അന്ധഗായകനു കണ്ണു നല്‍കി;സുശീലന്‍ ജീവന്‍ ഉപേക്ഷിച്ചു |
തിരുവനന്തപുരം: ഏറെ ആരാധിച്ച മധുരശബ്‌ദത്തിന്റെ ഉടമയ്‌ക്ക് വര്‍ണങ്ങളുടെ ലോകത്തേക്കുള്ള വാതില്‍ തുറന്നിട്ടുകൊണ്ട് സുശീലന്‍ യാത്രയായി. അന്ധഗായകനു സമ്മാനമായി തന്റെ കണ്ണുകളാണ് സുശീലന്‍ ബാക്കിവച്ചത്. പറങ്കിമാവിന്റെ കൊമ്പില്‍ ജീവിതമൊടുക്കുമ്പോള്‍, കണ്ണുകള്‍ താനേറെ സ്‌നേഹിച്ച ഗായകനു നല്‍കണമെന്ന വില്‍പ്പത്രം പോക്കറ്റില്‍ തിരുകിവയ്‌ക്കാന്‍ സുശീലന്‍ മറന്നില്ല. കടയ്‌ക്കല്‍, കുറ്റിക്കാട്, വാറ്റിക്കോണത്തു സുശീലനെ (52) ഇന്നലെ രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം പരിശോധിക്കുമ്പോഴാണ് കണ്ണുകള്‍ ദാനംചെയ്‌തുകൊണ്ട് മുദ്രപത്രത്തിലെഴുതിയ വില്‍പത്രം കണ്ടെത്തിയത്. തന്റെ കണ്ണുകള്‍ ഒരു ടിവി ചാനലിലെ സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന അന്ധഗായകനായ ബാബുവിനു നല്‍കണമെന്നാണു സുശീലന്‍ എഴുതിയിരുന്നത്. ശരീരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കു പഠനാവശ്യത്തിനു നല്‍കണമെന്നും. ഇന്നലെ രാവിലെ തന്നെ ശരീരം മെഡിക്കല്‍ കോളജിലെത്തിച്ച് വില്‍പ്പത്ര പ്രകാരം കണ്ണുകള്‍ നീക്കംചെയ്‌തു. അതു ബാബുവിനു നല്‍കാനുള്ള നടപടിക്രമങ്ങള്‍ അടിയന്തരമായി കൈക്കൊള്ളുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഈ റിയാലിറ്റി ഷോ ഒരിക്കലും മുടക്കാതിരുന്ന സുശീലനു ബാബുവിനോടായിരുന്നു ഇഷ്‌ടം. ബാബുവിനു വേണ്ടി എല്ലാവരും എസ്.എം.എസ്. അയയ്‌ക്കണമെന്നും പറയാറുണ്ടായിരുന്നു. ഹൃദ്രോഗിയായ സുശീലന് വ്യാഴാഴ്‌ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്‌ത്രക്രിയ നിശ്‌ചയിച്ചിരുന്നു. സുശീലന്‍ പറഞ്ഞതുപ്രകാരം ശസ്‌ത്രക്രിയ അടുത്ത വ്യാഴാഴ്‌ചത്തേക്കു മാറ്റിവച്ചു. അതിനു കാത്തുനില്‍ക്കാതെയാണ് സുശീലന്‍ മരക്കൊമ്പില്‍ ജീവിതം അവസാനിപ്പിച്ചത്. രമണിയാണു ഭാര്യ. മക്കള്‍ അജിത്ത് (അബുദാബി), വിഷുകുമാര്‍. |
======================================================= |
Friday, January 21, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment