Saturday, September 4, 2010

വോട്ടര്‍പട്ടികയില്‍ സ്‌കൂള്‍ കുട്ടികള്‍; പ്രശ്‌നം കോടതിയിലേയ്ക്ക്
Posted on: 04 Sep 2010

വടക്കാഞ്ചേരി: വേലൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പതിനൊന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വോട്ടര്‍പട്ടികയില്‍. വിദ്യാര്‍ഥികളോ അവരുടെ രക്ഷിതാക്കളോ അറിയാതെ പ്രായപൂര്‍ത്തിയാവാത്തവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കളക്ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ ചന്ദ്രന്‍ വട്ടപ്പറമ്പില്‍ പറഞ്ഞു. 

വോട്ടര്‍പട്ടികയില്‍ സി.പി.എം. വ്യാപകമായി ക്രമക്കേടുകള്‍ ചെയ്തിട്ടുണ്ടെന്ന് യു.ഡി.എഫ്. ചൂണ്ടിക്കാണിക്കുന്നു. സമീപ പഞ്ചായത്തിലെ ചിലരെക്കൂടി ഇവിടെ വോട്ടര്‍മാരാക്കിയിട്ടുണ്ട്. എന്നാല്‍, വോട്ടര്‍പട്ടികയിലെ അപാകം കൈപ്പിഴയെന്ന് പഞ്ചായത്ത് സെക്രട്ടറി സോളമന്‍ സേവ്യര്‍. 

പ്രായപൂര്‍ത്തിയാവാത്ത ഏതാനുംപേരുടെ പേര് വോട്ടര്‍പട്ടികയില്‍ അബദ്ധത്തില്‍ അകപ്പെട്ടതാണ്. നീക്കംചെയ്യേണ്ട പരാതി സ്വീകരിച്ച അവസാനദിവസവും ഇക്കാര്യം ഒരു കക്ഷിയും ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഒരാഴ്ചമുമ്പാണ് ഇത്തരം അപാകം സംഭവിച്ചതായി മനസ്സിലാക്കിയത്. ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാവാത്തവരുടെ പേരുകള്‍ പരിശോധിച്ച് നടപടിക്രമം പാലിച്ച് വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കി - വേലൂര്‍ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. 

അതേസമയം, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തതുമായി ഇപ്പോള്‍ ഉണ്ടായ വിവാദത്തില്‍ പഞ്ചായത്ത് ഭരണസമിതിക്ക് യാതൊരു പങ്കുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. നമ്പീശന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരെ വോട്ടര്‍മാരായി ചേര്‍ത്തതില്‍ പങ്കില്ല. അത്തരം കാര്യങ്ങളില്‍ ഇടപെട്ടിട്ടുമില്ല. ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട് - ടി.കെ. നമ്പീശന്‍ പറഞ്ഞു. (Mathrubhumi)

No comments:

Post a Comment