| മകള്‍ കതിര്‍മണ്ഡപത്തിലേക്ക് നീങ്ങുന്നതിനിടെ പിതാവ് ഹൃദയാഘാതംമൂലം മരിച്ചു |
| ചങ്ങനാശേരി: രണ്ടുസെന്റ് ഭൂമിയിലെ കൊച്ചുകുടുംബത്തെ കരകയറ്റാനുള്ള തത്രപ്പാടിനിടയില്‍ പിതാവ്, മകളുടെ വിവാഹദിവസംതന്നെ കടങ്ങളും ബാധ്യതയുമില്ലാത്ത ലോകത്തേക്കു മടങ്ങി. മറ്റം പുതുപ്പറമ്പില്‍ ബാബു ദേവസ്യ (ബാബു 52) ആണ് മകളുടെ വിവാഹദിവസം ഹൃദയാഘാതംമൂലം മരിച്ചത്. ഇന്നലെ രാവിലെ ഏഴിനു വീട്ടില്‍വച്ച് നെഞ്ചുവേദനയനുഭവപ്പെട്ട ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആധാരം പണയംവച്ചാണു ബാബു ബിന്‍സിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. വിവാഹത്തിനു സഹായം നല്‍കാന്‍ ഒരു വിദേശ മലയാളി തയാറായതോടെ സ്വര്‍ണം വാങ്ങാന്‍ കരുതിയ പണവുമായി ആധാരം വീണ്ടെടുക്കാന്‍ ചെന്നപ്പോള്‍ കൂടുതല്‍ തുക നല്‍കണമെന്ന് ആധാരം കൈവശംവച്ചവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മനഃപ്രയാസത്തിലായിരുന്നു ബാബു. ഇന്നലെ രാവിലെ 11ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലായിരുന്നു മകള്‍ ബിന്‍സിയുടെയും വെട്ടിത്തുരുത്ത് സ്വദേശി ഷൈജുവിന്റെയും വിവാഹം. മകള്‍ ഒരുങ്ങാന്‍ ബ്യൂട്ടീഷ്യനു മുന്നിലിരിക്കുമ്പോഴാണു പിതാവിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ചങ്ങനാശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അച്‌ഛന്റെ മരണം മകള്‍ ബിന്‍സിയേയും ഭാര്യ വത്സമ്മയേയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍. ഭാര്യ: വത്സമ്മ. മക്കള്‍: ബിന്‍സി, ബിബി (മംഗലാപുരം ബി.ബി.എ. വിദ്യാര്‍ഥിനി), ബിനു (വിശാഖപട്ടണം മറൈന്‍ഡ്രൈവ് വിദ്യാര്‍ഥി). മരുമകന്‍: ഷൈജു. ============================================ |
Thursday, January 20, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment