Sunday, October 24, 2010

ജോലിക്കിടെ ലൈന്‍മാന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
Posted on: 24 Oct 2010

ആലപ്പുഴ: വൈദ്യുതിലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലൈന്‍മാന്‍ വൈദ്യുതാഘാതമേറ്റ് പോസ്റ്റില്‍നിന്ന് താഴെ വീണുമരിച്ചു. കെ.എസ്.ഇ.ബി. ആലപ്പുഴ ടൗണ്‍ സെക്ഷനിലെ ലൈന്‍മാന്‍ ആലപ്പുഴ കൊമ്മാടി നികര്‍ത്തില്‍ രണധീരകുമാര്‍ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ നഗരത്തിലെ കണ്ണന്‍ വര്‍ക്കി പാലത്തിന് വടക്കുവശമായിരുന്നു സംഭവം.

ഹൈടെന്‍ഷന്‍ ലൈനിന്റെ സ്​പിന്‍ ഇന്‍സുലേറ്റര്‍ അഴിഞ്ഞുപോയത് നന്നാക്കാനായിരുന്നു രണധീരകുമാര്‍ പോസ്റ്റില്‍ കയറിയത്. സബ് എന്‍ജിനീയറടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ താഴെ ഉണ്ടായിരുന്നു. വൈദ്യുതി ആഘാതമേറ്റു താഴെ വീണയുടനെ സഹപ്രവര്‍ത്തകരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് ജനറല്‍ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

ലൈനിന്റെ പണി നടത്തുന്നതിനിടെ ലോ ടെന്‍ഷന്‍ ലൈനില്‍ക്കൂടി വന്ന വൈദ്യുതിയാണോ അപകടത്തിന് ഇടയാക്കിയതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഈ ലൈന്‍ ഓഫ് ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടാകുമെന്ന ആക്ഷേപം ജീവനക്കാരുടെ ഭാഗത്തുനിന്നുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അപകടത്തിലേക്കു നയിച്ച കാര്യങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗം അന്വേഷിക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.

രണധീരകുമാറിന്റെ അമ്മ: സരോജിനി. ഭാര്യ: സുമ. മക്കള്‍: രഞ്ജിത്, രേഷ്മി.
=======================================================

No comments:

Post a Comment