റവന്യൂ വകുപ്പില്‍ അയോഗ്യര്‍ പതിനായിരത്തിലേറെ |
മാവേലിക്കര: റവന്യൂവകുപ്പില്‍ നിശ്‌ചിതയോഗ്യതയില്ലാതെ വില്ലേജ്-താലൂക്ക് ഓഫീസുകളില്‍ ജോലി ചെയ്യുന്നതു പതിനായിരത്തിലേറെപ്പേര്‍. 1996-ലാണ് ചെയിന്‍സര്‍വേ കോഴ്‌സ് പാസായവരുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിയമം ഭേദഗതി ചെയ്‌തത്. അന്നത്തെ എല്‍.ഡി. ക്ലര്‍ക്ക് റാങ്ക് ലിസ്‌റ്റില്‍നിന്നു മാത്രം ആയിരത്തിലധികം പേര്‍ക്കു നിയമനം നല്‍കി. റവന്യൂവകുപ്പില്‍ 1989-നു മുമ്പ് റവന്യൂ, വില്ലേജ് വിഭാഗങ്ങള്‍ വെവ്വേറെയായിരുന്നു. വില്ലേജ് ജീവനക്കാര്‍ക്ക് എല്‍.ഡി. ക്ലര്‍ക്ക് തസ്‌തികയില്‍ പ്രവേശിക്കുന്നവരെ അപേക്ഷിച്ചു സ്‌ഥാനക്കയറ്റ സാധ്യത കുറവായതിനാല്‍ അതു പരിഹരിക്കാനായി 1984-മുതല്‍ മുന്‍കാലപ്രാബല്യം വരത്തക്കവിധം റവന്യൂ-വില്ലേജ് സംയോജനം നടപ്പാക്കി. സംയോജനത്തോടെ വകുപ്പിലെ പൊതുതസ്‌തികയായ എല്‍.ഡി. ക്ലര്‍ക്ക്/വില്ലേജ് അസിസ്‌റ്റന്റ് തസ്‌തികയ്‌ക്ക് എസ്.എസ്.എല്‍.സിയും ചെയിന്‍സര്‍വേയും യോഗ്യതയായി നിശ്‌ചയിച്ചു. ഇതു മറികടന്നാണു ചെയിന്‍സര്‍വേ കോഴ്‌സ് പാസായവരുടെ ദൗര്‍ലഭ്യം പറഞ്ഞ് യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിയമം ഭേദഗതി ചെയ്‌തത്. ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. നിയമനം ലഭിച്ച എല്‍.ഡി. ക്ലര്‍ക്കുമാരില്‍ വര്‍ഷങ്ങള്‍ക്കു ശേഷവും ചെയിന്‍സര്‍വേ പാസാകാത്തവരുണ്ട്. ചെയിന്‍സര്‍വേ പാസായെങ്കിലേ പ്രൊബേഷന്‍ പൂര്‍ത്തിയായതായി പ്രഖ്യാപിക്കൂ. എന്നാല്‍ ജോലിയില്‍ തുടരാന്‍ തടസമില്ല. അങ്ങനെ നിയമനം ലഭിച്ചവരെ ശമ്പളം സഹിതം കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും സര്‍വേ സ്‌കൂളുകളിലയച്ചു പരിശീലിപ്പിക്കുകയാണു പതിവ്. ഇതിലൂടെ സര്‍ക്കാരിനു ലക്ഷങ്ങളുടെ അധികച്ചെലവുണ്ടാകുന്നു. സര്‍ക്കാര്‍മേഖലയില്‍ അഞ്ചും സ്വകാര്യമേഖലയില്‍ പതിമൂന്നും സര്‍വേ സ്‌കൂളുകള്‍ സംസ്‌ഥാനത്തുണ്ട്. ഇവിടങ്ങളില്‍നിന്നു ചെയിന്‍സര്‍വേ പാസായവരെ തൊഴില്‍രഹിതരാക്കിയാണ് സര്‍ക്കാര്‍ അന്നു നിയമനം നടത്തിയത്. 1996-ല്‍ നിയമം ഭേദഗതി ചെയ്യുമ്പോള്‍ ചെയിന്‍സര്‍വേ പാസായവര്‍ ഇല്ലെന്നായിരുന്നു വാദം. എന്നാല്‍, 1985-95 കാലയളവില്‍ സംസ്‌ഥാനത്ത് 10,497 പേര്‍ ചെയിന്‍സര്‍വേ പാസായിട്ടുണ്ടെന്നു വിവരാവകാശ നിയമപ്രകാരം അറിയാന്‍ കഴിഞ്ഞു. നിയമഭേദഗതിക്കായി സര്‍ക്കാര്‍ അന്നത്തെ സര്‍വേ ഡയറക്‌ടറുടെ അഭിപ്രായം