Saturday, January 1, 2011

കേരളത്തില്‍ സാമ്പത്തിക അസമത്വം കൂടുന്നു: പഠനരേഖ

തിരുവനന്തപുരം: സംസ്‌ഥാനത്തു ജനങ്ങള്‍ക്കിടയില്‍ വരുമാനത്തിലെ അന്തരം വര്‍ധിക്കുകയാണെന്ന്‌ അന്താരാഷ്‌ട്ര കേരള പഠന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രേഖ. താഴേത്തട്ടിലുള്ള 30% പേര്‍ ദുരിതപൂര്‍ണമായ ജീവിതമാണു നയിക്കുന്നത്‌. നിലവില്‍ കേരളത്തിനു തുടര്‍ച്ചയായി 10% വളര്‍ച്ചാ നിരക്കാണ്‌. എന്നാലും സാമ്പത്തിക അസമത്വം വര്‍ധിക്കുന്നുണ്ടെന്ന്‌ ഉദ്‌ഘാടനച്ചടങ്ങില്‍ മന്ത്രി തോമസ്‌ ഐസക്‌ അവതരിപ്പിച്ച രേഖ വ്യക്‌തമാക്കി.

മേല്‍ത്തട്ടിലെ ചുരുക്കം ആളുകള്‍ക്കു വന്‍വരുമാനം ഉണ്ടാകുന്നുണ്ട്‌. അന്തരം പരിഹരിച്ചു സമ്പൂര്‍ണ സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന കേരള വികസനമാണു പഠന കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നു തോമസ്‌ ഐസക്‌ പറഞ്ഞു. തൊഴില്‍മേഖല സംരക്ഷിക്കാനും കാര്‍ഷിക മേഖലയിലെ മുരടിപ്പു മാറ്റാനുമുള്ള നടപടികള്‍ ആലോചിക്കും. വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള പദ്ധതിയും ചര്‍ച്ച ചെയ്യും. തൊഴില്‍ മേഖലയില്‍ സ്‌ത്രീ-പുരുഷസമത്വം ഉറപ്പുവരുത്തും. വ്യവസായങ്ങള്‍ പരിസ്‌ഥിതി സൗഹൃദമാക്കുന്നത്‌ എങ്ങനെയെന്ന്‌ ആലോചിക്കും. 10 പുതിയ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ ആരംഭിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരമുണ്ടാകും. സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഐ.ടി-ടൂറിസം മേഖലകളില്‍ കുതിച്ചുചാട്ടമുണ്ടാക്കുന്ന നടപടികള്‍ പഠന കോണ്‍ഗ്രസില്‍ ആവിഷ്‌കരിക്കുമെന്നും തോമസ്‌ ഐസക്ക്‌ വ്യക്‌തമാക്കി.

സംസ്‌ഥാനത്തു പരിസ്‌ഥിതി പ്രത്യാഘാതമുണ്ടാക്കാത്ത സാമ്പത്തിക വികസനമാണു നടക്കുന്നതെന്ന്‌ ഉറപ്പുവരുത്തണമെന്നു പഠന കോണ്‍ഗ്രസില്‍ പങ്കെടുത്ത സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആവശ്യപ്പെട്ടു. കൃഷി, ഭക്ഷ്യസംസ്‌കരണം എന്നീ രംഗങ്ങളിലുള്ള വന്‍സാധ്യത ഉപയോഗപ്പെടുത്തണം.

ബയോ ടെക്‌നോളജി, ബയോ മെഡിസിന്‍ മേഖലകളില്‍ ഗവേഷണ-വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ ആരംഭിക്കണം. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും തടസമായി നില്‍ക്കുന്നതാണു സ്‌ത്രീകള്‍ക്കു തൊഴില്‍ മേഖലയിലുള്ള കുറഞ്ഞ പ്രാതിനിധ്യം. കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങളുടെ മുഖ്യഇരയാണ്‌ കേരളം.ആസിയാന്‍ കരാര്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയതു കേരളത്തിനായിരുന്നു. ദരിദ്രരായി ഗള്‍ഫ്‌ രാജ്യങ്ങളിലേക്കു കുടിയേറുന്നവര്‍ അതിലും ദരിദ്രരായി നാട്ടിലെത്തേണ്ട സ്‌ഥിതിയാണിപ്പോള്‍- കാരാട്ട്‌ ചൂണ്ടിക്കാട്ടി.

No comments:

Post a Comment