Saturday, January 1, 2011

Cricket: SA vs India Test/

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റ് ഇന്നുമുതല്‍

കേപ്‌ടൗണ്‍: ഡര്‍ബനില്‍ നേടിയ ഐതിഹാസിക വിജയത്തിന്റെ മാധുര്യവുമായി പുതുവര്‍ഷത്തിലെ ആദ്യ പരമ്പര വിജയം തേടി ഇന്ത്യ ഇന്ന്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടെസ്‌റ്റ് പരമ്പരയിലെ അവസാന അങ്കത്തിനിറങ്ങും.

കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്‌റ്റേഡിയത്തിലൊരുങ്ങിയ ബാറ്റിംഗ്‌ വിക്കറ്റിലാണ്‌ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റ് ആരംഭിക്കുന്നത്‌. പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചിരുന്നു. ഇതോടെയാണ്‌ മൂന്നാം ടെസ്‌റ്റ് നിര്‍ണായകമായത്‌.

ദക്ഷിണാഫ്രിക്കയിലെ മറ്റു പിച്ചുകളില്‍ നിന്നു വ്യത്യസ്‌തമായി ബാറ്റിംഗിനെ അനുകൂലിക്കുന്നതാണ്‌ കേപ്‌ടൗണിലേതെന്നത്‌ ടീം ഇന്ത്യക്ക്‌ ഏറെ ആശ്വാസം പകരുന്നു. ഫ്‌ളാറ്റ്‌ വിക്കറ്റുകളില്‍ അടിച്ചുതകര്‍ക്കുന്ന വീരേന്ദര്‍ സേവാഗിന്റെ ശൈലി ഇന്ത്യക്ക്‌ ഗുണം ചെയ്യും.

സേവാഗിനു പുറമേ ഗൗതം ഗംഭീര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്‌. ലക്ഷ്‌മണ്‍, മഹേന്ദ്രസിംഗ്‌ ധോണി, രാഹുല്‍ ദ്രാവിഡ്‌ എന്നിവരാണ്‌ ഇന്ത്യയുടെ ബാറ്റിംഗ്‌ കരുത്ത്‌. ഗംഭീറിനും ദ്രാവിഡിനും ആദ്യ രണ്ടു ടെസ്‌റ്റുകളിലും തിളങ്ങാനായില്ല. കേപ്‌ടൗണ്‍ ദ്രാവിഡിനെ സംബന്ധിച്ച്‌ അത്ര മികച്ച റെക്കോഡുള്ള ഗ്രൗണ്ടുമല്ല.

ഒന്നാം ടെസ്‌റ്റിലെ സെഞ്ചുറി പ്രകടനത്തിനു ശേഷം മങ്ങിയ സച്ചിന്‍ തെണ്ടുല്‍ക്കറും ഇവിടെ മികവിലേക്ക്‌ ഉയരുമെന്നാണ്‌ പ്രതീക്ഷ. കഴിഞ്ഞ ടെസ്‌റ്റിലെ ഹീറോ ലക്ഷ്‌മണും നായകന്‍ ധോണിയും കൂടി മിന്നുന്ന പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യക്ക്‌ കൂറ്റന്‍ സ്‌കോര്‍ അനായാസം നേടാനാകും.

ബൗളിംഗ്‌ നിരയില്‍ സഹീര്‍ ഖാന്‍, ശ്രീശാന്ത്‌, ഇഷാന്ത്‌ ശര്‍മ ത്രയം മികച്ച ഫോമിലാണെന്നതും ഇന്ത്യക്ക്‌ ആശ്വാസം പകരുന്നു. പിച്ച്‌ അവസാന ദിനങ്ങളില്‍ സ്‌പിന്നിനെ തുണയ്‌ക്കുമെന്നത്‌ ഫോമിലുള്ള ഹര്‍ഭജന്‍ സിംഗിനും ആഹ്‌ളാദം നല്‍കുന്നുണ്ട്‌.

മറുവശത്ത്‌ ഡര്‍ബനിലേറ്റ അപ്രതീക്ഷിതവും കനത്തതുമായ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന്‌ ദക്ഷിണാഫ്രിക്കയും ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞു. നായകന്‍ ഗ്രെയിം സ്‌മിത്ത്‌, ഹാഷിം അംല, ജാക്ക്‌ കാലിസ്‌, എ.ബി. ഡിവില്യേഴ്‌സ് എന്നിവരിലാണ്‌ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ്‌ പ്രതീക്ഷകള്‍.

ബാറ്റിംഗ്‌ വിക്കറ്റില്‍ ബൗളിംഗ്‌ നിരയയായ ഡെയ്‌ല്‍ സ്‌റ്റെയ്‌നും മോര്‍ണി മോര്‍ക്കലും അടങ്ങുന്ന സംഘം ലോകത്തെ ഏറ്റവും മികച്ച ബാറ്റിംഗ്‌ നിരയുള്ള ഇന്ത്യയെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തിന്റെ ഫലം. 
മത്സരം ഇന്ന്‌ ഉച്ചയ്‌ക്ക് 1.30 ന്‌ ആരംഭിക്കും. ടെന്‍ ക്രിക്കറ്റില്‍ തത്സമയം.

======================================================

=================================================

No comments:

Post a Comment