തേടിയിരുന്നു. ചെയിന്‍സര്‍വേ കോഴ്‌സ് പാസായവര്‍ ആവശ്യത്തിനുണ്ടെന്നാണു ഡയറക്‌ടര്‍ 1996 മാര്‍ച്ച് 25-നു റിപ്പോര്‍ട്ട് നല്‍കിയത്. ചെയിന്‍സര്‍വേ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ നിയമിച്ചശേഷം പരിശീലനം നല്‍കിയാല്‍ സര്‍ക്കാരിനു ലക്ഷങ്ങള്‍ നഷ്‌ടം വരുമെന്നും യോഗ്യതയുള്ളവര്‍ക്കു തൊഴില്‍ നഷ്‌ടമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ട് മറികടന്നായിരുന്നു നിയമഭേദഗതി. കഴിഞ്ഞ 14 വര്‍ഷമായി റവന്യൂവകുപ്പില്‍ ചെയിന്‍സര്‍വേ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ നിയമിക്കുന്നതിനാല്‍ വകുപ്പില്‍ കാര്യക്ഷമത കുറഞ്ഞതായും ആക്ഷേപമുണ്ട്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ഭൂമി കൈയേറ്റമുണ്ടായ പ്രദേശങ്ങളില്‍ പലയിടത്തും വില്ലേജ് അസിസ്‌റ്റന്റ്, ഓഫീസര്‍മാരായി ചെയിന്‍സര്‍വേ പാസാകാത്തവരാണു പ്രവര്‍ത്തിച്ചിരുന്നത്. നേരിട്ടു നിയമനം ലഭിക്കുന്നവര്‍ക്ക് കേവലം 24 ദിവസത്തെ പരിശീലനമാണു ചെയിന്‍സര്‍വേയില്‍ ലഭിക്കുന്നത്. നിയമിച്ച് മൂന്നുവര്‍ഷത്തിനുള്ളിലാണു പരിശീലനത്തിന് അയയ്‌ക്കുന്നത്. പലരും പാസാകാറുമില്ല. അതുകൊണ്ടുതന്നെ മിക്ക വില്ലേജ് ഓഫീസുകളിലും ചെയിന്‍സര്‍വേ പാസാകാത്തവരാണുള്ളത്. റവന്യൂവകുപ്പില്‍ ത്രൈമാസ ചെയിന്‍സര്‍വേ കോഴ്‌സ് പാസായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു പട്ടിക തയാറാക്കിയേ ഭാവിനിയമനം നടത്താവൂ എന്ന് 1995-ല്‍ നിഷ്‌കര്‍ശിച്ചിരുന്നു. റവന്യൂമന്ത്രി കെ.എം. മാണി ചെയിന്‍സര്‍വേ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ് അസോസിയേഷന് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നു വന്ന എല്‍.ഡി.എഫ്. സര്‍ക്കാരാണു സര്‍വേ ഡയറക്‌ടറുടെ റിപ്പോര്‍ട്ട് വകവയ്‌ക്കാതെ നിയമഭേദഗതി നടത്തി നിയമനം നടത്തിയത്. നിയമഭേദഗതിക്കു മുമ്പ് ചെയിന്‍സര്‍വേ കോഴ്‌സ് പാസായവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത്തരം നീക്കമില്ലെന്നാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അടുത്ത ആഴ്‌ചതന്നെ നിയമം ഭേദഗതി ചെയ്‌തു. 15 വര്‍ഷത്തിനു ശേഷവും എല്‍.ഡി. ക്ലര്‍ക്ക് റാങ്ക് ലിസ്‌റ്റില്‍നിന്ന്, യോഗ്യത ഇല്ലാത്തവരെ നിയമിക്കാനാണു നീക്കം. -പി.എം.എ. ലത്തീഫ് (mangalam) ================================================= |
Tuesday, January 4, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment