വ്യാജരേഖയുണ്ടാക്കി പി.എസ്.സി. ജോലി: 2 പേരെ സസ്‌പെന്‍ഡ് ചെയ്തു
Posted on: 04 Dec 2010
നിയമിച്ച ഉദ്യോഗസ്ഥനെതിരെയും നടപടി
കല്‍പറ്റ: പി.എസ്.സി.യുടെയും റവന്യൂ വകുപ്പിന്റെയും നിയമന ശുപാര്‍ശ വ്യാജമായുണ്ടാക്കി സര്‍ക്കാര്‍ ജോലി നേടിയ രണ്ടു പേരെയും ഇവരെ നിയമിച്ച ഉദ്യോഗസ്ഥനെയും കളക്ടര്‍ ടി. ഭാസ്‌കരന്‍ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം അഞ്ചല്‍ സ്വദേശികളും സഹോദരങ്ങളുമായ കെ. കണ്ണന്‍ (28), ശബരീനാഥന്‍ (25), വയനാട് കളക്ടറേറ്റിലെ യു.ഡി. ക്ലര്‍ക്കും കൊല്ലം സ്വദേശിയുമായ അഭിലാഷ് (30) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വയനാട്ടില്‍ റവന്യൂ വകുപ്പില്‍ ജൂലായിലാണ് കണ്ണനും ശബരീനാഥനും നിയമനം നേടിയത്. ശബരീനാഥനെ പനമരം അഞ്ചുകുന്ന് വില്ലേജ് അസിസ്റ്റന്റായും കണ്ണനെ ബത്തേരി താലൂക്ക് ഓഫീസില്‍ എല്‍.ഡി. ക്ലര്‍ക്കായുമാണ് നിയമിച്ചത്. കളക്ടറേറ്റിലെ എസ്റ്റാബ്ലിഷ്‌മെന്റ് സീറ്റിലെ യു.ഡി. ക്ലര്‍ക്കായ അഭിലാഷ് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാതെയാണ് ഇരുവരുടെയും നിയമന ശുപാര്‍ശ അംഗീകരിച്ചതെന്നാണ് ആക്ഷേപം.
പിന്നീട് ഇവര്‍ക്ക് നിയമനം ലഭിച്ച ഓഫീസുകളിലെ തവന്‍മാരും രേഖകള്‍ പരിശോധിക്കുന്നതില്‍ വീഴ്ചവരുത്തിയതായും പറയുന്നു.ജൂലായ് മുതലുള്ള ശമ്പളം ഇരുവരും വാങ്ങിയിരുന്നെങ്കിലും സര്‍വീസ് ബുക്ക് തുറന്നിരുന്നില്ല. പി.എസ്.സി. ശുപാര്‍ശ ചെയ്തതിനേക്കാള്‍ കൂടുതല്‍ പേര്‍ വയനാട്ടില്‍ നിയമനം നേടിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കൊല്ലം സ്വദേശികളായ മറ്റു ഉദ്യോഗാര്‍ഥികള്‍ റവന്യൂ വകുപ്പ് വിജിലന്‍സ് വിഭാഗത്തിന് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
വിജിലന്‍സ് കോഴിക്കോട് മേഖലാ ഓഫീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ് വ്യാഴാഴ്ച വയനാട്ടിലെത്തി അന്വേഷണം നടത്തി. നിയമനം വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് കളക്ടറുടെ നടപടി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൂന്നു പേരും ജോയന്റ് കൗണ്‍സില്‍ അംഗങ്ങളാണ്.
നിയമന തട്ടിപ്പില്‍ കൊല്ലം കേന്ദ്രീകരിച്ചുള്ള മാഫിയയ്ക്ക് പങ്കുള്ളതായി സംശയമുണ്ടെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി കെ.പി. മുരളി ആരോപിച്ചു.ഭരണകക്ഷി അനുകൂല സര്‍വീസ് സംഘടനയുടെ സംസ്ഥാന നേതാവാണ് ഇതിന്റെ ആസൂത്രകനെന്ന് അദ്ദേഹം ആരോപിച്ചു. മറ്റു ജില്ലകളിലും ഇത്തരത്തില്‍ വ്യാജ നിയമനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
=============================================================
No comments:
Post a Comment