|
|
| പ്ലാനിംഗ് ബോര്‍ഡ് വനിതാ അംഗത്തിനെതിരേ ഗുരുതര ആരോപണം |
|
|
ആലപ്പുഴ: പ്രമാണത്തില്‍ വസ്‌തുവില കുറച്ചുകാട്ടി സര്‍ക്കാരിനു വന്‍ നഷ്‌ടമുണ്ടാക്കാനും വില്‍പ്പനവേളയില്‍ അമേരിക്കയിലുള്ള മകള്‍ക്കുപകരം മറ്റൊരാളെ ഹാജരാക്കി ആള്‍മാറാട്ടത്തിനും ആസൂത്രണബോര്‍ഡ് അംഗം കൂട്ടുനിന്നതായി ആരോപണം. ആസൂത്രണബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പനെതിരേയാണ് ഗുരുതര ആരോപണങ്ങളുയര്‍ത്തി ആലപ്പുഴ സ്വദേശി മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. എന്നാല്‍ സി.പി.എം. ഔദ്യോഗിക നേതൃത്വം ഇടപെട്ട് അന്വേഷണം അട്ടിമറിക്കുകയായിരുന്നു.
ഹരിപ്പാട് തൃക്കുന്നപ്പുഴ ഗവ. സ്‌കൂളിനു സമീപമുള്ള 92 സെന്റ് ഭൂമിയുടെ വില്‍പ്പന സംബന്ധിച്ച് 2008 ജനുവരി 31-ന് 186/08, 187/08 നമ്പരുകളിലായാണു രണ്ടു വിലയാധാരങ്ങള്‍ ചേപ്പാട് സബ് രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
മൃദുല്‍ ഈപ്പന്റെ മക്കളായ ഡോ. മാലിനി ഈപ്പന്‍, അനസൂയ ഈപ്പന്‍ എന്നിവര്‍ക്കു പിതൃസഹോദരനും ഭാര്യയും ചേര്‍ന്ന് ഇഷ്‌ടദാനം നല്‍കിയതാണ് ഒരു വീടുള്‍പ്പടെയുള്ള ഈ സ്‌ഥലം.
അനസൂയ ഈപ്പന്‍ അമേരിക്കയിലായതിനാല്‍ മൃദുല്‍ ഈപ്പന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നു.
2007 ഡിസംബര്‍ 19-ന് 50 രൂപ മുദ്രപത്രത്തില്‍ എഴുതിയ അഡ്വാന്‍സ് ഉടമ്പടിക്കരാറില്‍ ഭൂമി സെന്റിന് 35500 രൂപ പ്രകാരം വിലനിശ്‌ചയിച്ച് മുന്‍കൂറായി 12 ലക്ഷം രൂപ കൈപ്പറ്റിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭൂമി രണ്ടായി തിരിച്ച് അഞ്ചുലക്ഷവും 5,05,000 -വും വീതം വില ഈടാക്കി രണ്ടുപേര്‍ക്ക് വില്‍പ്പന നടത്തിയതായാണ് രജിസ്‌റ്റര്‍ ചെയ്‌ത വിലയാധാരങ്ങള്‍ വ്യക്‌തമാക്കുന്നത്.
മുന്‍കൂര്‍ ഉടമ്പടിപ്രകാരം 32 ലക്ഷത്തിലേറെ രൂപ ഭൂമിക്കു ലഭിക്കുമായിരുന്നെന്നിരിക്കെ 10,05,000 രൂപ മാത്രം പ്രമാണത്തില്‍ക്കാട്ടി സര്‍ക്കാരിന് സ്‌റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ ലഭിക്കേണ്ട ലക്ഷങ്ങള്‍ വെട്ടിക്കുകയായിരുന്നെന്നു പരാതിയില്‍ ആരോപിക്കുന്നു.
പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയ അനസൂയ ഈപ്പനു പകരം ഹരിപ്പാട്ട് ധനകാര്യസ്‌ഥാപനമുടമയായ മറ്റൊരു സ്‌ത്രീയെയാണത്രേ സബ്രജിസ്‌ട്രാര്‍ ഓഫീസില്‍ ഹാജരാക്കിയത്. മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച പരാതിയിന്മേല്‍ അന്വേഷണം നടത്തിയെങ്കിലും ആരോപണം അടിസ്‌ഥാനരഹിതമാണെന്നു ബോധ്യമായതിനാല്‍ തുടര്‍നടപടി ആവശ്യമില്ലെന്നു തീരുമാനിച്ചതായി കാട്ടി ആസൂത്രസാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍. കൃഷ്‌ണകുമാറിന്റെ കത്തു ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയതിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരിക്കുകയാണ് പരാതിക്കാരന്‍.
സി.പി.എം ഔദ്യോഗിക നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മൃദുല്‍ ഈപ്പനെതിരെയുള്ള അന്വേഷണം പാര്‍ട്ടി നേതൃത്വം ഇടപെട്ട് അട്ടിമറിക്കുകയായിരുന്നെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
വെട്ടിപ്പ്‌് സംബന്ധിച്ച് പാര്‍ട്ടിക്കും പരാതി നല്‍കിയെങ്കിലും യാതൊരന്വേഷണവുമുണ്ടായില്ല. വെട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്ക് പാര്‍ട്ടി നേതാക്കളില്‍നിന്നു ഭീഷണിയുമുണ്ടത്രെ.
ഭൂമി കൈമാറ്റത്തിന്റെ മറവില്‍ നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പല പരിഷ്‌ക്കാരങ്ങളും നടത്തിക്കൊണ്ടിരിക്കെ ഉന്നതസ്‌ഥാനത്ത് ഇരിക്കുന്നയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ നിജസ്‌ഥിതി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. (mangalam)
-പ്രദീപ് സി.നെടുമണ്‍ |
|
|
|
No comments:
Post a Comment