ന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ പ്രക്രിയ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രം കൊണ്ടുവന്ന 'ഗ്രാമ ന്യായാലയ നിയമം' സംസ്ഥാനങ്ങള്‍ വേഗം നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നിയമം നടപ്പായാല്‍ രാജ്യത്ത് പഞ്ചായത്ത് തലത്തില്‍ അയ്യായിരത്തോളം ഗ്രാമീണ കോടതികള്‍ നിലവില്‍ വരും. ഇത് സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ നീതിയെത്തിക്കുന്നതിനു തുല്യമാവും- കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം സംഘടിപ്പിച്ച 'നീതിയും നിയമവും സാധാരണക്കാരും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് 71 അതിവേഗ സി.ബി.ഐ. കോടതികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അധ്യക്ഷയായിരുന്നു.
നിയമ പരിഷ്‌കാരങ്ങള്‍ നീതിന്യായ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നുതന്നെ വരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയമ, നീതിന്യായ പരിഷ്‌കാരങ്ങള്‍ സര്‍ക്കാറിന്റെയും ജുഡീഷ്യറിയുടെയും മാത്രം ചുമതലയല്ല, ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കും ഇതില്‍ തുല്യമായ പങ്കുണ്ട്. നിയമപരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ജുഡീഷ്യറിയും സര്‍ക്കാറും ഉദ്യോഗസ്ഥരും അവരുടെ ബുദ്ധിയും അറിവും അനുഭവസമ്പത്തും ഉപയോഗിക്കണം-പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രണ്ടരക്കോടിയോളം കേസുകളാണ് നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളില്‍ കെട്ടിക്കിടക്കുന്നതെന്ന് സോണിയഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ നീതി ലഭ്യമാക്കാനും ഈ കേസുകള്‍ ത്വരപ്പെടുത്താനും ഗ്രാമകോടതികള്‍ സഹായകമാവും-സോണിയ പറഞ്ഞു.