| ഒറ്റയ്‌ക്കു താമസിച്ച വൃദ്ധ മരിച്ച നിലയില്‍; കൊലപാതകമെന്നു സംശയം |
| റാന്നി: വടശേരിക്കരയില്‍ ഒറ്റയ്‌ക്കു താമസിച്ചിരുന്ന വൃദ്ധയെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കിടപ്പുമുറിക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. വടശേരിക്കര കന്നാന്‍ പാലത്തിനുസമീപം കനാല്‍ റോഡിനരികെ തോട്ടുങ്കല്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ (കുട്ടിയമ്മ- 75)യെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏലിയാമ്മയുടെ ജഡം കിടപ്പുമുറിക്കുള്ളില്‍ കട്ടിലിനു സമീപം തറയില്‍ അല്‍പ്പം ചരിഞ്ഞ നിലയിലാണു കാണപ്പെട്ടത്. ഇവരുടെ വായില്‍നിന്നും ചോര ഒഴുകിയിറങ്ങിയിരുന്നു. വാതില്‍ ചാരിയ നിലയിലാണ്. അലമാര തുറന്ന് ഇതിലെ വസ്‌ത്രങ്ങള്‍ അടക്കമുളള സാധനങ്ങള്‍ വാരിവലിച്ചിട്ടിരുന്നു. കിടക്കയ്‌ക്കു സമീപമുണ്ടായിരുന്ന ടെലിഫോണിന്റെ റിസീവര്‍ മാറ്റിയ നിലയിലാണ് കണപ്പെട്ടത്. ഇന്നലെ പത്തരയോടെ അയല്‍വാസിയും ബന്ധുവുമായ പൊന്നച്ചനാണ് വൃദ്ധയടെ ജഡം ആദ്യം കണ്ടത്. വോട്ടുചെയ്യിക്കാന്‍ ഒപ്പം കൂട്ടുന്നതിനാണ് പൊന്നച്ചന്‍ തോട്ടുങ്കല്‍ വീട്ടില്‍ ചെന്നത്. ഇദ്ദേഹം അറിയിച്ചതനുസരിച്ചാണ് നാട്ടുകാരും പോലീസും സ്‌ഥലത്തെത്തിയത്. വിരലടയാള വിദഗ്‌ധരും പോലീസും മൂന്നുമണിക്കൂറോളം ഇവിടെനിന്നും തെളിവുകള്‍ ശേഖരിച്ചു. ഏലിയാമ്മയുടെ മൃതദേഹം ഉച്ചയോടെ പോസ്‌റ്റ്മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സൈനിക ഉദ്യോഗസ്‌ഥനായിരുന്ന ജോര്‍ജ് 15 വര്‍ഷം മുമ്പാണ് മരിച്ചത്. ഏലിയാമ്മയുടെ മകന്‍ സന്തോഷും കുടുംബവും രണ്ടുവര്‍ഷമായി ഓസ്‌ട്രേലിയയിലാണ്. മകള്‍ ജയ്‌സമ്മ മാടമണ്‍ ചേന്നാട്ട് ഭര്‍തൃഗൃഹത്തിലായിരുന്നു. വീട്ടില്‍ തനിച്ചുതാമസമാക്കിയ വൃദ്ധ കുറച്ചുദിവസങ്ങളായി വീടിന്റെ മുന്‍ഭാഗം പൊളിച്ചു നിര്‍മിക്കുകയായിരുന്നു. ബന്ധു ഏര്‍പ്പാടാക്കിയ മൈലപ്ര സ്വദേശി കരാറുകാരന്‍ കൊണ്ടുവന്ന തൊഴിലാളികളാണു പണികള്‍ നടത്തിവന്നത്. തൊഴിലാളികളില്‍ തമിഴ്‌നാട്ടുകാരും ഹിന്ദി സംസാരിക്കുന്നവും ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. വെള്ളിയാഴ്‌ച ഏലിയാമ്മ വടശേരിക്കരയിലുളള ബാങ്കില്‍ പോയിരുന്നുവെന്നും ഓട്ടോറിക്ഷയില്‍ ഉച്ചയോടെ മടങ്ങിവന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. രാത്രി ഏഴുമണിവരെ കെട്ടിടംപണിക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഇവരാരും എത്തിയിരുന്നില്ല. ഇതു നാട്ടുകാരില്‍ സംശയത്തിനിടയാക്കിയിട്ടുണ്ട്. വീടിനുള്ളില്‍നിന്നും എന്തെങ്കിലും മോഷണം നടന്നതായി വിവരം ലഭിച്ചിട്ടില്ല. ഏറെനാളായി വൃദ്ധ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാറില്ലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ====================================================== |
Sunday, October 24, 2010
വൃദ്ധ മരിച്ച നിലയില്‍;
Subscribe to:
Post Comments (Atom)
No comments:
Post a Comment