Wednesday, May 26, 2010

Science - A step forward to quantum computer.

ഏഴ് ആറ്റങ്ങള്‍കൊണ്ട് ട്രാന്‍സിസ്റ്റര്‍; 'ക്വാണ്ടംകമ്പ്യൂട്ടിറി'ലേക്ക് ആദ്യ ചുവട്‌

posted on: 25 May 2010


വെറും ഏഴ് ആറ്റങ്ങള്‍ക്കൊണ്ട് ട്രാന്‍സിസ്റ്റര്‍ നിര്‍മിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ ഇലക്ട്രോണിക്‌സ് ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. കൂടുതല്‍ ചെറുതും ശക്തവുമായ കമ്പ്യൂട്ടറുകള്‍ക്ക് രൂപംനല്‍കാന്‍ സഹായിക്കുന്നതാണ് ഈ മുന്നേറ്റം. ഭാവിയിലെ കമ്പ്യൂട്ടറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ക്വാണ്ടംകമ്പ്യൂട്ടറുകളി'ലേക്കുള്ള ആദ്യചുവടാണിതെന്ന് വിലയിരുത്തപ്പെടുന്നു.

സിലിക്കണ്‍ ചിപ്പ് ബ്ലോക്കുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന സൂക്ഷ്മസ്വിച്ചുകളാണ്
ട്രാന്‍സിസ്റ്ററുകള്‍. 1947-ല്‍ ആദ്യട്രാന്‍സിസ്റ്റര്‍ രൂപപ്പെടുത്തിയ ശേഷം ഒട്ടേറെ നാടകീയ മാറ്റങ്ങള്‍ക്ക് അവ വിധേയമായിട്ടുണ്ട്. വലിപ്പത്തിലുണ്ടായ വന്‍കുറവാണ് ആ മാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയം. ട്രാന്‍സിസ്റ്ററുകളുടെ വലിപ്പവും അതുവഴി കമ്പ്യൂട്ടര്‍ പ്രോസസറുകളുടെ വലിപ്പവും അവിശ്വസനീയമായി കുറയ്ക്കാന്‍ സഹായിക്കുന്ന മുന്നേറ്റമാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തയിരിക്കുന്നത്.

നിലവിലുള്ളവയെ അപേക്ഷിച്ച് നൂറിലൊന്ന് വലിപ്പം മാത്രമുള്ള കമ്പ്യൂട്ടര്‍ പ്രോസസറുകള്‍ക്ക് രൂപം നല്‍കാന്‍ ഇപ്പോഴത്തെ മുന്നേറ്റം സഹായിക്കും. എന്നാല്‍, ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചെറിയ ട്രാന്‍സിസ്റ്റര്‍ അല്ല ഇത്. മുമ്പ് രണ്ട് ഗവേഷണസംഘങ്ങല്‍ ഓരോ ആറ്റം മാത്രമടങ്ങിയ ട്രാന്‍സിസ്റ്ററുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പക്ഷേ, അവയ്ക്ക് പ്രയോഗിക തലത്തില്‍ വലിയ ചലനമുണ്ടാക്കാനായില്ല.

അതേസമയം, പുതിയ കണ്ടെത്തല്‍ പ്രായോഗികമായി പ്രയോജനപ്പെടുത്താനാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഒരു സിക്കണ്‍ പരലില്‍ നിന്ന് ഏഴ് ആറ്റങ്ങള്‍ നീക്കംചെയ്ത ശേഷം അവിടെ ഏഴ് ഫോസ്ഫറസ് ആറ്റങ്ങള്‍ സ്ഥാപിച്ചാണ് പുതിയ ട്രാന്‍സിസ്റ്ററിന് രൂപംനല്‍കിയത്. സവിശേഷമായ ഒരു സൂക്ഷ്മദര്‍ശനിയുടെ സഹായത്തോടെയാണ് ഗവേഷകര്‍ ഇത് സാധിച്ചത്.

ആറ്റങ്ങളുടെ തലത്തില്‍ ചിട്ടയോടുകൂടി സിലിക്കണില്‍ നിര്‍മിച്ച ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക് ഉപകരണമാണിതെന്ന്, മുഖ്യഗവേഷകയും ന്യൂ സൗത്ത് വേല്‍സ് സര്‍വകലാശാലയിലെ പ്രൊഫസറുമായ
മിഷെല്ലി സിമോണ്‍സ് പറയുന്നു. വേല്‍സ് സര്‍വകലാശാലയിിലെ സെന്റര്‍ ഫോര്‍ ക്വാണ്ടം കമ്പ്യൂട്ടര്‍ ടെക്‌നോളജി, വിസ്‌കോസിന്‍-മാഡിസന്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ്
സംഘത്തിലുണ്ടായിരുന്നത്

No comments:

Post a Comment