ആരോഗ്യത്തിന് ചേര്‍ന്ന ഭക്ഷണം ഏത്?
നമ്മുടെ ഭക്ഷണശീലത്തില്‍ ഗുരുതരമായ പിശകുകളുണ്ടെന്ന് വിദഗ്ധര്‍. അവ പരിഹരിച്ച് നമ്മള്‍ സ്വീകരിക്കേണ്ട ആരോഗ്യകരമായ ഒരു ഭക്ഷണക്രമത്തെക്കുറിച്ചാണ് ഡോ. കെ. മാലതി എഴുതുന്നത്...
ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം ലോകത്തെവിടെയുമുണ്ടാകുന്ന മാറ്റം ഏറ്റുവാങ്ങുന്നവരാണ് നമ്മള്‍ കേരളീയര്‍. അതിന്റെ നന്മതിന്മകളെക്കുറിച്ച് ആലോചിക്കാന്‍പോലും മിനക്കെടാതെ പുതിയ വിഭവങ്ങളിലേക്കും ഭക്ഷണചര്യയിലേക്കും കൂപ്പുകുത്തുന്ന കേരളം, ഇന്ന് വന്‍ വില കൊടുത്തു വാങ്ങുന്ന പോഷണദാരിദ്ര്യത്തിന്റെ നടുവിലാണ്. നൂറ്റാണ്ടുകള്‍കൊണ്ട് സ്ഫുടം ചെയ്‌തെടുത്ത കുറ്റമറ്റ ഒരു ഭക്ഷണ പാരമ്പര്യം കേരളത്തിനുണ്ടായിരുന്നു. അതു നമുക്കിന്ന് അന്യമായിത്തീര്‍ന്നോ എന്നു സംശയം.
ഭക്ഷണത്തെക്കുറിച്ച് വ്യവസ്ഥാപിതമായ പോഷണശാസ്ത്രം ഉണ്ടാകുന്നതിനുമെത്രയോ മുന്‍പുതന്നെ നമ്മുടെ ഭക്ഷണം സമീകൃതമായിരുന്നു. ആ ഭക്ഷണശൈലിയില്‍ ഓരോ സമയത്തെയും ഭക്ഷണം സമീകൃതമായിരുന്നു. ഓരോ വിഭവവും സംപുഷ്ടമായിരുന്നു. ശരീരരക്ഷയും ദേഹപുഷ്ടിയും മാനസികാരോഗ്യവും മുന്നില്‍ കണ്ടുകൊണ്ട് ആസൂത്രണം ചെയ്തവയായിരുന്നു ആ ഭക്ഷണവിഭവങ്ങള്‍. അവ നമ്മളിന്ന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പരീക്ഷിച്ചുനോക്കുന്നു. അതിലൊന്നാണ് തിരുവോണം നാളിലെ സദ്യ. സാമ്പാറും പരിപ്പും അവിയലും എരിശേരിയും പുളിശേരിയും പച്ചടിയും കിച്ചടിയും തോരനുമൊക്കെ ഓര്‍മയുടെ അക്ഷയപാത്രത്തില്‍ നിന്നെടുത്ത് പാകം ചെയ്തു വിളമ്പുന്നു. ആ സന്ദര്‍ഭങ്ങളൊഴിവാക്കിയാല്‍ നമ്മുടെ തനതായ ഭക്ഷണവിഭവങ്ങളില്‍ നിന്നൊക്കെ എത്രയോ അകലെയാണ് നാം.
പ്രാതലിന് പഴമക്കാര്‍ക്ക് കഞ്ഞിയും പുഴുക്കുമായിരുന്നു പ്രധാനം. ആധുനിക ജീവിതശൈലീരോഗങ്ങളായ പ്രമേഹത്തെയും രക്താതിസമ്മര്‍ദത്തെയും കുറയ്ക്കാന്‍ ആ പ്രാതലിന് ഇപ്പോഴും കഴിയും. അതു കഴിഞ്ഞ് കാപ്പിയും പലഹാരവുമായി നമ്മളുടെ പ്രാതല്‍. അപ്പോഴും കുഴപ്പമൊന്നുമില്ലായിരുന്നു. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, പുട്ടും പയറും പഴവും, അപ്പവും കൂട്ടുകറിയും - ഇങ്ങനെയുള്ള പ്രാതല്‍ മുതിര്‍ന്നവര്‍ക്ക് ജോലി ചെയ്യാനും കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പോഷണമൂല്യങ്ങള്‍ വേണ്ടത്ര നല്‍കിയിരുന്നു. ഏതാണ്ട് 12 മണിക്കൂര്‍ നീളുന്ന നിരാഹാരത്തിനു ശേഷം കഴിക്കുന്ന പ്രാതലാണ് വ്യക്തിക്ക് ആ ദിവസത്തേക്കാവശ്യമായ ശേഷിയും ഊര്‍ജവും നല്‍കുന്നത്.
ഇന്ന് ചെറിയ കുട്ടികള്‍പോലും പ്രാതല്‍ ഒഴിവാക്കുകയോ സാഹചര്യ സമ്മര്‍ദങ്ങള്‍മൂലം കഴിച്ചെന്നു വരുത്തുകയോ ചെയ്യുന്നു. രണ്ടു കഷണം ബ്രെഡും പൊതുവിതരണശൃംഖലയില്‍ ലഭിക്കുന്ന ഒരു ഗ്ലാസ് പാലും അതാവും പ്രാതല്‍. ലഞ്ചും അതുതന്നെയാവും. വൈകീട്ട് സ്‌കൂള്‍ വിട്ട് തിരിച്ചെത്തുമ്പോഴും പോഷണദാരിദ്ര്യമുള്ള കേക്കോ, ബിസ്‌കറ്റോ, ചീറ്റോസോ ഒക്കെയാവും ഭക്ഷണം. വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെ ശരീരത്തിനാവശ്യമായ ഊര്‍ജമോ, മാംസ്യമോ, ലവണങ്ങളോ, ജീവകങ്ങളോ വലിയ വിലകൊടുത്ത് വാങ്ങുന്ന ഈ ഭക്ഷണസാധനങ്ങള്‍ നല്‍കുന്നില്ല.
