Sunday, December 19, 2010

ശിശുബലി: 

ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു

Posted on: 19 Dec 2010

പ്രതികളെ ജനകീയ വിചാരണയ്ക്ക് വിടണമെന്നാവശ്യം 

മംഗാലാപുരം: ദേവപ്രീതിക്ക് മൂന്നുവയസ്സുകാരിയെ ബലി നല്‍കിയവരെ ജനകീയ വിചാരണയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. അങ്കണവാടി വിദ്യാര്‍ഥിയായിരുന്ന പ്രിയങ്കയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ദുര്‍മന്ത്രവാദി കമലാക്ഷ പുരുഷ, സഹോദരന്‍ മാധവപുരുഷ, കൂട്ടുകാരി ചന്ദ്രകല എന്നിവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം കദ്രി പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. 

ഓട്ടോറിക്ഷകളിലും ബൈക്കുകളിലുമായി മുന്നൂറോളം വരുന്ന ആള്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് സ്റ്റേഷനിലെത്തിയത്. പ്രതികളെ നേരില്‍ കാണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആവശ്യം പോലീസ് നിരാകരിച്ചതോടെ കല്ലേറ് തുടങ്ങി. കല്ലേറില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകള്‍ മുഴുവനും തകര്‍ന്നു. പോലീസ് ലാത്തിവീശിയാണ് ഒടുവില്‍ ജനങ്ങളെ പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. 14 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. 

പ്രതികളെ കോടതിയില്‍ ഹാജരാക്കി


മംഗലാപുരം: ധനുസംക്രമ നാളില്‍ ദേവപ്രീതിക്ക് ശിശുബലി നടത്തിയ കേസില്‍ അറസ്റ്റിലായ ദുര്‍മന്ത്രവാദി കമലാക്ഷ പുരുഷ, മാധവ പുരുഷ, ചന്ദ്രകല എന്നിവരെ കദ്രി പോലീസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി(2)ല്‍ ഹാജരാക്കി. ജനവരി ഒന്നുവരെ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

ശിശുബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദുര്‍മന്ത്രവാദി കമലാക്ഷ പുരുഷയുടെയും കൂട്ടുകാരി ചന്ദ്രകലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് മാധവ പുരുഷയുടെ അറസ്റ്റ്. ദേവപ്രീതിക്ക് ശിശുബലി നടത്താന്‍ തങ്ങളെ പ്രേരിപ്പിച്ചത് മാധവ പുരുഷ ആണെന്നാണ് കമലാക്ഷയുടെയും ചന്ദ്രകലയുടെയും മൊഴി. മാധവ പുരുഷയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു മരിച്ച മൂന്നു വയസ്സുകാരി പ്രിയങ്ക.

സഹോദരങ്ങളായ ആറുവയസ്സുകാരന്‍ പങ്കജിനും ഒന്നര വയസ്സുകാരന്‍ നീരജിനും ഒപ്പം കളിക്കുകയായിരുന്ന പ്രിയങ്കയെ ബലമായി കൊണ്ടുപോയി ബലിചെയ്ത ചന്ദ്രകലയ്ക്ക് അഞ്ചുവയസ്സുള്ള ഒരാണ്‍കുട്ടി ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് കദ്രി പോലീസ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസമായി ഈ കുട്ടിയെ കാണാനില്ലെന്നും പോലീസ് അന്വേഷണത്തില്‍ അറിവായിട്ടുണ്ട്. എന്നാല്‍ കുട്ടിയെ ഉഡുപ്പിയില്‍ നിന്നുള്ള ഒരാള്‍ ദത്തെടുത്തതായാണ് ചന്ദ്രകലയുടെയും കമലാക്ഷയുടെയും മൊഴി. തുടരന്വേഷണത്തില്‍ മാത്രമേ പ്രതികളുടെ മൊഴിയുടെ നിജസ്ഥിതി വ്യക്തമാകൂ എന്ന് കദ്രി പോലീസ് പറഞ്ഞു. 

=================================================

No comments:

Post a Comment