കണ്ടുപഠിക്കാം.. സലാലയിലെ കണ്ടല്‍കാടുകള്‍
മാധ്യമം, യു.എ.ലത്തീഫ്
Published on Tuesday, October 26, 2010 - 12:36 AM GMT )
സലാല: പായലിന് പുറത്തേക്ക് ചാടി, വെള്ളത്തിലേക്ക് ഊളിയിട്ട് തിമിര്‍ക്കുന്ന ചെറുമീനുകള്‍ , നീലാകാശ ത്തിലേക്ക് വട്ടമിട്ട് പറക്കുന്ന ദേശാടനപക്ഷികള്‍, തെളി നീരില്‍ ഇണയോടൊത്ത് അന്നം തേടുന്ന നീര്‍പക്ഷികള്‍, സായാഹ്നം ചിലവഴിക്കാന്‍ കുടുംബസമേതമെത്തുന്ന സ്വദേശികളും വിദേശി കളുമടങ്ങുന്ന സന്ദര്‍ശകര്‍, ഹരിതാഭയാര്‍ന്ന കണ്ടല്‍ ചെടികള്‍ വകഞ്ഞ് മാറ്റി ചൂണ്ടയിടുന്ന ചെറുപ്പക്കാര്‍... ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ കാഴ്ച നമ്മുടെ നാട്ടിലാണെന്ന് കരുതിയെങ്കില്‍ തെറ്റി. സ്വന്തം നാട്ടില്‍ കണ്ടല്‍കാടുകള്‍ വെട്ടി നശിപ്പിക്കുന്ന മലയാളിക്ക് മാതൃകയാവുകയാണ് സലാലയിലെ കണ്ടല്‍ സംരക്ഷണ കേന്ദ്രം.
സലാല-റയ്‌സൂത്ത് റൂട്ടില്‍ ഹില്‍ട്ടണ്‍ റിസോര്‍ട്ടിനടുത്ത് ഒമാന്‍ പരിസ്ഥിതി പ്രകൃതി മന്ത്രാലയത്തിന് കീഴിലെ തദ്ദേശീയ കണ്ടല്‍ സംരക്ഷണ കേന്ദ്രത്തിലാണ്. തൈച്ചെടികള്‍ മുളപ്പിച്ച് പരിപാലിക്കുന്ന നഴ്‌സറിയും ഇവിടെയുണ്ട്. 'അവിസീനിയ മാരിന' എന്ന ഇനത്തില്‍ പെട്ട തദ്ദേശിയമായ കണ്ടല്‍ ചെടികളാണിവിടെ പരിപാലിക്കപ്പെടുന്നത്. അറബിക്കടലിന്റെ ഓരത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് സംരക്ഷിക്കുന്ന ഈ കണ്ടല്‍ ചെടികള്‍ പ്രത്യേക ആവാസവ്യവസ്ഥയാണ്; ഭക്ഷ്യശൃംഖലയിലെ എല്ലാ കണ്ണികളും ഒത്ത് ചേരുന്ന ഇക്കോ സിസ്റ്റം.
ലോകത്ത് 52 ഇനം കണ്ടല്‍ ചെടികളുണ്ടെന്നാണ് കണക്ക്. ഇവക്ക് വളരാന്‍ പ്രത്യേകസാഹചര്യം ആവശ്യമാണ്. വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന ലവണാംശം കൂടുതലുള്ള ചെളിക്കെട്ടുള്ള പ്രദേശങ്ങളിലാണ് കണ്ടലുകള്‍ നന്നായി വളരുന്നത്. അന്തരീക്ഷതാപനില 10 ഡിഗ്രിയില്‍ താഴാന്‍ പാടില്ല. സൂക്ഷ്മജീവികളുടെ വളര്‍ച്ചക്കനുയോജ്യമായ കറുപ്പ് നിറമുള്ള ജൈവാംശം നിറഞ്ഞ മണ്ണില്‍ സമൃദ്ധമായി കണ്ടല്‍ ചെടികള്‍ വളരും. പെട്ടെന്ന് അഴുകുന്ന കണ്ടല്‍ ഇലകള്‍ മണ്ണിന് കറുപ്പ് നിറവും ജൈവാംശവും നല്‍കുന്നു.
