Saturday, January 1, 2011

വ്യാജ കേരളം --- സുന്ദര കേരളം

മോട്ടോര്‍ വാഹന വകുപ്പില്‍ വ്യാജരേഖ ഹാജരാക്കി 43 പേര്‍ വെഹിക്കിള്‍ ഇന്‍സ്‌പക്‌ടര്‍മാരായി

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പില്‍ മിനിസ്‌റ്റീരിയല്‍ വിഭാഗത്തില്‍ ജോലി ചെയ്‌തിരുന്ന 43 പേര്‍ വ്യാജരേഖ ഹാജരാക്കി വെഹിക്കിള്‍ ഇന്‍സ്‌പക്‌ടര്‍മാരായി ജോലി നേടി. 1995-2008 ലാണ്‌ ട്രാന്‍സ്‌ഫര്‍ പ്രൊമോഷന്‍ വഴി വ്യാജരേഖ നല്‍കി ഇവര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായത്‌. തിരുവനന്തപുരത്തെ ഒരു ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പില്‍നിന്നാണ്‌ ഇവരെല്ലാം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയതെന്നും കണ്ടെത്തി. 

കേരള മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് അനുസരിച്ചു വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറാകാന്‍ സംസ്‌ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍നിന്ന്‌ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗിലോ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിലോ ലഭിച്ച ത്രിവത്സര ഡിപ്ലോമ, സര്‍ക്കാര്‍ അംഗീകൃത ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പില്‍നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, മോട്ടോര്‍ സൈക്കിളും ഹെവി ഗുഡ്‌സ് വാഹനങ്ങളും ഹെവി പാസഞ്ചര്‍ വാഹനങ്ങളും ഓടിക്കാനുള്ള ലൈസന്‍സ്‌ എന്നിവ ഉണ്ടായിരിക്കണം. എന്നാല്‍ ടെക്‌നിക്കല്‍ ബോര്‍ഡിന്റെയോ സര്‍വകലാശാലയുടെയോ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിനു പകരം കോഴ്‌സ് ചെയ്‌ത സ്‌ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റാണ്‌ ഇവര്‍ ഹാജരാക്കിയത്‌. ഇവര്‍ നല്‍കിയ വര്‍ക്‌ഷോപ്പ്‌ എക്‌സ്പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റില്‍ രാവിലെ 8 മുതല്‍ 10 വരെയും വൈകുന്നേരം 5.30 മുതല്‍ 8.30 വരെയും ജോലി ചെയ്‌തെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്‌.

ദിവസം എട്ടു മണിക്കൂര്‍ ജോലി ചെയ്‌തിരിക്കണമെന്നതാണു വ്യവസ്‌ഥയെങ്കിലും സര്‍ട്ടിഫിക്കറ്റ്‌ അനുസരിച്ച്‌ ഇവര്‍ അഞ്ചു മണിക്കൂര്‍ മാത്രമാണു ജോലി ചെയ്‌തിരിക്കുന്നത്‌. വര്‍ക്ക്‌ഷോപ്പിലെ പ്രവൃത്തിപരിചയം ശമ്പളത്തോടുകൂടിയതും ആയിരിക്കണം. ഇവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ അണ്‍പെയ്‌ഡ് എംപ്ലോയീ എന്നാണ്‌ എഴുതിയിരിക്കുന്നത്‌.

ഫുള്‍ടൈം പ്രവൃത്തിപരിചയം വേണമെന്നിരിക്കെ ഇവരെല്ലാം വകുപ്പില്‍ മിനിസ്‌റ്റീരിയല്‍ ജോലിചെയ്‌ത സമയത്തുതന്നെ പാര്‍ട്‌ടൈം ജോലി ചെയ്‌തതായാണു സര്‍ട്ടിഫിക്കറ്റ്‌ വ്യക്‌തമാക്കുന്നത്‌. ഒരേസമയം രണ്ടു ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയമം അനുവദിക്കാത്തതിനാല്‍ ഇതും നിയമലംഘനമാണ്‌.

നിയമം ലംഘിച്ചു സര്‍വീസില്‍ കയറിയവരെ തരംതാഴ്‌ത്തണമെന്ന്‌ 2007 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. മിനിസ്‌റ്റീരിയല്‍ സ്‌റ്റാഫില്‍നിന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായി സ്‌ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്ക്‌ ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍ പരിശോധിക്കുന്നത്‌ അവര്‍ ജോലി ചെയ്യുന്ന ഓഫീസിലെ ആര്‍.ടി.ഒ. ആണ്‌.

No comments:

Post a Comment