Saturday, January 15, 2011

National Security: Fake Passports

മലപ്പുറത്തുനിന്ന്‌ 96 ല്‍ നൂറ്ററുപതോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ നല്‍കി

കൊച്ചി: മലപ്പുറം ജില്ലയിലെ അരീക്കോട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍നിന്ന്‌ 1996 ല്‍ നൂറ്റി അറുപതോളം പേര്‍ വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ടുകള്‍ എടുത്തതായി ആഭ്യന്തര സുരക്ഷാ അന്വേഷണസംഘം കണ്ടെത്തി. ഇക്കാലയളവില്‍ ഇവിടെനിന്ന്‌ എടുത്ത പാസ്‌പോര്‍ട്ടുകളില്‍ പത്തില്‍ താഴെ മാത്രമാണു യഥാര്‍ഥ പാസ്‌പോര്‍ട്ടുകളെന്നും അന്വേഷണത്തില്‍ വ്യക്‌തമായി.

അക്കാലയളവില്‍ ഇവിടെ ജോലി ചെയ്‌തിരുന്ന ഉന്നത പോലീസ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥരുടെയും പോസ്‌റ്റ് ഓഫീസ്‌ ജീവനക്കാരുടെയും അറിവോടെയും ഒത്താശയോടെയുമാണു വ്യാജ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കിയതെന്നും അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവിടത്തെ വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ കരസ്‌ഥമാക്കിയതായാണു കണ്ടെത്തല്‍.

ഐ.എസ്‌.ഐ.ടി. കോഴിക്കോട്‌ ഡിവൈ.എസ്‌.പി: എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഒട്ടേറെ വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തതായാണ്‌ വിവരം. സംഭവവുമായി ബന്ധപ്പെട്ട്‌ അക്കാലത്ത്‌ ഇവിടെ ജോലിയിലുണ്ടായിരുന്ന ഡിവൈ.എസ്‌.പി. റാങ്കിലുള്ള പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നാണ്‌ സൂചന. അക്കാലത്തു വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ടുകള്‍ എത്തിച്ചിരുന്ന പോസ്‌റ്റുമാനെയും ചോദ്യം ചെയ്യും. ഇയാള്‍ക്കെതിരേ കേസെടുക്കുമെന്നാണ്‌ അറിയുന്നത്‌.

സംസ്‌ഥാനത്തെ വ്യാജ പാസ്‌പോര്‍ട്ടുകളും വ്യാജ സിംകാര്‍ഡുകളും സംബന്ധിച്ച വിശദമായ അന്വേഷണത്തിനിടയിലാണ്‌ നൂറ്റി അറുപതോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ അരീക്കോട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍നിന്നു നല്‍കിയിട്ടുള്ളതായി ഐ.എസ്‌.ഐ.ടി. കണ്ടെത്തിയത്‌. അരീക്കോട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ കാവനൂര്‍ എന്ന സ്‌ഥലത്തെ വിലാസത്തിലാണ്‌ കൂടുതല്‍ വ്യാജ പാസ്‌പോര്‍ട്ടുകളും നല്‍കിയിട്ടുള്ളതെന്നാണ്‌ സൂചന. പാസ്‌പോര്‍ട്ടുകള്‍ കരസ്‌ഥമാക്കിയ വ്യാജന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അന്വേഷണസംഘം. വ്യാജ പാസ്‌പോര്‍ട്ടെടുത്ത ചിലര്‍ രാജ്യംവിട്ടതായി വിവരം ലഭിച്ചിട്ടുണ്ട്‌. സംഭവം അതീവ ഗൗരവമായാണ്‌ തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ കാണുന്നത്‌.
======================================================

No comments:

Post a Comment