കൈവിരല്‍ പോലെ മുകളിലേക്ക് വളരുന്ന സൂചി വേരുകള്‍ കണ്ടല്‍ ചെടികളുടെ ശ്വസന നാളികളാണ്. കണ്ടല്‍ ചതുപ്പിലെ ഓക്‌സിജന്റെ അഭാവം പരിഹരിക്കുന്നത് ഈ സൂചി വേരുകളാണ്. അന്തരീക്ഷവായുവിലെ ഓക്‌സിജന്‍ വലിച്ചെടുത്ത് ഇവ കണ്ടല്‍ചെടികള്‍ക്ക് ജീവവായു നല്‍കുന്നു. കണ്ടല്‍ ചെടികളുടെ പ്രജനനരീതിയും കൗതുകകരമാണ്. മാതൃസസ്യത്തില്‍ നിന്ന് തന്നെ വിത്തുകള്‍ മുളച്ച് തൈച്ചെടികള്‍ ഉണ്ടാവും. വേരുകള്‍ താഴേക്ക് വളര്‍ന്ന് ഭാരം വര്‍ധിച്ച് മാതൃസസ്യത്തില്‍ നിന്ന് വേര്‍പ്പെട്ട് താഴേക്ക് വീഴുന്ന ഇവ പുതിയ കണ്ടല്‍ ചെടികളായി തീരുന്നു. ലവണാംശം കൂടിയ , ഓകസിജന്റെ അളവ് കുറഞ്ഞ മണ്ണില്‍ വിത്ത് വീണാല്‍ മുള ക്കാത്തതിനാല്‍ പ്രകൃതി ഒരുക്കിയ സംവിധാനമാണിത്. സഞ്ചാരിപ്പക്ഷികളടക്കം അപൂര്‍വങ്ങളായ പക്ഷികളുടെയും ഇഴജന്തുക്കളുടെയും നീര്‍ പക്ഷികളുടെയും വിഹാരകേന്ദ്രമാണ് കണ്ടല്‍കാടുകള്‍. ദേശാടന പക്ഷികള്‍ കൂട് കൂട്ടി മുട്ടയിടുന്നതും പുതുതലമുറ ഉണ്ടാവുന്നതും കണ്ടല്‍ വനങ്ങളിലാണ്. അനേകം ചെറുമല്‍സ്യങ്ങളും കണ്ടലുകള്‍ക്കിടയിലെ ലവണാംശം കൂടിയ ജലത്തില്‍ വളരുന്നു.
114 വര്‍ഷത്തെ ചരിത്രമുള്ള കണ്ടല്‍ ചെടികള്‍ യൂറോപ്പ്, ആര്‍ട്ടിക്, അന്റാര്‍ട്ടിക് പ്രദേശങ്ങ ളിലൊഴികെ എല്ലായിടത്തുമുണ്ട്. വിവിധയിടങ്ങില്‍ മംഗല്‍സ് എന്നറിയപ്പെടുന്ന ഇവ 'മാംഗു' എന്ന പോര്‍ച്ചുഗീസ് വാക്കിനും 'മംഗല്‍സ്' എന്ന സ്‌പാനിഷ് വാക്കിനുമൊപ്പം ' ഗ്രൂവ്' എന്ന ഇംഗ്ലീഷ് വാക്കും ചേര്‍ന്നാണത്രെ മാന്‍ഗ്രൂവ് ആയത്. എന്നാല്‍ ഇത് സെനഗളി വാക്കാണ് എന്ന അഭിപ്രായവുമുണ്ട്. ലോകത്ത് മുപ്പത് രാജ്യങ്ങളിലായി 99,283 ച.കിമീ പ്രദേശത്ത് കണ്ടല്‍ ഉണ്ടെന്നാണ് കണക്ക്. കണ്ണിനും മനസ്സിനും കുളിര് പകരുന്ന സലാലയിലെ കണ്ടല്‍ ചെടികള്‍ പരിസ്ഥിതി സംരക്ഷണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒമാനില്‍ തീര്‍ത്തും സുരക്ഷിതമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.---മാധ്യമം
=====================================================
No comments:
Post a Comment