| ഇതാ വരുന്നു... മൊബൈല്‍ ഫോണുകളിലെ 'ശക്തിമാന്‍' | ||
അബദ്ധത്തില്‍ താഴെ വീഴുന്നതോടെ ചിതറിത്തെറിച്ചു കഷണങ്ങളാകുന്ന മൊബൈലുമായി ഇനി ഉടന്‍ ടെക്‌നീഷ്യന്റെ സമീപത്തേക്ക് ഓടേണ്ട. ബീച്ചിലും നീന്തല്‍ക്കുളത്തിനുസമീപവും മൊബൈലിന് 'സ്വയംപ്രഖ്യാപിത' നിരോധനം ഏര്‍പ്പെടുത്തുകയും വേണ്ട. വെള്ളവും തീയുമൊന്നും ഈ പുത്തന്‍കൂറ്റുകാരനു 'പരുക്കേ'ല്‍പിക്കില്ല. എട്ടുമണിക്കൂറോളം വെള്ളത്തില്‍കിടന്നാലും ജെ.സി.ബി. ടഫ് ഫോണുകള്‍ തകരാറിലാവില്ലെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. തീയില്‍ കുരുത്തവന്‍ വെയിലില്‍ വാടില്ലെന്ന പഴഞ്ചൊല്ല് ഇവന്റെ കാര്യത്തില്‍ അന്വര്‍ഥമാണ്. എഴുപത്തഞ്ച് സെന്റീഗ്രേഡ് ഊഷ്‌മാവിനുപോലും കക്ഷിക്ക് ഒരു പോറല്‍പോലും ഏല്‍പിക്കാനാവില്ലത്രേ! കൊടുംചൂടില്‍മാത്രമല്ല അതിശൈത്യത്തിലും കരുത്തരില്‍ കരുത്തന്‍ അചഞ്ചലനാണ്! മൈനസ് മുപ്പതു ഡിഗ്രിയില്‍ മണിക്കൂറുകളിട്ടാലും കക്ഷി ഉപയോക്‌താവിനെ ചതിക്കില്ല. പൂര്‍വാധികം കാര്യക്ഷമമായിട്ടായിരിക്കും പിന്നീടുള്ള പ്രവര്‍ത്തനം! ഒന്നര ടണ്ണോളം ഭാരമുള്ള വാഹനം കയറിയിറങ്ങിയാലും ഇവന് ഒരു പോറല്‍ പോലും ഏല്‍ക്കില്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എവറസ്‌റ്റിന്റെ നെറുകയില്‍ അനായാസം കയറുകയും അറ്റ്‌ലാന്റിക് സമുദ്രം ആയാസരഹിതമായി നീന്തിക്കയറുകയും ചെയ്യുന്ന ഒരു അമാനുഷനോട് ഈ ഫോണിനെ ഉപമിക്കാനാണ് നിര്‍മാതാക്കള്‍ക്ക് ഇഷ്‌ടം. പ്രതിബന്ധങ്ങളില്‍ തകര്‍ന്നടിയാതെ പൂര്‍വസ്‌ഥിതി പ്രാപിക്കാന്‍ കഴിയുന്ന ഇവ വിപണിയിലെത്തുന്നതോടെ ഇപ്പോഴത്തെ പല ജനപ്രിയ മോഡലുകള്‍ക്കും തിരശീലയ്‌ക്കു പിന്നിലായിരിക്കും സ്‌ഥാനമെന്നും നിര്‍മാതാക്കള്‍ പറയുന്നു. മൊബൈല്‍ ഭ്രാന്തന്‍മാരെ ആകര്‍ഷിക്കാന്‍ പോന്ന ഒട്ടനവധി സവിശേഷതകളും ജെ.സി.ബി. ടഫ്‌ഫോണുകള്‍ക്കുണ്ട്. പേരിലെ ജെ.സി.ബിയെ അനുസ്‌മരിപ്പിക്കുംവിധം ഓണാക്കുമ്പോള്‍ത്തന്നെ ഒരു ജെ.സി.ബിയുടെ കാര്‍ട്ടൂണ്‍ ചിത്രം സ്‌ക്രീനില്‍ തെളിയും. പിന്നാലെ ജെ.സി.ബിയുടെ മുരളലിനു സമാനമായ 'റിംഗ്‌ടോണാ'വും നിങ്ങള്‍ക്കു സ്വാഗതമരുളുക. എഫ്.എം. റേഡിയോ, ബ്ലൂടൂത്ത് എന്നിവ കൂടാതെ ടോര്‍ച്ച് സംവിധാനം, ലേസര്‍ പോയിന്റര്‍ എന്നിവയും ഉപയോക്‌താക്കളെ ആകര്‍ഷിക്കുമെന്നതില്‍ രണ്ടുപക്ഷമില്ല. കാമറയില്ലെന്നുള്ളതുമാത്രമാണ് പ്രധാനപോരായ്‌മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അധികം വൈകാതെ കാമറാ സംവിധാനംകൂടി ഇത്തരം ഫോണുകളില്‍ ആവിഷ്‌കരിക്കാനാവുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ================================================== | ||
Wednesday, December 15, 2010
ശക്തിമാന്‍ വരുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment