Monday, January 17, 2011

വ്യാജ നിയമനം: പ്രകാശ്‌മണി കീഴടങ്ങി
പാലക്കാട്‌: നെല്ലിയാമ്പതി പഞ്ചായത്തില്‍ വ്യാജ നിയമനത്തിലൂടെ ജോലി നേടിയ ചിറ്റൂര്‍ നല്ലേപ്പള്ളി സ്വദേശി എം.ബി. ദിനേശനുവേണ്ടി പി.എസ്‌.സി. പരീക്ഷ എഴുതിയ തിരുവനന്തപുരം ആറ്റിങ്ങല്‍ നേമം കീഴ്‌വിലം പ്രകാശ്‌ ഭവനില്‍ പ്രകാശ്‌ മണി (35) പോലീസില്‍ കീഴടങ്ങി.

ഇന്നലെ രാവിലെ പതിനൊന്നിനു നേമത്തെ അഭിഭാഷകനായ ടി.പി. ലക്ഷ്‌മണനൊടൊപ്പം പാലക്കാട്‌ സൗത്ത്‌ പോലീസ്‌ സ്‌റ്റേഷനിലെത്തി സി.ഐ. ഷാനവാസ്‌ മുമ്പാകെയാണു കീഴടങ്ങിയത്‌.

ദിനേശന്റെ നിയമനത്തട്ടിപ്പ്‌ പുറത്തു വന്നതിനെത്തുടര്‍ന്ന്‌ ഒളിവില്‍പോയ പ്രകാശ്‌ മണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു മുമ്പില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. തുടര്‍ന്നായിരുന്നു പ്രകാശ്‌ മണിയുടെ നാടകീയ കീഴടങ്ങല്‍.

സെക്രട്ടറിയേറ്റിലെ പൊതു വിദ്യാഭ്യാസവകുപ്പില്‍ നാലു വര്‍ഷമായി സീനിയര്‍ ഗ്രേഡ്‌ അസിസ്‌റ്റന്റായി ജോലി ചെയ്‌തുവരികയായിരുന്നു. മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ പഠന ഗവേഷണത്തിനിടെ ദിനേശുമായി പരിചയപ്പെടുകയും ഇയാള്‍ക്കുവേണ്ടി പി.എസ്‌.സി. പരീക്ഷ എഴുതുകയുമായിരുന്നുവെന്നു പ്രകാശ്‌ മണി പറഞ്ഞു.

രണ്ടു ലക്ഷം രൂപ പ്രതിഫലം വാങ്ങുകയും പി.എസ്‌.സി. പരീക്ഷാക്കടലാസില്‍ ദിനേശന്റെ ഫോട്ടോയ്‌ക്കു പകരം തന്റെ ഫോട്ടോ ചേര്‍ത്ത്‌ പരീക്ഷ എഴുതുകയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും ചെയ്‌തതായി ഇയാള്‍ പോലീസിനു മൊഴിനല്‍കി.

സ്വന്തം മേല്‍വിലാസത്തില്‍ നിയമന ഉത്തരവു ലഭിച്ച ദിനേശന്‍ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്‌ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ കയറിയശേഷം പ്രകാശ്‌മണിയുടെ ഫോട്ടോയുടെ സ്‌ഥാനത്ത്‌ ദിനേശന്റെ ഫോട്ടോ പതിപ്പിക്കുകയായിരുന്നു.

പ്രകാശ്‌ മണിയെ പോലീസ്‌ കൂടുതല്‍ ചോദ്യംചെയ്‌തു വരികയാണ്‌. ഇന്നു കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യഹര്‍ജി നല്‍കുമെന്നു പ്രകാശ്‌ മണിയുടെ അഭിഭാഷകന്‍ ലക്ഷ്‌മണന്‍ പറഞ്ഞു.
======================================================

No comments:

Post a Comment