കൊഴുപ്പ് കൂടുതലടങ്ങിയ ഫാസ്റ്റ് ഫുഡിന്റെ അടിമകളായി മാറിയിരിക്കുന്നു ഇന്നത്തെ തലമുറ. ഈ സൗകര്യ ഭക്ഷണങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പാകപ്പെടുത്തണ്ട, പാത്രങ്ങള്‍ കഴുകണ്ട, എപ്പോഴും ലഭ്യം. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഫുഡ്‌ഷോകളിലും മധുരവും കൊഴുപ്പും ധാരാളം ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങളാണധികവും. ഇവയെല്ലാംകൂടെ ചേര്‍ന്നതാണ് ഇന്ന് കേരളത്തിന്റെ പൊതു സമ്പത്തായി മാറിയിരിക്കുന്ന ദുര്‍മേദസ്സും മറ്റു ജീവിതശൈലീരോഗങ്ങളും. മനുഷ്യശരീരത്തിന് പട്ടിണിയെ അതിജീവിക്കാനുള്ള അസാമാന്യമായ കഴിവുണ്ട്. എന്നാല്‍, ഭക്ഷണ ധാരാളിത്തത്തെ അതിജീവിക്കാനാവില്ല.
പച്ചക്കറികള്‍ കേടു വരാതിരിക്കാന്‍ കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികള്‍ക്കു പുറമേയാണ് കച്ചവടക്കാരുടെ കീടനിയന്ത്രണം. മത്സ്യവും മാംസവും ഇത്തരം പ്രയോഗങ്ങള്‍ കഴിഞ്ഞാണ് നമ്മുടെ മുന്നിലെത്തുന്നത്. അതുപോലെതന്നെയാണ് കമ്പോളത്തില്‍ ലഭിക്കുന്ന പലതരം കറിപ്പൊടികളും. സംരക്ഷിത ജലം പത്തു ശതമാനം പേര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂ.
യുവജനങ്ങളുടെ ഇടയില്‍ മദ്യം ഒരു ഭക്ഷണവിഭവത്തിന്റെ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. പ്രാതല്‍ ഒഴിവാക്കി 11 മണിക്ക് ഒരു ഹെവി ബ്രഞ്ച് കഴിക്കുകയും വെള്ളം കുടിക്കുന്ന ലാഘവത്തോടെ ബിയറും മറ്റു ലഹരിപാനീയങ്ങളും കഴിക്കുകയും ചെയ്യുന്നത് കൗമാരപ്രായക്കാരുടെ ഇടയില്‍പോലും ഒരു രീതിയായി മാറിയിട്ടുണ്ട്. മുതിര്‍ന്നവരുടെ ഇടയിലാണെങ്കില്‍ 'ചൂടന്‍' പാര്‍ട്ടികള്‍ സാധാരണമായി. മദ്യമില്ലാതെ എന്താഘോഷം എന്നു കരുതുന്ന കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് മറുനാട്ടിലെ കേരളീയരെപ്പോലും ലജ്ജിപ്പിക്കുന്നു. ഫലമോ? കരള്‍രോഗങ്ങള്‍ക്കടിമയാകുന്നു കേരളം. നമ്മളിന്ന് അനുകരിക്കുന്ന പടിഞ്ഞാറന്‍ ഭക്ഷ്യസംസ്‌കാരം കേരളത്തിലേക്കു നുഴഞ്ഞു കയറാന്‍ തുടങ്ങിയിട്ട് 20-25 വര്‍ഷമേ ആയിട്ടുള്ളു. നമുക്കു തിരിച്ചുപോകാന്‍ ഇനിയും സമയമുണ്ട്.
മാതൃകാഭക്ഷണക്രമം
കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് പിന്തുടരാന്‍ പറ്റിയ ഒരു ഭക്ഷണക്രമം.
കാപ്പി/ചായ (ഒരു കപ്പ്)
ഇഡ്ഡലി, സാമ്പാര്‍/ചട്ട്ണി, ചായ/കാപ്പി
ദോശ, സാമ്പാര്‍/ചട്ട്ണി, ചായ/കാപ്പി
ചപ്പാത്തി, കൂട്ടുകറി, ചായ/കാപ്പി
പുട്ട്, കടലക്കറി, ചായ/കാപ്പി
പുട്ട്, പയറ്, പഴം, ചായ/കാപ്പി
കഞ്ഞി, ചെറുപയര്‍ തോരന്‍
കഞ്ഞി, പുഴുക്ക്
ചോറ് രണ്ട് കപ്പ്
സാമ്പാര്‍/പരിപ്പുകറി/മീന്‍ കറി/ഇറച്ചിക്കറി
അവിയല്‍
സാലഡ്
മോര്
ചെറുപഴം 1/തക്കാളി 1/ ഓറഞ്ച് 1/ മുന്തിരിങ്ങ (10 എണ്ണം)
കാപ്പി/ചായ ഒരു കപ്പ്
കഞ്ഞി, ചെറുപയര്‍ കടുക് വറുത്തത്
ചോറ്, അവിയല്‍, രസം
ചപ്പാത്തി, കൂട്ടുകറി, സാലഡ്
(Mathrubhumi)
No comments:
Post a Comment