ ചെറുക്കാന്‍ പോലും സാധിക്കാതെയുള്ള നരകയാതന. കിടപ്പിലായ ദേവകി മുറിയില്‍ മലമൂത്ര വിസര്‍ജ്‌ജനം നടത്തുന്നുവെന്നാരോപിച്ചാണത്രെ ഇവരെ ഒരാഴ്‌ചമുന്നെ മുറ്റത്തെ ഷെഡിലേക്ക്‌ മാറ്റിയത്‌.

സംഭവമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും മെഡിക്കല്‍ ട്രസ്‌റ്റിന്റെ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ്‌ ഇവരെ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. ഇവര്‍ക്കുള്ള ചികിത്സ സൗജന്യമായി നല്‍കുമെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു.
(mangalam report)
=================================================

No comments:

Post a Comment