Thursday, January 20, 2011


ഒന്നാം മാറാട്‌ കലാപം: കുഞ്ഞിക്കോയ വധക്കേസ്‌: ടി.വി. സുരേഷ്‌ ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാര്‍
കോഴിക്കോട്‌: ഒന്നാം മാറാട്‌ കലാപത്തിനു വഴിവച്ച പരീച്ചന്റകത്ത്‌ കുഞ്ഞിക്കോയ (32) വധക്കേസില്‍ ഹിന്ദു ഐക്യവേദി സംസ്‌ഥാന സെക്രട്ടറി ടി.വി.സുരേഷ്‌ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കുറ്റക്കാരെന്നു കോടതി വിധിച്ചു. അഞ്ചുപേരെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കു മാറാട്‌ പ്രത്യേക കോടതി ഇന്നു ശിക്ഷ വിധിക്കും.

ആദ്യ മൂന്നു പ്രതികളായ കോരന്റകത്ത്‌ ബിവീഷ്‌ (37), തെക്കേത്തൊടി സുരേഷ്‌ (54), ചോയിച്ചന്റകത്ത്‌ വിജേഷ്‌ (31) എന്നിവരെയാണു മാറാട്‌ പ്രത്യേക കോടതി ജഡ്‌ജി സോഫി തോമസ്‌ കുറ്റക്കാരെന്നു കണ്ടെത്തിയത്‌. കണ്ണന്റെ പുരയില്‍ ശിവദാസന്‍ (65), ചോയിച്ചന്റകത്ത്‌ അനില്‍ എന്ന ആനു (42), തെക്കേതൊടി മധു (40), കണ്ണന്റെ പുരയില്‍ സുബോധ്‌ (33), തെക്കേതൊടി പ്രജീഷ്‌(31) എന്നിവരെ വെറുതെ വിട്ടു. കേസില്‍ എട്ടു പ്രതികളാണുണ്ടായിരുന്നത്‌.

അഞ്ചുപേര്‍ കൊല്ലപ്പെട്ട ഒന്നാം മാറാട്‌ കൊലപാതക കേസുകളില്‍ വിധി പറയുന്ന അവസാന കേസാണിത്‌. കൊലപാതകം, സാമുദായിക സ്‌പര്‍ധ വളര്‍ത്തല്‍, ആയുധവുമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു മൂന്നുപേരേയും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്‌. ഒന്നാം പ്രതി ബിബീഷ്‌ മാറാട്ടു നടന്ന മറ്റൊരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലശിക്ഷ അനുഭവിക്കുകയാണ്‌. രണ്ടാം പ്രതി തെക്കേതൊടി സുരേഷ്‌, മൂന്നാം പ്രതി ചോയിച്ചന്റകത്ത്‌ വിജേഷ്‌, വെറുതെവിട്ട നാലാം പ്രതി കണ്ണന്റെപുരയില്‍ ശിവദാസന്‍ എന്നിവര്‍ എന്നിവരും കൊലപാതക കേസില്‍ അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടവരാണ്‌. ഈ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്‌.

2002 ജനുവരി മൂന്നിനു രാത്രി ഏഴേമുക്കാലോടെയുണ്ടായ ഒന്നാം മാറാട്‌ കലാപത്തില്‍ കൊല്ലപ്പെട്ട ആദ്യയാളാണു പരീച്ചന്റകത്ത്‌ കുഞ്ഞിക്കോയ. തുടര്‍ന്നു നാലു പേര്‍ കൂട മാറാട്ട്‌ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനാണ്‌ കേസിന്റെ വിചാരണ തുടങ്ങിയത്‌. പ്രതിഭാഗത്തു നിന്നുള്ള ആറുപേര്‍ ഉള്‍പ്പടെ മൊത്തം 18 പേരെ കോടതി വിസ്‌തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി കെ.വി.ജോസഫും പ്രതികള്‍ക്കുവേണ്ടി അഡ്വ.പി.എസ്‌.ശ്രീധരന്‍ പിള്ളയും പി.പി.സുരേന്ദ്രനും ഹാജരായി
==========================================

No comments:

Post a Comment