Friday, December 3, 2010

യുവതിയുടെ ആത്മഹത്യ: 
പ്രേരണാക്കുറ്റത്തിന്‌ പോസ്‌റ്റോഫീസ്‌ ജീവനക്കാരന്‍ പിടിയില്‍
തുറവൂര്‍: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ പോസ്‌റ്റോഫീസ്‌ ജീവനക്കാരനായ യുവാവ്‌ പിടിയില്‍. തുറവൂര്‍ പോസ്‌റ്റോഫീസ്‌ ജീവനക്കാരന്‍ പൂച്ചാക്കല്‍ സ്വദേശി സുജിത്തി (26)നെയാണ്‌ കുത്തിയതോട്‌ പോലീസ്‌ ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌. തുറവൂര്‍ പഞ്ചായത്ത്‌ 15-ാം വാര്‍ഡില്‍ തോപ്പില്‍ നികര്‍ത്തില്‍ പരേതനായ വിശ്വംഭരന്റെ മകള്‍ മായ (26)യുടെ മരണവുമായി ബന്ധപ്പെട്ടാണ്‌ ഇയാള്‍ പിടിയിലായത്‌.

ഇക്കഴിഞ്ഞ 27-നാണ്‌ മായയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്‌. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ്‌ അറസ്‌റ്റ്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ മായയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.

മരണത്തിന്‌ ഏതാനും മിനിറ്റുകള്‍ക്കു മുമ്പ്‌ മായയുടെ മൊബൈല്‍ ഫോണിലേക്കു വന്ന സുജിത്തിന്റെ കോളാണ്‌ ആത്മഹത്യയിലേക്ക്‌ നയിക്കാന്‍ കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. മായയുമായി അടുപ്പത്തിലായിരുന്ന ഇയാള്‍ വിവാഹവാഗ്‌ദാനം നല്‍കുകയും പിന്നീട്‌ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹമുറപ്പിക്കുകയും ചെയ്‌തിരുന്നു. ഇതുപോലെ നിരവധി പെണ്‍കുട്ടികളെ ടെലിഫോണ്‍ പ്രണയത്തിലൂടെ ഇയാള്‍ കബളിപ്പിച്ചതായാണറിയുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.

പോസ്‌റ്റോഫീസില്‍ വരുന്ന കത്തുകളില്‍ നിന്നും മറ്റും പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച്‌ ശല്യം ചെയ്യുക ഇയാളുടെ സ്വഭാവമായിരുന്നത്രേ.

No comments:

Post a Comment