| 800 വര്‍ഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം പിടിച്ചു; ഒരാള്‍ അറസ്‌റ്റില്‍ |
| കൊച്ചി: ചോളരാജാക്കന്മാരുടെ കാലഘട്ടത്തില്‍ നിര്‍മിച്ചതെന്നു കരുതുന്ന, എട്ടു നൂറ്റാണ്ടു പഴക്കമുള്ള പഞ്ചലോഹവിഗ്രഹം പോലീസ് പിടിച്ചെടുത്തു. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം സ്‌മൈലിംഗ് ഹൗസില്‍ ഫൈസല്‍ അബ്‌ദുള്‍ സമദ് എന്നയാളുടെ വീട്ടില്‍നിന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണു വിഗ്രഹം കണ്ടെടുത്തത്. 27.5 കിലോഗ്രാം തൂക്കമുള്ള ഈ ഗണപതി വിഗ്രഹത്തിന് ഒരു കോടി രൂപ വിലമതിക്കും. വിഗ്രഹത്തിന്റെ യഥാര്‍ഥ ഉടമയെന്ന് അവകാശപ്പെട്ട് എറണാകുളം സ്വദേശി പുളിക്കപ്പറമ്പില്‍ രാമചന്ദ്രന്‍ എന്നയാള്‍ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഫൈസലിനെ പോലീസ് നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു. വില്‍ക്കാനായി ഏല്‍പ്പിച്ച പഞ്ചലോഹവിഗ്രഹം ഫൈസല്‍ മടക്കിനല്‍കുകയോ പണം നല്‍കുകയോ ചെയ്യുന്നില്ലെന്നായിരുന്നു പരാതി. 65 ലക്ഷം രൂപയ്‌ക്കു വില്‍ക്കണമെന്ന വ്യവസ്‌ഥയില്‍ 2004 ലാണ് വിഗ്രഹം ഫൈസലിനെ ഏല്‍പ്പിച്ചതെന്നും ഇയാള്‍ പറയുന്നു. 1994 ലും ഇതേ വിഗ്രഹം വില്‍പനയ്‌ക്കായി മറ്റൊരാളെ ഏല്‍പ്പിച്ചതു വിവാദമായിരുന്നു. അന്നു ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണു രാമചന്ദ്രനു വിഗ്രഹം തിരികെക്കിട്ടിയത്. സമാനസംഭവമാണ് ആവര്‍ത്തിച്ചതെന്നു പോലീസ് പറയുന്നു. വിഗ്രഹം തിരിച്ചുനല്‍കുന്നില്ലെന്ന രാമചന്ദ്രന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണു കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌ത ഫൈസലിനെ കസ്‌റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണു വിഗ്രഹം കണ്ടെടുത്തത്. പിടിച്ചെടുത്ത പഞ്ചലോഹവിഗ്രഹം അമൂല്യ ഗണത്തില്‍പ്പെടുന്നതായതിനാല്‍ ഇതു പുരാവസ്‌തു വകുപ്പിനു കൈമാറണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കും. അപൂര്‍വമായ ഈ വിഗ്രഹത്തിന്റെ മറ്റൊരു പതിപ്പ് അമേരിക്കയിലെ റോക്‌ഫെല്ലന്‍ മ്യൂസിയത്തിലാണുള്ളതെന്ന് പോലീസ് പറഞ്ഞു. വിഗ്രഹം പിടിച്ചകാര്യം പുരാവസ്‌തു വകുപ്പിനെയും അറിയിക്കും. |
| ====================================================== |
Friday, December 3, 2010
പഞ്ചലോഹ വിഗ്രഹം പിടിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment